കീടനാശിനികള്‍ കാരണം തൊഴിലാളികള്‍ കൊല്ലപ്പെട്ട് ദിവസങ്ങള്‍ക്കിപ്പുറവും നിരോധിത കീടനാശിനികള്‍ ഓണ്‍ലൈനില്‍ സുലഭം
Agrarian crisis
കീടനാശിനികള്‍ കാരണം തൊഴിലാളികള്‍ കൊല്ലപ്പെട്ട് ദിവസങ്ങള്‍ക്കിപ്പുറവും നിരോധിത കീടനാശിനികള്‍ ഓണ്‍ലൈനില്‍ സുലഭം
ന്യൂസ് ഡെസ്‌ക്
Monday, 4th March 2019, 2:39 pm

 

ജനുവരി 19നാണ് തിരുവല്ല വേങ്ങലയില്‍ പാടശേഖരത്തില്‍ കീടനാശിനി തളിക്കുന്നതിനിടെ രണ്ട് തൊഴിലാളികള്‍ മരിച്ചത്. കാര്‍ഷിക സര്‍വ്വകലാശാല നിര്‍ദേശിച്ചിട്ടുള്ള ലിസ്റ്റില്‍ ഉള്‍പ്പെടാത്ത, സംസ്ഥാനത്ത് ഉപയോഗിക്കാന്‍ പാടില്ലാത്ത മാരക കീടനാശിനിയാണ് ഇവിടെ ഉപയോഗിച്ചതെന്ന് പിന്നീട് കണ്ടെത്തിയിരുന്നു. തിരുവല്ലയില്‍ ഉപയോഗിച്ച കീടനാശിനി പല സ്ഥലത്തും ഉപയോഗിക്കുന്നതായി പിന്നീട് നടന്ന റെയ്ഡില്‍ മനസിലായിരുന്നു. ഇത് എങ്ങനെയാണ് കേരളത്തിലെത്തിയതെന്ന് അറിയില്ലെന്നായിരുന്നു കൃഷി മന്ത്രി വി.എസ് സുനില്‍കുമാര്‍ അന്ന് പറഞ്ഞത്.

നിരോധിത കീടനാശിനികള്‍ ഓണ്‍ലൈന്‍ സൈറ്റുകളില്‍ സുലഭമാണെന്നും ഇതുവഴിയാണ് ഇവ കേരളത്തിലെത്തുന്നതെന്നുമാണ് കീടനാശിനി വില്‍പ്പനക്കാരുടെ സംഘടനയായ അഗ്രോ ഇന്‍പുട്ട് ഡീലേഴ്‌സ് അസോസിയേഷന്‍ പറയുന്നത്. ആമസോണ്‍ അടക്കമുള്ള മുന്‍നിര ഓണ്‍ലൈന്‍ വില്‍പ്പന ശൃംഖലയിലൂടെ ഇത്തരം കീടനാശിനികള്‍ കര്‍ഷകരിലേക്കെത്തുന്നുവെന്നാണ് എ.ഐ.ഡി.എ.കെ പറയുന്നത്.

കേരളത്തില്‍ മാത്രം നിരോധിച്ചിട്ടുള്ള 14 ഇനത്തിലുള്ള കീടനാശിനികളും വില്‍പ്പന നിയന്ത്രണമുള്ള 7 കീടനാശിനികളുമാണ് ഓണ്‍ലൈന്‍ വഴി വില്‍ക്കുന്നത്. മോണോക്രോട്ടോഹോസ്, കുരുഡാന്‍ എന്ന പേരിലറിയപ്പെടുന്ന കാര്‍ബോബുറാന്‍ ത്രീ ജി, തൈവറ്റ്, ഫോറേറ്റ്, കളനാശിനിയായ പാരക്കോട്ട് തുടങ്ങിയ കീടനാശിനികളാണ് ഓണ്‍ലൈന്‍ സൈറ്റുകളില്‍ ലഭ്യമാകുന്നത്.

സംസ്ഥാനത്ത് ഇത്തരം കീടനാശിനികള്‍ വില്‍ക്കുന്ന കടകള്‍ക്കെതിരെ കര്‍ശന നടപടി സര്‍ക്കാര്‍ സ്വീകരിക്കുന്നുണ്ട് എന്നിരിക്കെയാണ് ഓണ്‍ലൈന്‍ വഴി ഇവ കേരളത്തിലെത്തുന്നത്. കേരളത്തിനു പുറത്തുള്ള സംസ്ഥാനങ്ങളില്‍ ഇവയില്‍ പലതും നിരോധിച്ചിട്ടില്ല. അതുകൊണ്ടുതന്നെ അനധികൃതമായി ഇത് എത്തിക്കാന്‍ എളുപ്പമാണെന്നാണ് എ.ഐ.ഡി.എ.കെ പ്രതിനിധികള്‍ പറയുന്നത്. ഇതുമൂലം സര്‍ക്കാറിന് ലഭിക്കേണ്ട വന്‍ നികുതിയാണ് നഷ്ടമാകുന്നതെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

