കോടതി നിർദേശം; ദുൽഖറിന്റെ ഡിഫൻഡർ വിട്ടുനൽകാൻ കസ്റ്റംസ്
Kerala
കോടതി നിർദേശം; ദുൽഖറിന്റെ ഡിഫൻഡർ വിട്ടുനൽകാൻ കസ്റ്റംസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 17th October 2025, 9:21 am

കൊച്ചി: ഓപ്പറേഷൻ നുംഖോറിന്റെ ഭാഗമായി പിടിച്ചെടുത്ത നടൻ ദുൽഖർ സൽമാന്റെ വാഹനമായ ലാൻഡ് റോവർ ഡിഫൻഡർ വിട്ടു നൽകുമെന്ന് കസ്റ്റംസ്. കസ്റ്റംസ് അഡിഷണൽ കമ്മറ്റിയുടേതാണ് തീരുമാനം.

കസ്റ്റംസ് നിയമത്തിലെ സെക്ഷൻ 110 പ്രകാരം അന്വേഷണപരിധിയിലുള്ള വാഹനങ്ങൾ ഉടമകൾക്ക് വിട്ടുനൽകാമെന്നും വാഹനം വിട്ടു നല്കുന്നില്ലെങ്കിൽ അതിന്റെ കാരണം രേഖാമൂലം അറിയിക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചതിനു പിന്നാലെയാണ് കസ്റ്റംസ് ഡിഫൻഡർ വാഹനം വിട്ടു നൽകുന്നത്.

വാഹനം അന്വേഷണ പരിധിയിലായതിനാൽ നിബന്ധനകൾ ഏർപ്പെടുത്തിയാണ് വിട്ടുനൽകുകയെന്നും കസ്റ്റംസ് പറഞ്ഞു. ബാങ്ക് ഗ്യാരണ്ടിയിലാണ് വാഹനം വിട്ടു നൽകുകയെന്നും കസ്റ്റംസ് അറിയിച്ചു.

ഭൂട്ടാൻ വാഹനക്കടത്തുമായി ബന്ധപ്പെട്ട് രാജ്യവ്യാപകമായി നടന്ന റെയ്ഡിലായിരുന്നു ദുൽഖറിന്റെ വാഹനങ്ങൾ കസ്റ്റംസ് പിടിച്ചെടുത്തത്. ലാൻഡ് റോവർ ഡിഫൻഡർ, നിസാൻ പട്രോൾ എന്നീ വാഹനങ്ങളായിരുന്നു പിടിച്ചെടുത്തത്.

ഡിഫൻഡർ വാഹനം വിട്ടുനൽകണമെന്നാവശ്യപ്പെട്ട് ദുൽഖർ കോടതിയെ സമീപിച്ചിരുന്നു ഇതിനുപിന്നാലെ ദുൽഖറിനെതിരെ ഹൈകോടതിയിൽ കസ്റ്റംസ് ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരുന്നു.

എന്നാൽ ദുൽഖറിന്റെ ആവശ്യം കസ്റ്റംസിന്റെ ജോയിന്റ് കമ്മീഷണർ പരിഗണിക്കണമെന്ന് കോടതി അറിയിച്ചിരുന്നു. അന്വേഷണ സംഘത്തിന്റെ വാദം കൂടി പരിഗണിച്ച് അഡ്ജ്യുഡിക്കേറ്റിങ് അതോറിറ്റി തീരുമാനം എടുക്കണമെന്നും കോടതി പറഞ്ഞിരുന്നു.

Content Highlight: Operation Numkhor: Customs says it will release Dulquer’s Defender