ഉമ്മന്‍ചാണ്ടിക്ക് ശരിയായ ചികിത്സ ലഭിക്കുന്നില്ലെന്ന് ബന്ധുക്കള്‍; മുഖ്യമന്ത്രിക്ക് പരാതി നല്‍കി
keralanews
ഉമ്മന്‍ചാണ്ടിക്ക് ശരിയായ ചികിത്സ ലഭിക്കുന്നില്ലെന്ന് ബന്ധുക്കള്‍; മുഖ്യമന്ത്രിക്ക് പരാതി നല്‍കി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 6th February 2023, 10:59 am

തിരുവന്തപുരം: ഉമ്മന്‍ ചാണ്ടിക്ക് ചികിത്സ നിഷേധിക്കപ്പെടുന്നുവെന്നും ആരോഗ്യനില ഓരോ നിമിഷം കൂടുംതോറും വഷളാവുകയാണെന്നും ആരോപിച്ച് അദ്ദേഹത്തിന്റെ ബന്ധുക്കള്‍ മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നല്‍കി.

മുന്‍ മുഖ്യമന്ത്രിക്ക് ഏറ്റവും മികച്ച ചികിത്സ നല്‍കുന്നതില്‍ അടിയന്തര ഇടപെടല്‍ ഉണ്ടാകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അദ്ദേഹത്തിന്റെ 42 അടുത്ത ബന്ധുക്കള്‍ ചേര്‍ന്നാണ് പിണറായി വിജയന് നിവേദനം നല്‍കിയത്.

തിരുവനന്തപുരത്തെ വസതിയില്‍ ഉമ്മന്‍ ചാണ്ടിയെ സന്ദര്‍ശിക്കാന്‍ അദ്ദേഹത്തിന്റെ സ്വന്തം സഹോദരങ്ങള്‍ക്കും മറ്റ് അടുത്ത ബന്ധുക്കള്‍ക്കും അനുമതി നിഷേധിച്ചതിനെ തുടര്‍ന്നാണ് പിണറായിയെ സമീപിക്കാന്‍ ബന്ധുക്കള്‍ നിര്‍ബന്ധിതരായത്.

ഉമ്മന്‍ ചാണ്ടിക്ക് അടിയന്തര ചികിത്സ ആവശ്യമാണെന്നും ഓരോ നിമിഷവും വിലപ്പെട്ടതാണെന്നും ബന്ധുക്കള്‍ പിണറായിക്കും ആരോഗ്യമന്ത്രി വീണാ ജോര്‍ജിനും അയച്ച കത്തില്‍ പറഞ്ഞു. മുന്‍ മുഖ്യമന്ത്രിയുടെ ഇളയ സഹോദരന്‍ അലക്സ്.വി. ചാണ്ടി ഉള്‍പ്പെടെയുള്ളവരാണ് കത്തില്‍ ഒപ്പിട്ടിരിക്കുന്നത്.

പരിചയ സമ്പന്നനും മുന്‍മുഖ്യ മന്ത്രിയുമായ ഉമ്മന്‍ ചാണ്ടിയെ പോലൊരു വ്യക്തിക്ക് ശരിയായ ചികിത്സ നല്‍കാത്തത് അപമാനകരമാണെന്നാണ് കുറിപ്പില്‍ പറയുന്നത്. ജനുവരിയില്‍ ബംഗളൂരുവില്‍ നിന്ന് തിരുവനന്തപുരത്ത് തിരിച്ചെത്തിയതിന് ശേഷം ഉമ്മന്‍ ചാണ്ടിക്ക് തുടര്‍ചികിത്സ നല്‍കിയിട്ടില്ലെന്ന് കത്തില്‍ ആരോപിക്കുന്നു. തുടര്‍ചികിത്സ ശിപാര്‍ശ ചെയ്യാന്‍ വിദഗ്ധരടങ്ങുന്ന മെഡിക്കല്‍ സംഘത്തെ രൂപീകരിക്കണമെന്നാണ് ബന്ധുക്കള്‍ മുഖ്യമന്ത്രിക്ക് നല്‍കിയ കത്തില്‍ ആവശ്യപ്പെടുന്നത്.

എന്നാല്‍ കഴിഞ്ഞ ദിവസം തന്റെ ചികിത്സയുമായി ബന്ധപ്പെട്ട് വരുന്ന വാര്‍ത്തകള്‍ വസ്തുതാവിരുദ്ധവും തെറ്റിദ്ധാരണയുണ്ടാകുന്നതാണെന്നും ഉമ്മന്‍ ചാണ്ടി പ്രതികരിച്ചിരുന്നു. മരുന്ന് കഴിക്കുന്നതിന്റെ ക്ഷീണം തന്റെ ശരീരത്തെ അലട്ടുന്നുണ്ടെന്നും മറിച്ചുള്ള പ്രചരണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം പറഞ്ഞു. ലോകത്തിലെ മികച്ച വൈദ്യശാസ്ത്രത്തിന്റെ നിര്‍ദേശാനുസരണമാണ് തന്റെ ചികിത്സ മുന്നോട്ട് പോകുന്നെന്നും അതുകൊണ്ട് ഇതിന് പിന്നില്‍ അറിഞ്ഞോ, അറിയാതെയോ ഇടപെട്ടിട്ടുള്ളവര്‍ ഇനിയെങ്കിലും ഇത്തരം പ്രചരണങ്ങളില്‍ നിന്നും പിന്തിരിയണമെന്നുമാണ് ഉമ്മന്‍ ചാണ്ടി പറഞ്ഞത്.

ഉമ്മന്‍ചാണ്ടിയുടെ ചികിത്സയുമായി ബന്ധപ്പെട്ട് അടിസ്ഥാന രഹിതമായ വാര്‍ത്തകളാണ് ഓരോ ദിവസവും പുറത്തുവരുന്നതെന്ന് മകന്‍ ചാണ്ടി ഉമ്മനും നേരത്തെ ഫേസ്ബുക്ക് ലൈവിലൂടെ പ്രതികരിച്ചിരുന്നു.

ബെംഗളൂരുവില്‍ അദ്ദേഹത്തിന് ലഭിക്കേണ്ട വിദഗ്ധ ചികിത്സ നിഷേധിക്കുന്നുവെന്ന തരത്തില്‍ ചില വാര്‍ത്തകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നിരുന്നു. ഇതിനുള്ള പ്രതികരണം എന്ന നിലക്കാണ് ഉമ്മന്‍ ചാണ്ടിയും മകനും പ്രതികരിച്ചിരിക്കുന്നത്.

content highlight: Oommen Chandy’s relatives have submitted a petition to Pinarayi Vijayan alleging that Oommen Chandy is being denied treatment