ഓപ്പറേഷന്‍ നുംകൂര്‍; ദുല്‍ഖറിന്റെ രണ്ട് വാഹനങ്ങളും കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നിന്ന് 11 വാഹനങ്ങളും പിടിച്ചെടുത്ത് കസ്റ്റംസ്
Kerala
ഓപ്പറേഷന്‍ നുംകൂര്‍; ദുല്‍ഖറിന്റെ രണ്ട് വാഹനങ്ങളും കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നിന്ന് 11 വാഹനങ്ങളും പിടിച്ചെടുത്ത് കസ്റ്റംസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 23rd September 2025, 2:46 pm

കൊച്ചി: ഭൂട്ടാനിൽ നിന്നും ഇന്ത്യയിലേക്ക് വാഹനം എത്തിക്കുന്നവരെ കണ്ടുപിടിക്കാനായുള്ള ഓപ്പറേഷൻ നുംകൂറിന്റെ ഭാഗമായി കേരളത്തിൽ നടത്തിയ പരിശോധനയിൽ നടൻ ദുൽഖർ സൽമാന്റെ രണ്ട് വാഹനങ്ങൾ പിടിച്ചെടുത്തു. ദുൽഖർ സൽമാന്റെ കാറുകൾ പിടിച്ചെടുത്തത് കൂടാതെ കൂടുതൽ വാഹനങ്ങൾ ഉണ്ടെങ്കിൽ ഹാജരാക്കാനും കസ്റ്റംസ് അറിയിച്ചു. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ഏഴ് ഇടങ്ങളിൽ നിന്നും 11 വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.

പിടിച്ചെടുത്ത വാഹനങ്ങൾ കരിപ്പൂർ വിമാനത്തവാളത്തിലെ കസ്റ്റംസ് ഓഫീസിലേക്ക് എത്തിക്കും. ഓപ്പറേഷൻ നുംകൂറിന്റെ ഭാഗമായി കോഴിക്കോട്, മലപ്പുറം, എറണാകുളം, തിരുവനന്തപുരം ജില്ലകളിലാണ് പരിശോധന.

ഇന്ന് രാജ്യവ്യാപകമായി നടക്കുന്ന ഈ പരിശോധനയുടെ ഭാഗമായാണ് നടന്മാരുടെ വീട്ടില്‍ കസ്റ്റംസ് എത്തിയത്. നടൻ പൃഥ്വിരാജിന്റെയും വീട്ടിലും കസ്റ്റംസ് പരിശോധന നടത്തി. പൃഥ്വിരാജിന്റെ തിരുവനന്തപുരത്തെ വീട്ടിൽ എത്തിയെങ്കിലും വാഹനങ്ങളൊന്നും കാണാനാകാതെ കസ്റ്റംസ് മടങ്ങി.

ഭൂട്ടാനില്‍ നിന്ന് വാഹനകടത്ത് നടത്തിയെന്ന പരാതിയെ തുടര്‍ന്നാണ് താരങ്ങളുടെ വീട്ടില്‍ പരിശോധന നടത്തുന്നത്. നടന്‍ അമിത് ചക്കാലക്കലിന്റെ വീട്ടിലും കസ്റ്റംസ് പരിശോധനയുണ്ടെന്നാണ് വിവരം.

ദുല്‍ഖറിന്റെ എളകുളം, പനമ്പള്ളിയിലെ വീട്ടിലും പൃഥ്വിരാജിന്റെ തേവരയിലെ വീട്ടിലുമാണ് കസ്റ്റംസിന്റെ പരിശോധന. കേരളത്തിലെ 5 ജില്ലകളില്‍ 30 ഇടങ്ങളിലായാണ് പരിശോധന നടക്കുന്നതെന്നാണ് വിവരം.

നിയമവിരുദ്ധമായി കടത്തിക്കൊണ്ടുവന്ന വാഹനങ്ങൾ വ്യവസായികളും സിനിമ താരങ്ങളും സാങ്കേതിക പ്രവർത്തകരും വാങ്ങിയിട്ടുണ്ടെന്ന വിവരം കസ്റ്റംസിന് നേരത്തെ ലഭിച്ചിരുന്നു.

Content Highlight: Operation Numkoor; Customs seizes two vehicles belonging to Dulquer and 11 vehicles from Kozhikode and Malappuram districts