അതിഥി തൊഴിലാളികള്‍ക്ക് നല്‍കിയ വാഗ്ദാനവും പാലിക്കാതെ കേന്ദ്ര സര്‍ക്കാര്‍; പ്രധാനമന്ത്രിയുടെ ആത്മനിര്‍ഭര്‍ ഭാരതിലെ പ്രഖ്യാപനങ്ങള്‍ എങ്ങുമെത്തിയില്ലെന്ന് റിപ്പോര്‍ട്ട്
national news
അതിഥി തൊഴിലാളികള്‍ക്ക് നല്‍കിയ വാഗ്ദാനവും പാലിക്കാതെ കേന്ദ്ര സര്‍ക്കാര്‍; പ്രധാനമന്ത്രിയുടെ ആത്മനിര്‍ഭര്‍ ഭാരതിലെ പ്രഖ്യാപനങ്ങള്‍ എങ്ങുമെത്തിയില്ലെന്ന് റിപ്പോര്‍ട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 8th June 2020, 1:52 pm

ന്യൂദല്‍ഹി: മെയ്-ജൂണ്‍ മാസങ്ങളിലായി എട്ട് കോടി അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷ്യ വസ്തുക്കള്‍ എത്തിക്കുമെന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ അവകാശപ്പെട്ടിരുന്നത്. എന്നാല്‍, 20.26 ലക്ഷം
തൊഴിലാളികള്‍ക്ക് മാത്രമേ ഭക്ഷ്യ വസ്തുക്കള്‍ ലഭിച്ചുള്ളു എന്ന് റിപ്പോര്‍ട്ട്. വ്യവഹാര കാര്യ, ഭഷ്യ പൊതു വിതരണ മന്ത്രാലയമാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്രമോദി മെയ് പകുതിയോടെ പ്രഖ്യാപിച്ച 20 ലക്ഷം കോടിയുടെ ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിയില്‍ ഭക്ഷണം ലഭിക്കാത്ത അതിഥി തൊഴിലാളികള്‍ക്ക് രണ്ട് മാസത്തിനുള്ളില്‍ ഭക്ഷ്യ ധാന്യങ്ങള്‍ എത്തിക്കുമെന്ന് അറിയിച്ചിരുന്നു.

‘കാര്‍ഡില്ലാത്തവര്‍ക്ക് അഞ്ച് കിലോ വീതം അരിയോ ഗോതമ്പോ രണ്ട് മാസത്തിനുള്ളില്‍ എത്തിക്കും. ഓരോ കുടുംബത്തിന് ഒരു കിലോ വീതം ചനയും നല്‍കും. എട്ട് കോടി അതിഥി തൊഴിലാളികളെ ഉദ്ദേശിച്ച് 3500 കോടിയാണ് ഇതിനായി നീക്കിവെച്ചിരിക്കുന്നത്’, മോദിയുടെ പ്രഖ്യാപനത്തെ വിശദീകരിച്ച് ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞത് ഇങ്ങനെ.

സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും 4.42 ലക്ഷം മെട്രിക് ടണ്‍ ഭക്ഷ്യധാന്യങ്ങളാണ് ആവശ്യപ്പെട്ടത്. 20.26 ലക്ഷം ഗുണഭോക്താക്കള്‍ക്ക് 10,131 മെട്രിക് ടണ്‍ വസ്തുക്കള്‍ വിതരണം ചെയ്‌തെന്നാണ് പുറത്തുവിട്ട കണക്കില്‍ വ്യക്തമാക്കുന്നത്.

1.96 കോടി അതിഥി തൊഴിലാളി കുടുംബങ്ങള്‍ക്ക് 39,000 മെട്രിക് ടണ്‍ പയര്‍വര്‍ഗ്ഗങ്ങള്‍ വിതരണം ചെയ്യാനാണ് സര്‍ക്കാര്‍ അനുമതി നല്‍കിയത്. ഏകദേശം 28,306 മെട്രിക് ടണ്‍ ധാന്യങ്ങള്‍ സംസ്ഥാനങ്ങളിലേക്കും കേന്ദ്രഭരണ പ്രദേശങ്ങളിലേക്കും അയച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