'സസ്യാഹാരം കഴിക്കുന്നവര്‍ക്ക് മാത്രം ഇരിക്കാം'; ഐ.ഐ.ടി ബോംബെയില്‍ പോസ്റ്റര്‍; വിവേചനമെന്ന് വിദ്യാര്‍ത്ഥികള്‍
national news
'സസ്യാഹാരം കഴിക്കുന്നവര്‍ക്ക് മാത്രം ഇരിക്കാം'; ഐ.ഐ.ടി ബോംബെയില്‍ പോസ്റ്റര്‍; വിവേചനമെന്ന് വിദ്യാര്‍ത്ഥികള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 30th July 2023, 9:45 pm

മുംബൈ: ഐ.ഐ.ടി ബോംബെയില്‍ ഭക്ഷണത്തിന്റെ പേരില്‍ വിവേചനമെന്ന് വിദ്യാര്‍ത്ഥികള്‍. ക്യാമ്പസിലെ ഹോസ്റ്റലുകളില്‍ ഒന്നിന്റെ ക്യാന്റീനിലെ ‘സസ്യാഹാരം മാത്രം കഴിക്കുന്നവര്‍ ഇവിടെ ഇരിക്കുക’ എന്ന പോസ്റ്റര്‍ പതിപ്പിച്ചിട്ടുണ്ടെന്നും തുടര്‍ന്നാണ് വിദ്യാര്‍ത്ഥികള്‍ ഇത്തരം ആരോപണം ഉന്നയിച്ചതെന്നും പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞ ആഴ്ചയാണ് സസ്യഭുക്കുകള്‍ മാത്രം ഇവിടെ ഇരിക്കുക എന്ന പോസ്റ്റര്‍ 12ാം ഹോസ്റ്റലിന്റെ ക്യാന്റിന്റെ ചുമരില്‍ പതിപ്പിച്ചിരിക്കുന്നത്. പോസ്റ്ററിന്റെ ചിത്രം സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിക്കുന്നുണ്ട്.

അതേസമയം പോസ്റ്റര്‍ പതിപ്പിച്ചതാരാണെന്ന് അറിയില്ലെന്ന് ഐ.ഐ.ടിയിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞു. വ്യത്യസ്ത ഭക്ഷണം കഴിക്കുന്നവര്‍ക്ക് വ്യത്യസ്തമായ ഇരിപ്പിടമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിദ്യാര്‍ത്ഥി കൂട്ടായ്മയായ അംബേദ്ക്കര്‍ പെരിയാര്‍ ഫൂലെ സ്റ്റഡി സര്‍ക്കിള്‍ (എ.പി.പി.എസ്.സി) പ്രതിനിതികള്‍ സംഭവത്തെ അപലപിക്കുകയും പോസ്റ്ററുകള്‍ കീറുകയും ചെയ്തു.

‘ആര്‍.ടി.ഐയിലൂടെയും ഇ-മെയിലുകളിലൂടെയും ക്യാമ്പസില്‍ ഭക്ഷണത്തിന്റെ പേരില്‍ വിവേചനമില്ലെന്ന് വെളിപ്പെടുത്തി. എങ്കിലും ചില മെസ് ഏരിയകളില്‍ ചില ആളുകളില്‍ സസ്യഭുക്കുകള്‍ മാത്രം എന്ന് പറയുകയും മറ്റ് വിദ്യാര്‍ത്ഥികളെ അവിടെ നിന്നും മാറി പോകാന്‍ നിര്‍ബന്ധിക്കാറുമുണ്ട്,’ എ.എ.പി.പി.എസ്.സി പറഞ്ഞു.

അതേസമയം സംഭവത്തെത്തുടര്‍ന്ന് ഹോസ്റ്റല്‍ സെക്രട്ടറി എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഇമെയില്‍ അയച്ചിട്ടുണ്ട്.

‘ജൈന ഭഷണം വിതരണത്തിനുള്ള ഒരു കൗണ്ടര്‍ ഹോസ്റ്റല്‍ മെസുകളിലുണ്ട്. എന്നാല്‍ ജൈന ഭക്ഷണം കഴിക്കുന്നവര്‍ക്കായി മാത്രമൊരു ഇരിപ്പിടം നിലവിലില്ല.

ജൈനമതക്കാര്‍ ഇരിക്കുന്ന സ്ഥലമാണെന്ന് പറഞ്ഞ് മാംസാഹാരം കഴിക്കുന്ന ആളുകളെ അവിടെ ഇരിക്കാന്‍ അനുവദിക്കുന്നില്ലെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളുണ്ട്.

ഇത്തരം പെരുമാറ്റങ്ങള്‍ അംഗീകരിക്കില്ല. ഒരു പ്രത്യേക വിഭാഗത്തിന് വേണ്ടി സംവരണം ചെയ്തിരിക്കുന്നു എന്ന് ആരോപിച്ച് മറ്റ് വിദ്യാര്‍ത്ഥികളെ മാറ്റി നിര്‍ത്താന്‍ ഒരു വിദ്യാര്‍ത്ഥിക്കും അവകാശമില്ല.

ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ചാല്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും,’ മെയിലില്‍ പറയുന്നു.

CONTENT HIGHLIGHTS: ‘Only vegetarians can sit’; Poster at IIT Bombay; Discrimination students