ഇംഗ്ലണ്ടുമില്ല ഓസീസുമില്ല ഒരു പ്രോട്ടിയാസുമില്ല; ചരിത്ര നേട്ടത്തിലെ ഏഷ്യന്‍ വിപ്ലവം
T20 world cup
ഇംഗ്ലണ്ടുമില്ല ഓസീസുമില്ല ഒരു പ്രോട്ടിയാസുമില്ല; ചരിത്ര നേട്ടത്തിലെ ഏഷ്യന്‍ വിപ്ലവം
ആദര്‍ശ് എം.കെ.
Saturday, 28th February 2026, 8:56 pm

 

2026 ടി-20 ലോകകപ്പിലെ സൂപ്പര്‍ 8 പോരാട്ടത്തില്‍ പാകിസ്ഥാന്‍ ശ്രീലങ്കയയെ നേരിടുകയാണ്. പല്ലേക്കലെയില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 212 റണ്‍സ് നേടി.

 

സെമി ഫൈനലില്‍ പ്രവേശിക്കാന്‍ വന്‍ വിജയം തന്നെ വേണമെന്ന സാഹചര്യത്തില്‍ അവസരത്തിനൊത്ത് ഉയര്‍ന്ന പാകിസ്ഥാന്‍ ബാറ്റര്‍മാരെയാണ് ആരാധകര്‍ കണ്ടത്. ആദ്യ വിക്കറ്റില്‍ 176 റണ്‍സിന്റെ കൂറ്റന്‍ പാര്‍ട്ണര്‍ഷിപ്പുമായി പാകിസ്ഥാന്‍ പോരാട്ടം തങ്ങളുടെ വരുതിയിലാക്കി.

ഫഖര്‍ സമാന്റെയും സാഹിബ്‌സാദ ഫര്‍ഹാന്റെയും വെടിക്കെട്ടാണ് പല്ലേക്കലെയില്‍ കണ്ടത്. ശ്രീലങ്കന്‍ ബൗളര്‍മാരെ ഒരു ദയവുമില്ലാതെ അടിച്ചൊതുക്കിയാണ് പാക് ബൗളര്‍മാര്‍ സ്‌കോര്‍ ഉയര്‍ത്തിയത്.

ടീം സ്‌കോര്‍ 176ല്‍ നില്‍ക്കവെ ഫഖര്‍ സമാനെ പുറത്താക്കി ദുഷ്മന്ത ചമീരയാണ് കൂട്ടുകെട്ട് പൊളിച്ചത്. പുറത്താകുമ്പോള്‍ 42 പന്തില്‍ 84 റണ്‍സാണ് സമാന്റെ പേരിലുണ്ടായിരുന്നത്.

മത്സരത്തില്‍ 17 റണ്‍സ് പൂര്‍ത്തിയാക്കിയതോടെ ഒരു റെക്കോഡും സാഹിബ്‌സാദ ഫര്‍ഹാന്റെ പേരില്‍ കുറിക്കപ്പെട്ടു. ലോകകപ്പിന്റെ ഒരു എഡിഷനില്‍ 300+ റണ്‍സ് നേടുന്ന താരങ്ങളുടെ എലീറ്റ് ലിസ്റ്റിലേക്കാണ് പാക് ഓപ്പണര്‍ കാലെടുത്ത് വെച്ചത്.

സാഹിബ്‌സാദ ഫര്‍ഹാന്‍

ലോകകപ്പിന്റെ ആദ്യ എഡിഷനായ 2007 മുതല്‍ 2026ല്‍ ഇതുവരെ വെറും ഫര്‍ഹാന്‍ അടക്കം വെറും അഞ്ച് താരങ്ങള്‍ക്ക് മാത്രമാണ് ഈ മാര്‍ക് പിന്നിടാന്‍ സാധിച്ചത്. ഈ അഞ്ച് പേരും ഏഷ്യന്‍ താരങ്ങളാണ് എന്നതാണ് ഇതിലെ മറ്റൊരു പ്രത്യേകത.

ലോകകപ്പിന്റെ ഒരു എഡിഷനില്‍ 300+ റണ്‍സ് നേടുന്ന താരങ്ങള്‍

(താരം – ടീം- വര്‍ഷം എന്നീ ക്രമത്തില്‍)

തിലകരത്‌നെ ദില്‍ഷന്‍ – ശ്രീലങ്ക – 2009

മഹേല ജയവര്‍ധനെ – ശ്രീലങ്ക – 2010

വിരാട് കോഹ്‌ലി – ഇന്ത്യ – 2014

ബാബര്‍ അസം – പാകിസ്ഥാന്‍ – 2021

സാഹിബ്‌സാദ ഫര്‍ഹാന്‍ – പാകിസ്ഥാന്‍ – 2026*

ഇതിനൊപ്പം ഒരു ലോകകപ്പ് എഡിഷനില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന താരമെന്ന വിരാട് കോഹ്‌ലിയുടെ റെക്കോഡും ഫര്‍ഹാന്‍ പഴങ്കഥയാക്കി. 20214ല്‍ വിരാട് നേടിയ 319 റണ്‍സിന്റെ റെക്കോഡാണ് ഇതോടെ പഴങ്കഥയായത്. 383 റണ്‍സാണ് ഈ ലോകകപ്പില്‍ ഫര്‍ഹാന്‍ അടിത്തെടുത്തത്.

മത്സരത്തില്‍ 60 പന്ത് നേരിട്ട് നൂറ് റണ്‍സുമായാണ് ഫര്‍ഹാന്‍ പുറത്തായത്. അഞ്ച് സിക്‌സറും ഒമ്പത് ഫോറും അടങ്ങുന്നതാണ് താരത്തിന്റെ ഇന്നിങ്‌സ്.

ഫര്‍ഹാനും ഫഖര്‍ സമാനും പുറമെ മറ്റൊരു പാക് താരവും ഇരട്ടയക്കം കണ്ടില്ല.

ഒടുവില്‍ 212 എന്ന നിലയില്‍ പാകിസ്ഥാന്‍ ഇന്നിങ്‌സ് അവസാനിപ്പിച്ചു.

ശ്രീലങ്കയ്ക്കായി ദല്‍ഷന്‍ മധുശങ്ക മൂന്ന് വിക്കറ്റും ക്യാപ്റ്റന്‍ ദാസുന്‍ ഷണക രണ്ട് വിക്കറ്റും വീഴ്ത്തി. രണ്ട് താരങ്ങള്‍ റണ്‍ ഔട്ടായപ്പോള്‍ ദുഷ്മന്ത ചമീരയാണ് ശേഷിച്ച വിക്കറ്റെടുത്തത്.

 

 

Content Highlight: Only Asian batters have completed 300+ runs in a single T20 World Cup edition

 

ആദര്‍ശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.