ഓപ്പറേഷൻ ബ്ലൂസ്റ്റാർ തെറ്റായിരുന്നു; ഇന്ദിരഗാന്ധി സ്വന്തം ജീവൻ പണയപ്പെടുത്തി: പി. ചിദംബരം
India
ഓപ്പറേഷൻ ബ്ലൂസ്റ്റാർ തെറ്റായിരുന്നു; ഇന്ദിരഗാന്ധി സ്വന്തം ജീവൻ പണയപ്പെടുത്തി: പി. ചിദംബരം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 12th October 2025, 1:43 pm

ന്യൂദൽഹി: അമൃത്സറിലെ സുവർണ ക്ഷേത്രത്തിൽ തീവ്രവാദികളെ നേരിടാൻ 1984 ൽ ഇന്ദിര ഗാന്ധിയുടെ നിർദേശ പ്രകാരം നടത്തിയ ഓപ്പറേഷൻ ബ്ലൂ സ്റ്റാർ ഒരു തെറ്റായ മാർഗമായിരുന്നെന്ന് മുൻ കേന്ദ്രമന്ത്രി പി.ചിദംബരം.

ആ തെറ്റിന് ഇന്ദിര ഗാന്ധി സ്വന്തം ജീവൻ പണയപ്പെടുത്തിയെന്നും എന്നാൽ ആ തീരുമാനത്തിന് അവരെ മാത്രം കുറ്റപ്പെടുത്താൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

സൈന്യം, പൊലീസ്, ഇന്റലിജൻസ്, സിവിൽ സർവീസ് ഉൾപ്പെടെയുള്ളവരുടെ തീരുമാനമായിരുന്നിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഹിമാചൽപ്രദേശിലെ കസോളിൽ നടന്ന ഖുശ്വന്ത്‌ സിങ് സാഹിത്യോത്സവത്തിൽ ശനിയാഴ്ച പത്രപ്രവർത്തകൻ ഹരീന്ദർ ബവേജയുടെ ‘ദേ വിൽ ഷൂട്ട് യു മാഡം’ എന്ന പുസ്തകത്തെ കുറിച്ചുള്ള ചർച്ച മോഡറേറ്റ് ചെയ്യുന്നതിനിടെയാണ് മന്ത്രി ഈ പരാമർശം നടത്തിയത്.

‘ഇവിടെ ഉണ്ടായിരുന്ന ഒരു സർവീസ് ഉദ്യോഗസ്ഥരോടും അനാദരവ് കാണിച്ചിട്ടില്ല. പക്ഷേ സുവർണ ക്ഷേത്രം വീണ്ടെടുക്കാനും തീവ്രവാദികളെ പിടികൂടാനും ഓപ്പറേഷൻ ബ്ലൂ സ്റ്റാർ തെറ്റായ മാർഗമായിരുന്നു. ആ തെറ്റിന് ഇന്ദിര ഗാന്ധി സ്വന്തം ജീവൻ പണയപ്പെടുത്തി. സൈന്യത്തിന്റെയും പൊലീസിന്റെയും ഇന്റലിജൻസിന്റെയും സിവിൽ സർവീസിന്റെയും ഒരുമിച്ചുള്ള തീരുമാനമായിരുന്നു ഇത്. ഇന്ദിര ഗാന്ധിയെ മാത്രം കുറ്റപ്പെടുത്തതാണ് കഴിയില്ല,’ പി. ചിദംബരം പറഞ്ഞു.

1984 ൽ പഞ്ചാബിൽ തീവ്ര മത പ്രഭാഷകനായ ജർണൈൽ സിങ് ഭിന്ദ്രൻ വാലയുടെ നേതൃത്വത്തിൽ നടന്ന വിഘടനവാദ പ്രസ്ഥാനത്തെ അടിച്ചമർത്താൻ സുവർണ ക്ഷേത്രത്തിൽ ഇന്ദിര ഗാന്ധി സർക്കാർ നടത്തിയ സൈനിക നടപടിയാണ് ഓപ്പറേഷൻ ബ്ലൂ സ്റ്റാർ.

20,000ത്തോളം സിഖ് പൗരന്മാരാണ് ഓപ്പറേഷൻ ബ്ലൂ സ്റ്റാറിനെ തുടർന്നുണ്ടായ സംഘർഷത്തിൽ കൊല്ലപ്പെട്ടിരുന്നത്.

ഓപ്പറേഷൻ കഴിഞ്ഞ് മാസങ്ങൾക്ക് ശേഷം ഇന്ദിരാഗാന്ധിയെ സിഖ് അംഗരക്ഷകർ വധിക്കുകയും തുടർന്നുണ്ടായ സംഘർഷങ്ങളിൽ സിഖ് സമൂഹത്തിനെതിരെ വ്യാപകമായ ആക്രമണങ്ങളുണ്ടാവുകയും ചെയ്തിരുന്നു.

Content Highlight: Operation Bluestar was a mistake; Indira Gandhi risked her own life; P. Chidambaram