ന്യൂദൽഹി: രാജ്യത്തെ അഞ്ച് വയസിന് താഴെയുള്ള കുട്ടികളിൽ പോഷകാഹാരക്കുറവ് രൂക്ഷമാണെന്ന് ഔദ്യോഗിക കണക്കുകൾ. പോഷൻ ട്രാക്കറിൽ രജിസ്റ്റർ ചെയ്ത കുട്ടികളിൽ 37.07 ശതമാനം പേർക്ക് വളർച്ചാ മുരടിപ്പും, 15.93 ശതമാനം പേർക്ക് ഭാരക്കുറവും, 5.46 ശതമാനം പേർക്ക് മെലിച്ചിലും (wasting) ഉള്ളതായി വനിതാ ശിശുവികസന സഹമന്ത്രി സാവിത്രി താക്കൂർ രാജ്യസഭയിൽ അറിയിച്ചു.
ഇന്ത്യയിലെ വനിതാ-ശിശു വികസന മന്ത്രാലയം ആരംഭിച്ച ഒരു മൊബൈൽ അധിഷ്ഠിത ആപ്ലിക്കേഷനാണ് പോഷൻ ട്രാക്കർ. കുട്ടികളിലെ വളർച്ച മുരടിപ്പ്, ക്ഷീണം, ഭാരക്കുറവ് തുടങ്ങിയ പ്രശ്നങ്ങൾ തിരിച്ചറിയാനും പരിഹരിക്കാനും പോഷൻ ട്രാക്കർ സഹായിക്കുന്നു.
കുട്ടിയുടെ ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ ലഭിക്കാതെ വരുമ്പോൾ ഉണ്ടാകുന്ന അവസ്ഥയാണ് പോഷകാഹാരക്കുറവ്. കുട്ടികളുടെ ഉയരത്തിനനുസരിച്ച് ശരീരത്തിന് തടിയില്ലാത്ത അവസ്ഥയാണ് മെലിച്ചിൽ (Wasting). പ്രായത്തിനനുസരിച്ച് ഭാരം ഇല്ലാത്തതിനെ ഭാരക്കുറവ് (Underweight) എന്നും പ്രായത്തിനനുസരിച്ച് ഉയരം കുറയുന്നതിനെ വളർച്ചാ മുരടിപ്പ് (Stunting) എന്നും പറയുന്നു.
ഇന്ത്യയിലെ മൊത്തം സംസ്ഥാനങ്ങളിൽ ഉത്തർപ്രദേശിലാണ് വളർച്ചാ മുരടിപ്പ് ഏറ്റവും കൂടുതൽ രേഖപ്പെടുത്തിയിരിക്കുന്നത്. 48.83 ശതമാനം കുട്ടികൾക്കും ഉത്തർപ്രദേശിൽ വളർച്ച മുരടിപ്പ് ഉള്ളതായി മന്ത്രി പറഞ്ഞു.
ഝാർഖണ്ഡിൽ 43.26 ശതമാനം കുട്ടികളിൽ വളർച്ച മുരടിപ്പ് ഉള്ളതായും മന്ത്രി കൂട്ടിച്ചേർത്തു. ബീഹാറിൽ 42.68 ശതമാനം, മധ്യപ്രാദേശിൽ 42.09 ശതമാനം എന്നിങ്ങനെയാണ് മറ്റ് കണക്കുകൾ.
2025 ജൂൺ മാസത്തെ കണക്കനുസരിച്ച്, ആറ് വയസ് വരെ പ്രായമുള്ള 8.61 കോടി കുട്ടികളാണ് പോഷൻ ട്രാക്കറിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. കഴിഞ്ഞ വർഷം രജിസ്റ്റർ ചെയ്തത് 8.91 കോടി കുട്ടികളായിരുന്നു.
കുട്ടികളിലെ പോഷകാഹാരക്കുറവ് ഇല്ലാതാക്കാൻ അങ്കണവാടികൾ കേന്ദ്രീകരിച്ച് പ്രവർത്തനങ്ങൾ നടത്തുമെന്നും മന്ത്രി പറഞ്ഞു. ഇതിനായി അങ്കണവാടികൾ നവീകരിക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു. ഏകദേശം രണ്ട ലക്ഷം അങ്കണവാടി കേന്ദ്രങ്ങളെ ‘സക്ഷം അങ്കണവാടികളാക്കി’ മാറ്റാൻ പദ്ധതിയുണ്ട്. ആധുനിക അടിസ്ഥാന സൗകര്യങ്ങളും ഡിജിറ്റൽ പഠന ഉപകരണങ്ങളും ഇവിടെ ഒരുക്കും. നിലവിൽ 20 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 88,716 മിനി അങ്കണവാടികൾ നവീകരണത്തിനായി അംഗീകരിച്ചിട്ടുണ്ട്.
അതേസമയം കേരളത്തിൽ പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിനായി തേൻകണം പോലുള്ള പദ്ധതികൾ വനിതാ ശിശു വികസന വകുപ്പ് നടപ്പിലാക്കുന്നുണ്ട്. കൂടാതെ അങ്കണവാടികളിലൂടെ പോഷകബാല്യം പദ്ധതിയുടെ ഭാഗമായി പാലും മുട്ടയും വിതരണം ചെയ്യുന്നുണ്ട്. അങ്കണവാടി നവീകരണ പ്രവർത്തനങ്ങളും സംസ്ഥാനത്ത് സജീവമായി നടക്കുന്നുണ്ട്.
Content Highlight: Only just over a third of India’s youngest and most vulnerable stunted