മതത്തിന്റെ മറവില്‍ ചൂഷണം, ഉത്തരാഖണ്ഡില്‍ 82 ബാബാമാര്‍ കൂടി അറസ്റ്റില്‍
India
മതത്തിന്റെ മറവില്‍ ചൂഷണം, ഉത്തരാഖണ്ഡില്‍ 82 ബാബാമാര്‍ കൂടി അറസ്റ്റില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 14th July 2025, 12:44 pm

ഡെറാഡൂണ്‍: മതത്തിന്റെ മറവില്‍ പൊതുജനവിശ്വാസം ചൂഷണം ചെയ്യുന്ന വ്യാജ സന്യാസിമാരെ പിടികൂടുന്നതിനായി, ഉത്തരാഖണ്ഡ് സര്‍ക്കാര്‍ ആരംഭിച്ച ഓപറേഷന്‍ കലാനേമില്‍ 34 പേരെ കൂടി അറസ്റ്റ് ചെയ്തു. ഇതോടെ ഡെറാഡൂണില്‍ 82 വ്യാജ ബാബമാര്‍ അറസ്റ്റിലായെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

പൊതുജനവിശ്വാസം ചൂഷണം ചെയ്യുന്നവര്‍ക്കെതിരെ കര്‍ശനമായ നടപടി വേണമെന്ന ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയുടെ നിര്‍ദേശത്തെ തുര്‍ന്നാണ് ഈ നീക്കമെന്ന് ഡെറാഡൂണ്‍ സീനിയര്‍ പൊലീസ് സൂപ്രണ്ട് (എസ്.എസ്.പി) അജയ് സിങ് വ്യക്തമാക്കി.

ഇവരെ പിടികൂടുന്നതിനായി ഒന്നിലധികം ടീമുകളെ രൂപികരിച്ചിട്ടുണ്ടെന്നും ജനങ്ങളുടെ വികാരങ്ങള്‍ ഉപയോഗിച്ച് കളിക്കുന്ന ഇത്തരം വഞ്ചകരെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ച് വരികയാണെന്നും സിങ് വ്യക്തമാക്കി. ഞായറാഴ്ച്ച അറസ്റ്റിലായ 34പേരില്‍ 23പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണെന്നും സിങ് കൂട്ടിച്ചേര്‍ത്തു.

അറസ്റ്റിലായവര്‍ക്കെതിരെ ഭാരതീയ ന്യായ സംഹിതയുടെ (ബി.എന്‍.എസ്) വകുപ്പുകള്‍ പ്രകാരം നിയമനടപടി സ്വീകരിച്ചുവരികയാണെന്നും എസ്.എസ്.പി പറഞ്ഞു. അറസ്റ്റിലായവരില്‍ ഒരു ബംഗ്ലാദേശി പൗരന്‍ റുക്ന്‍ രകം എന്ന ഷാ ആലം ഉള്‍പ്പെടുന്നു. ഇയാളെ വെള്ളിയാഴ്ച ഡെറാഡൂണ്‍ ജില്ലയിലെ സഹസ്പൂര്‍ പ്രദേശത്ത് നിന്നാണ് പിടികൂടിയത്.

ചാര്‍ ധാം യാത്രയും കന്‍വര്‍ യാത്രയും നടന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍, ഇത്തരം വ്യാജ ബാബകള്‍ കൂടുതല്‍ സജീവമാകുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിനാല്‍ പ്രചാരണം തുടരുമെന്ന് അജയ് സിങ് വ്യക്തമാക്കി.

Content Highlight: Operation Kalanemi; 82 fake Babas arrested in Dehradun