ഗസ: ഇസ്രഈൽ ആക്രമണത്തെ തുടർന്ന് ഗസയിലെ ജലക്ഷാമം അതിരൂക്ഷമാണെന്ന് ഗസ മുൻസിപ്പാലിറ്റി വക്താവ് ഹോസ്നി മ്ഹന്ന. ഗസയിലെ ജലസ്രോതസുകൾ, കിണറുകൾ, ഉപ്പുവെള്ളം നീക്കം ചെയ്യുന്നതിനുള്ള പ്ലാന്റുകൾ എന്നിവ നശിപ്പിക്കപ്പെട്ടതിനെ തുടർന്ന് വൻ ജലക്ഷാമമാണെന്ന് ഹോസ്നി മ്ഹന്ന മുന്നറിയിപ്പ് നൽകിയാതായി അൽജസീറ റിപ്പോർട്ട് ചെയ്‌തു.
88 കിണറുകളിൽ 17 എണ്ണം മാത്രമേ ഉപയോഗിക്കാൻ സാധിക്കുകയുള്ളുവെന്നും അതേസമയം കേന്ദ്ര ഡീസലൈനേഷൻ പ്ലാന്റ് പൂർണമായും പ്രവർത്തനരഹിതമാണെന്നും ഹോസ്നി മ്ഹന്ന പറഞ്ഞു.
ഗസയുടെ ദൈനംദിന ആവശ്യമായ 100,000 ക്യൂബിക് മീറ്ററിന്റെ 15% മാത്രമേ നിലവിൽ വിതരണം ചെയ്യുന്നുള്ളുവെന്നും ഹോസ്നി കൂട്ടിച്ചേർത്തു.
പ്രതിദിനം ഏകദേശം 15,000 ക്യൂബിക് മീറ്റർ വെള്ളം വിതരണം ചെയ്യുന്ന ഇസ്രഈലി മെക്കോറോട്ട് പൈപ്പ് ലൈനിനെയാണ് താമസക്കാർ ആശ്രയിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ധനത്തിന്റെയും അവശ്യ ഉപകരണങ്ങളുടെയും അഭാവമാണ് ഗസയിലെ ജലവിതരണ സംവിധാനങ്ങൾ നന്നാക്കുന്നതിനുള്ള പ്രധാനതടസങ്ങളിലൊന്നെന്നും ഏകദേശം 260,000 ടൺ മാലിന്യങ്ങൾ ഗസയിൽ അടിഞ്ഞുകൂടിയിട്ടുണ്ടെന്നും ഹോസ്നി പറഞ്ഞു. ഗസ പാരിസ്ഥിതിക പ്രതിസന്ധി നേരിടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഫീനിക്സ് ഗസ എന്ന പേരിൽ ഒരു സമഗ്ര പുനർനിർമാണ പദ്ധതി വികസിപ്പിച്ചെന്നും അടിയന്തര ശുചീകരണ കാമ്പെയ്‌നുകളും അറ്റകുറ്റപ്പണികൾ ആരംഭിച്ചെന്നുമാണ് റിപ്പോർട്ടുകൾ.
മുൻസിപ്പാലിറ്റി ഇതുവരെ 400 തെരുവുകൾ വൃത്തിയാക്കുകയും 50,000 ടൺ അവശിഷ്ടങ്ങൾ നീക്കം ചെയ്‌തെന്നും ഹോസ്നി മ്ഹന്ന പറഞ്ഞു. അതേസമയം ഇതിനായി അന്താരാഷ്ട്ര പിന്തുണ വേണമെന്നും മ്ഹന്ന കൂട്ടിച്ചേർത്തു.
മുനിസിപ്പാലിറ്റിക്ക് 134 വാഹനങ്ങളും, നിരവധി യന്ത്രങ്ങളും നഷ്ടപ്പെട്ടുവെന്നും ബുൾഡോസർ, കോംപാക്റ്റർ ട്രക്കുകൾ, ജനറേറ്ററുകൾ, പനമ്പുകൾ, ഇന്ധനം എന്നിവ അടിയന്തരമായി ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
2023 ഒക്ടോബറിൽ യുദ്ധം ആരംഭിക്കുന്നതിന് മുമ്പുതന്നെ, ഇസ്രഈലി ഉപരോധം കാരണം ഗാസയിലെ ഭൂരിഭാഗം വെള്ളവും കുടിക്കാൻ പറ്റാത്തതായിരുന്നെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.
ജനസംഖ്യയുടെ 10% പേർക്ക് മാത്രമേ ശുദ്ധവും സുരക്ഷിതവുമായ കുടിവെള്ളം ലഭ്യമാകുന്നുള്ളുവെന്ന് യൂണിസെഫിന്റെ റിപ്പോർട്ടുകളിൽ പറഞ്ഞിരുന്നു. യുദ്ധകാലത്ത് നിരവധി ആളുകളിൽ നിർജലീകരണം വളരെ കൂടുതലാണെന്ന് ആരോഗ്യപ്രവർത്തകരും പ്രാദേശിക മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു.
Content Highlight: Only 17 wells left; drinking water shortage in Gaza is severe: Gaza Municipality spokesperson