പൈനാപ്പിള്‍ കയറ്റുവാന്‍ ഇതരസംസ്ഥാനത്തുനിന്നു വരുന്ന ലോറികളിലാണ് നിരോധിത കീടനാശിനികള്‍ എത്തുന്നത്. പൈനാപ്പിളിന് കളനാശിനിയായി ഉപയോഗിക്കുന്ന ഗ്രാമക്‌സോണ്‍ ആണ് ഇങ്ങനെ കടത്തുന്നത്. അനധികൃതമായി കടത്തിക്കൊണ്ടുവരുന്നതുകൊണ്ട് ജി.എസ്.ടി ഇനത്തില്‍ 18% നികുതിയാണ് സംസ്ഥാനത്തിന് നഷ്ടമാകുന്നത്.

കൃഷിവകുപ്പിന്റെ തെറ്റായ നയങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്തുവരുമെന്നും സംഘടനാ പ്രതിനിധികള്‍ മുന്നറിയിപ്പു നല്‍കി. അപ്രായോഗികമായ ഉത്തരവുകളാണ് ഓരോ ദിവസവും കൃഷി വകുപ്പില്‍ നിന്ന് ഉണ്ടാകുന്നത്. കീടനാശിനിയും വളവും ഉപയോഗിക്കേണ്ടതെങ്ങനെയെന്ന് ഫ്‌ളക്‌സ്‌ബോര്‍ഡിലെഴുതി പ്രദര്‍ശിപ്പിക്കണമെന്നാണ് പുതിയ ഉത്തരവ്. കൃഷി ഓഫീസര്‍മാര്‍ ചെയ്യേണ്ടതാണിതെന്നാണ് കീടനാശിനി വില്‍പ്പനക്കാര്‍ പറയുന്നത്.

കൃഷിയിടത്തില്‍ കീടനാശിനി ബാധയുണ്ടായാല്‍ കര്‍ഷകന്‍ കൃഷി ഓഫീസറെ കൃഷിയിടത്തില്‍ കൊണ്ടുപോയി കീടബാധ നേരിട്ടു ബോധ്യപ്പെടുത്തി കുറുപ്പടി വാങ്ങിയാലേ കീടനാശിനി ലഭിക്കുകയുള്ളൂ. അടുക്കളത്തോട്ടത്തിലെ കീടങ്ങളെ തുരത്താനും ഇതാണ് നടപടിക്രമം.

ഈ നടപടിക്രമം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ കീടനാശിനി വില്‍ക്കുന്ന കടകളില്‍ അടിക്കടി ഉദ്യോഗസ്ഥ റെയ്ഡുമുണ്ട്. ഇത് സമൂഹമധ്യത്തില്‍ വ്യാപാരികള്‍ക്ക് അവമതിപ്പുണ്ടാക്കുന്നുവെന്നാണ് വില്‍പ്പനക്കാര്‍ പറയുന്നത്.

സംസ്ഥാന അതിര്‍ത്തി കടന്നെത്തുന്ന പച്ചക്കറികളുടെ ഗുണമേന്‍മ പരിശോധിക്കാനോ നടപടി സ്വീകരിക്കാനോ യാതൊന്നും ചെയ്യാതെ നിയമപരമായ എല്ലാവിധി ലൈസന്‍സുകളും എടുത്ത് പ്രവര്‍ത്തിക്കുന്ന വ്യാപാരികളെ ദ്രോഹിക്കുന്ന നടപടി അവസാനിപ്പിക്കണമെന്നും തൊഴിലാളികള്‍ ആവശ്യപ്പെട്ടു.

തിരുവല്ലയില്‍ നിരോധിത കീടനാശിനികള്‍ തളിച്ച് കര്‍ഷകര്‍ മരിച്ച സംഭവത്തിനു പിന്നാലെ നിരോധിത കീടനാശിനി ഉപയോഗം ക്രിമിനല്‍ കുറ്റമാക്കുന്നതിന് നിയമനിര്‍മ്മാണം നടത്തുമെന്ന് കൃഷി മന്ത്രി വി.എസ് സുനില്‍ കുമാര്‍ അറിയിച്ചിരുന്നു. നിരോധിത കീടനാശിനികള്‍ ഉപയോഗിക്കുന്നതു തടയാന്‍ പ്രത്യേക എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗത്തെ നിയോഗിക്കുമെന്നും മന്ത്രി അറിയിച്ചിരുന്നു.

എന്നാല്‍ ഓണ്‍ലൈന്‍ സൈറ്റുകള്‍ വഴിയുള്ള ഇവയുടെ വില്പന തടയാനുള്ള സംവിധാനങ്ങളാണ് ആദ്യം വേണ്ടതെന്നാണ് അഗ്രോ ഇന്‍പുട്ട് ഡീലേഴ്‌സ് അസോസിയേഷന്‍ പ്രതിനിധികള്‍ പറയുന്നത്.