ഓപ്പറേഷൻ നുംഖോർ; രണ്ടാം ഘട്ട പരിശോധന ആരംഭിച്ച് കസ്റ്റംസ്
Kerala
ഓപ്പറേഷൻ നുംഖോർ; രണ്ടാം ഘട്ട പരിശോധന ആരംഭിച്ച് കസ്റ്റംസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 28th October 2025, 8:35 am

കൊച്ചി: ഓപ്പറേഷൻ നുംഖോറിൽ രണ്ടാം ഘട്ട പരിശോധന ആരംഭിച്ച് കസ്റ്റംസ്. സംസ്ഥാനത്ത് നിന്നും കടത്തിയ മൂന്ന് വാഹനങ്ങൾ കസ്റ്റംസ് പിടിച്ചെടുത്തു. തമിഴ്‌നാട്ടിലേക്ക് കടത്തിയ രണ്ട് വാഹനങ്ങളും കർണാടകയിലേക്ക് കടത്തിയ ഒരു കാറും കസ്റ്റംസ് പിടിച്ചെടുത്തതായാണ് വിവരം. നിലവിൽ 45 വാഹനങ്ങളാണ് ഓപ്പറേഷൻ നുംഖോറിന്റെ ഭാഗമായി കസ്റ്റംസ് പിടിച്ചെടുത്തത്.

ഭൂട്ടാൻ റോയൽ ആർമിയുടെ വാഹനങ്ങൾ കുറഞ്ഞ വിലയ്ക്ക് വാങ്ങുകയും അതിർത്തി വഴി കേരളത്തിലേക്ക് എത്തിക്കുകയും കൂടിയ വിലയ്ക്ക് വില്പന നടത്തുകയും ചെയ്‌തെന്നായിരുന്നു കസ്റ്റംസിന്റെ കണ്ടെത്തൽ. നികുതി അടക്കാതെയാണ് വാഹനങ്ങൾ വില്പന നടത്തിയിരിക്കുന്നതെന്നും നേരത്തെ കസ്റ്റംസ് പറഞ്ഞിരുന്നു.

നടൻ ദുൽഖർ സൽമാന്റെ വാഹനങ്ങൾ അടക്കം നേരത്തെ കസ്റ്റംസ് പിടിച്ചെടുത്തിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇപ്പോൾ രണ്ടാം ഘട്ട പരിശോധനയെന്നാണ് വിവരം.

ഭൂട്ടാൻ വാഹനക്കടത്തുമായി ബന്ധപ്പെട്ട് രാജ്യവ്യാപകമായി നടന്ന റെയ്ഡിലായിരുന്നു ദുൽഖറിന്റെ വാഹനങ്ങൾ കസ്റ്റംസ് പിടിച്ചെടുത്തത്. ലാൻഡ് റോവർ ഡിഫൻഡർ, നിസാൻ പട്രോൾ എന്നീ വാഹനങ്ങളായിരുന്നു പിടിച്ചെടുത്തത്.

ഇതിനുശേഷം ഡിഫൻഡർ വാഹനം വിട്ടുനൽകണമെന്നാവശ്യപ്പെട്ട് ദുൽഖർ കോടതിയെ സമീപിച്ചിരുന്നു. പിന്നാലെ ദുൽഖറിനെതിരെ ഹൈകോടതിയിൽ കസ്റ്റംസ് ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരുന്നു.

എന്നാൽ കസ്റ്റംസ് നിയമത്തിലെ സെക്ഷൻ 110 പ്രകാരം അന്വേഷണപരിധിയിലുള്ള വാഹനങ്ങൾ ഉടമകൾക്ക് വിട്ടുനൽകാമെന്നും വാഹനം വിട്ടു നല്കുന്നില്ലെങ്കിൽ അതിന്റെ കാരണം രേഖാമൂലം അറിയിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചതിന് പിന്നാലെ കസ്റ്റംസ് നടന്റെ ഡിഫൻഡർ വാഹനം വിട്ടു നൽകിയിരുന്നു.

Content Highlight: Operation Numkhor; Customs begins second phase of inspection