2025 ഏഷ്യാ കപ്പിനായി ഇന്ത്യ തങ്ങളുടെ പടയൊരുക്കം തുടങ്ങിയിരിക്കുകയാണ്. സൂര്യകുമാര്‍ യാദവിനെ നായകനാക്കിയും ശുഭ്മന്‍ ഗില്ലിനെ സൂര്യയുടെ ഡെപ്യൂട്ടിയായും ചുമതലപ്പെടുത്തിയാണ് ഇന്ത്യ ഏഷ്യ കീഴടക്കാന്‍ ഒരുങ്ങുന്നത്. കിരീടം നിലനിര്‍ത്തുക എന്ന വലിയ ചുമതലയും സൂര്യകുമാര്‍ യാദവിനും സംഘത്തിനുമുണ്ടാകും.
2023 ഏകദിന ലോകകപ്പിന് മുന്നോടിയായി നടന്ന 2023 ഏഷ്യാ കപ്പ് ഒ.ഡി.ഐ ഫോര്‍മാറ്റിലാണ് അരങ്ങേറിയത്. മരതകദ്വീപ് ആതിഥേയത്വം വഹിച്ച ടൂര്‍ണമെന്റിന്റെ കലാശപ്പോരാട്ടത്തില്‍ ആതിഥേയരെ നാണംകെട്ട തോല്‍വിയിലേക്ക് കൂപ്പുകുത്തിച്ചാണ് ഇന്ത്യ കിരീടമണിഞ്ഞത്.
ആറ് വിക്കറ്റുമായി മുഹമ്മദ് സിറാജ് കൊളംബോയില്‍ കൊടുങ്കാറ്റഴിച്ചുവിട്ടപ്പോള്‍ പത്ത് വിക്കറ്റിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.
2023 ഏഷ്യാ കപ്പില്‍ നിന്നും 2025 ഏഷ്യാ കപ്പിലേക്കെത്തുമ്പോള്‍ ഇന്ത്യന്‍ ടീമില്‍ വന്ന മാറ്റങ്ങള്‍ ഏറെ ശ്രദ്ധേയമാണ്. ഫോര്‍മാറ്റിന്റെ മാറ്റം തന്നെയാണ് ഇതിനൊരു പ്രധാന കാരണവും.
2023 ഏഷ്യാ കപ്പ് സ്‌ക്വാഡിലെ മാച്ച് വിന്നര്‍മാരില്‍ മൂന്ന് പേര്‍ ഇപ്പോള്‍ അന്താരാഷ്ട്ര ടി-20 ഫോര്‍മാറ്റിന്റെ ഭാഗമല്ല. 2024 ടി-20 ലോകകപ്പ് വിജയത്തിന് പിന്നാലെ രോഹിത് ശര്‍മയും വിരാട് കോഹ്‌ലിയും രവീന്ദ്ര ജഡേജയും കുട്ടി ക്രിക്കറ്റിനോട് വിടചൊല്ലി. ആര്‍. അശ്വിന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് തന്നെ പിടിയിറങ്ങി.
സൂപ്പര്‍ താരം റിഷബ് പന്തിന് പരിക്ക് മൂലം 2025 ഏഷ്യാ കപ്പ് ടീമില്‍ ഇടം കണ്ടെത്താന്‍ സാധിച്ചിട്ടില്ല. കെ.എല്‍. രാഹുല്‍ നിലവില്‍ ഇന്ത്യയുടെ ടി-20 ചര്‍ച്ചകളിലില്ല. യൂസ്വേന്ദ്ര ചഹല്‍, ഭുവനേശ്വര്‍ കുമാര്‍ തുടങ്ങിയവര്‍ക്ക് ഇന്ത്യന്‍ ടീമിലേക്ക് വിളിയെത്തിയിട്ടും നാളുകളേറെയായി.
വെറും നാല് താരങ്ങള്‍ മാത്രമാണ് ഈ രണ്ട് സ്‌ക്വാഡിലും ഇടം നേടിയത്. ഇന്ത്യയുടെ ടി-20 നായകന്‍ സൂര്യകുമാര്‍ യാദവ്, സ്റ്റാര്‍ ഓള്‍ റൗണ്ടര്‍മാരായ ഹര്‍ദിക് പാണ്ഡ്യ, അക്‌സര്‍ പട്ടേല്‍, സൂപ്പര്‍ പേസര്‍ അര്‍ഷ്ദീപ് സിങ് എന്നിവരാണ് 2023 ഏഷ്യാ കപ്പ് സ്‌ക്വാഡിലെയും 2025 ഏഷ്യാ കപ്പ് സ്‌ക്വാഡിലെയും കോമണ്‍ ഫാക്ടേഴ്‌സ്.
2023 ഏഷ്യാ കപ്പ് സ്‌ക്വാഡ്
രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെ.എല്‍. രാഹുല്‍ (വൈസ് ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ദിനേഷ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), വിരാട് കോഹ്‌ലി, റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്, ആര്‍. അശ്വിന്‍, ദീപക് ഹൂഡ, അക്‌സര്‍ പട്ടേല്‍, ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, യൂസ്വേന്ദ്ര ചഹല്‍, രവി ബിഷ്‌ണോയ്, അര്‍ഷ്ദീപ് സിങ്, ദീപക് ചഹര്‍, ഭുവനേശ്വര്‍ കുമാര്‍, ആവേശ് ഖാന്‍.