കിസാന്‍ സഭാ നേതാവ് വിജൂ കൃഷ്ണന്റെ ഓണ്‍ലൈന്‍ പ്രഭാഷണത്തിനിടെ അശ്ലീല വീഡിയോ പ്രദര്‍ശിപ്പിച്ച് വലതുപക്ഷ സംഘടനകള്‍
national news
കിസാന്‍ സഭാ നേതാവ് വിജൂ കൃഷ്ണന്റെ ഓണ്‍ലൈന്‍ പ്രഭാഷണത്തിനിടെ അശ്ലീല വീഡിയോ പ്രദര്‍ശിപ്പിച്ച് വലതുപക്ഷ സംഘടനകള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 10th December 2020, 6:23 pm

ചെന്നൈ: അഖിലേന്ത്യാ കിസാന്‍ സഭ ജോയിന്റ് സെക്രട്ടറി വിജൂ കൃഷ്ണന്റെ ഓണ്‍ലൈന്‍ പ്രഭാഷണം തടസ്സപ്പെടുത്തി മദ്രാസ് ഐ.ഐ.ടിയിലെ വലതുപക്ഷ സംഘടനാ വിദ്യാര്‍ത്ഥികള്‍. മദ്രാസ് ഐ.ഐ.ടിയിലെ അംബേദ്കര്‍ പെരിയാര്‍ സ്റ്റഡി സര്‍ക്കിള്‍ സംഘടിപ്പിച്ച കാര്‍ഷിക നിയമത്തെ കുറിച്ചുള്ള പ്രഭാഷണമാണ് തടസ്സപ്പെടുത്തിയത്.

ബുധനാഴ്ച രാത്രി 7.30നാണ് കാര്‍ഷിക നിയമം 2020 നെ സംബന്ധിച്ച് വിജൂ കൃഷ്ണനെ ക്ലാസെടുക്കാന്‍ ക്ഷണിക്കുന്നത്. എന്നാല്‍ പ്രഭാഷണം തുടങ്ങി മിനുട്ടുകള്‍ക്കുള്ളില്‍ 5-6 പേര്‍ ഓണ്‍ലൈന്‍ ക്ലാസ് കേള്‍ക്കുന്നതിനിടെ അണ്‍മ്യൂട്ട് ചെയ്യുകയും ശബ്ദമുണ്ടാക്കുകയും ചെയ്തു.

മനഃപൂര്‍വ്വം പരിപാടി അലങ്കോലപ്പെടുത്താന്‍ ശ്രമിച്ചതിനാല്‍ പ്രഭാഷണം തുടരാന്‍ സാധിക്കാതെ വരികയും വെബിനാര്‍ നിര്‍ത്തിവെക്കുകയും തുടര്‍ന്ന് പരിപാടി ഫേസ്ബുക്ക് ലൈവിലൂടെ സ്ട്രീം ചെയ്യുകയുമായിരുന്നു.

ഭിന്നാഭിപ്രായമുള്ളവരുടെ ശബ്ദത്തെ സഹിഷ്ണുതയോടെ കേള്‍ക്കാന്‍ കഴിയാത്ത സംഘപരിവാര്‍ സൈബര്‍ ഗുണ്ടകളാണ് പരിപാടി തടസ്സപ്പെടുത്താന്‍ ശ്രമിച്ചതെന്ന് വിജൂകൃഷ്ണന്‍ ഡെക്കാന്‍ ഹെറാള്‍ഡിനോട് പറഞ്ഞു.

‘അവര്‍ പ്രഭാഷണത്തിനിടെ ബഹളം വെക്കുകയും അശ്ലീല വീഡിയോകള്‍ പ്രദര്‍ശിപ്പിക്കാനുള്ള ശ്രമം നടത്തുകയുമുണ്ടായി. അവര്‍ക്കേ അത്രയും തരംതാഴാന്‍ പറ്റൂ. ഇത്തരം പ്രവൃത്തികളും ഭീഷണികളും കൊണ്ട് തടസ്സപ്പെടുത്താന്‍ കഴിയുമെന്നാണ് അവര്‍ കരുതുന്നതെങ്കില്‍ അത് തെറ്റിദ്ധാരണയാണ്. അവര്‍ക്ക് ഒരു കാര്യവും ജനാധിപത്യപരമായി സംസാരിച്ച് മുന്നോട്ട് കൊണ്ട് പോകാന്‍ അറിയില്ല,’ വിജൂകൃഷ്ണന്‍ പറഞ്ഞു.

അതേസമയം ജനാധിപത്യ വിരുദ്ധമായി പെരുമാറിയ വിദ്യാര്‍ത്ഥികളെ സംരക്ഷിക്കുന്ന നിലപാടാണ് ഐ.ഐ.ടി അധികൃതരുടെ ഭാഗത്തുനിന്നുണ്ടായതെന്നും കുറ്റാക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും ക്യാംപസിലെ വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Online lecture by Kisan Sabha leader Vijoo Krishnan disrupted by right wing students