ശബരിമല മേല്‍ശാന്തിയാകാന്‍ ബ്രാഹ്മണരെ മാത്രം പരിഗണിക്കുന്നത് തൊട്ടുകൂടായ്മ; ദേവസ്വം ബോര്‍ഡിനെതിരെയുള്ള ഹരജിയില്‍ ഡോ. മോഹന്‍ ഗോപാല്‍
Kerala News
ശബരിമല മേല്‍ശാന്തിയാകാന്‍ ബ്രാഹ്മണരെ മാത്രം പരിഗണിക്കുന്നത് തൊട്ടുകൂടായ്മ; ദേവസ്വം ബോര്‍ഡിനെതിരെയുള്ള ഹരജിയില്‍ ഡോ. മോഹന്‍ ഗോപാല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 3rd December 2022, 10:49 pm

കൊച്ചി: ശബരിമല-മാളികപ്പുറം ക്ഷേത്രങ്ങളില്‍ മേല്‍ശാന്തിയാകാന്‍ മലയാളി ബ്രാഹ്മണരെ മാത്രം വിളിച്ച ട്രാവന്‍കൂര്‍ ദേവസ്വം ബോര്‍ഡിന്റെ നടപടിക്കെതിരെ ഹരജി. ആര്‍ട്ടിക്കിള്‍ 14, 15(1), 16(2) എന്നിവ വഴി ഭരണഘടന ഉറപ്പുവരുത്തുന്ന മൗലികവകാശങ്ങളുടെ ലംഘനമാണ് ദേവസ്വത്തിന്റെ നടപടിയെന്നാണ് വ്യത്യസ്ത ഹരജികള്‍ ചൂണ്ടിക്കാട്ടുന്നത്.

വെള്ളിയാഴ്ച കേസില്‍ ഹരജിക്കാര്‍ക്ക് വേണ്ടി നാഷണല്‍ ജുഡീഷ്യല്‍ അക്കാദമി മുന്‍ ഡയറക്ടറും പ്രശസ്ത ഗവേഷകനുമായ അഡ്വ. ഡോ. മോഹന്‍ ഗോപാല്‍ ഹാജരായിരുന്നു. മറ്റെല്ലാ യോഗ്യതകളുമുണ്ടായിട്ടും ബ്രാഹ്മണരല്ലാത്തതുകൊണ്ട് മാത്രം തങ്ങള്‍ക്ക് മേല്‍ശാന്തിയാകാന്‍ കഴിയുന്നില്ലെന്നും ഇത് ഭരണഘടനാവിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടി നല്‍കിയ ഹരജിയിലാണ് ഡോ. മോഹന്‍ ഗോപാല്‍ വാദിക്കാനായി എത്തിയിരുന്നത്.

‘പോര്‍ച്ചുഗീസ് ഭാഷയില്‍ നിന്നാണ് കാസ്റ്റ് എന്ന വാക്ക് വരുന്നത്. ശുദ്ധമായവയെ അശുദ്ധമായവയില്‍ നിന്നും വേര്‍തിരിക്കുന്നത് എന്നാണ് ഈ വാക്കിന്റെ അര്‍ത്ഥം. ഹരജിക്കാര്‍ ബ്രാഹ്മണേതര ജാതിയില്‍ ഉള്‍പ്പെടുന്നവരാണ്.

മേല്‍ശാന്തിയുടെ പോസ്റ്റിലേക്ക് അപേക്ഷ സമര്‍പ്പിക്കുന്നതില്‍ നിന്നും എന്തിനാണ് ഇവരെ തടയുന്നത്? ഇത് ഭരണഘടനാനുസൃതമല്ലാത്ത നടപടിയാണ്. തൊട്ടുകൂടായ്മയും അയിത്തവുമാണ് ഇത്. ആര്‍ട്ടിക്കിള്‍ 17 തൊട്ടുകൂടായ്മ നിരോധിക്കുക മാത്രമല്ല, അത് പ്രാക്ടീസ് ചെയ്യുന്നത് ക്രിമിനല്‍ കുറ്റമാക്കുകയും ചെയ്തിട്ടുണ്ട്.

ചില മനുഷ്യര്‍ ജന്മനാ അശുദ്ധരാണെന്ന ചില വിശ്വാസം ഇവിടെയുണ്ട്. ഇത് പ്രകാരം, ‘ബ്രാഹ്മണര്‍’ എന്നതിലൂടെ ജന്മനാ തന്നെ ശുദ്ധത അവകാശപ്പെടാന്‍ കഴിയുന്ന ഒരു വിഭാഗക്കാര്‍ എന്നാണ് അര്‍ത്ഥമാക്കുന്നത്.

അങ്ങനെ ഏതെങ്കിലും മനുഷ്യര്‍ ജന്മനാല്‍ തന്നെ അശുദ്ധരാണെന്ന വാദത്തെ നമുക്ക് അംഗീകരിക്കാന്‍ കഴിയില്ല. അങ്ങനെ അംഗീകരിക്കുകയെന്നാല്‍ ഭരണഘടനയെ ലംഘിക്കുക എന്നാണ് അര്‍ത്ഥം,’ ഡോ. മോഹന്‍ ഗോപാല്‍ പറഞ്ഞതായി ലൈവ് ലോ റിപ്പോര്‍ട്ട് ചെയ്യുന്നു.

ആര്‍ട്ടിക്കിള്‍ 25(2) പ്രകാരം പൊതുക്ഷേത്രങ്ങള്‍ എല്ലാ വിഭാഗം ഹിന്ദുക്കള്‍ക്കുമായി തുറന്നുകൊടുക്കണമെന്ന് നിയമമുണ്ടെന്നും, ഈ തുല്യ അവസരം അമ്പലത്തിലെത്തി പ്രാര്‍ത്ഥിക്കുന്നതിന് മാത്രമല്ല, മറിച്ച് മേല്‍ശാന്തിയാകുന്നതിനുള്ളത് കൂടിയാണെന്നും ഡോ. മോഹന്‍ ഗോപാല്‍ വാദിച്ചു.

ക്ഷേത്ര പ്രവേശനത്തിനുള്ള അവകാശത്തിന്റെ ഭാഗം തന്നെയാണ് മേല്‍ശാന്തിയാകലുമെന്നും അദ്ദേഹം പറഞ്ഞു. ‘മേല്‍ശാന്തിയാകാനുള്ള അവസരം നിഷേധിക്കുമ്പോള്‍ അമ്പലത്തിലെ അതീവ പ്രധാനപ്പെട്ട ആരാധനസ്ഥലങ്ങളിലേക്കുള്ള പ്രവേശനം കൂടിയാണ് നിഷേധിക്കപ്പെടുന്നത്. അനിവാര്യമായ ചില ആചാരാനുഷ്ഠാനങ്ങളുമായി ബന്ധപ്പെട്ട് മതസ്വാതന്ത്ര്യത്തെ നമ്മള്‍ പരിഗണിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ ജനനത്തിന്റെ പേരിലുള്ള വിവേചനങ്ങള്‍ക്കെതിരെ ഭരണഘടന കൃത്യമായ നിലപാടെടുത്തിട്ടുണ്ട്,’ ഡോ. മോഹന്‍ ഗോപാല്‍ വ്യക്തമാക്കി.

എന്‍.ആദിത്യന്‍ v/s ദ ട്രാവന്‍കൂര്‍ ദേവസം ബോര്‍ഡ് കേസിലെ കോടതി വിധിയും ഹരജിക്കാര്‍ ചൂണ്ടിക്കാണിച്ചു. മലയാളി ബ്രാഹ്മണരെയേ ശാന്തിക്കാരായി പരിഗണിക്കാവൂ എന്ന ദേവസ്വം ബോര്‍ഡിന്റെ നിബന്ധന ഈ കേസില്‍ കോടതി റദ്ദ് ചെയ്തിരുന്നു. സുപ്രീം കോടതിയുടെ വിധി ശബരിമല ക്ഷേത്രത്തിനും ബാധകമാണെന്നും ഡോ. മോഹന്‍ ഗോപാല്‍ ചൂണ്ടിക്കാട്ടി.

‘ശബരിമല രാജ്യത്തെ നിയമത്തിനും മുകളിലല്ല. അവിടെ തൊട്ടുകൂടായ്മ പ്രാക്ടീസ് ചെയ്യാന്‍ അനുവദിച്ചുകൂടാ. എല്ലാ ജാതിയിലും വിഭാഗങ്ങളിലും പെട്ടവര്‍ ശബരിമലയിലേക്ക് പോകുന്നുണ്ട്. ക്ഷേത്രങ്ങളെ തൊട്ടുകൂടായ്മ ആചരങ്ങളില്‍ നിന്നും മോചിപ്പിക്കേണ്ടതുണ്ട്,’ അദ്ദേഹം കോടതി മുമ്പാകെ ബോധിപ്പിച്ചു.

അതേസമയം, ഹരജികളില്‍ കോടതി വെള്ളിയാഴ്ച വിധി പറഞ്ഞിട്ടില്ല. ഡിസംബര്‍ 17ലേക്ക് കേസ് മാറ്റിവെച്ചിരിക്കുകയാണ്.

Content Highlight: Only allowing Brahmins to be become Melshanti at Sabarimala is untouchability, says Dr. Mohan Gopal in High Court