സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം; രോഗബാധ ആറ്റിങ്ങല്‍ സ്വദേശിക്ക്
Kerala
സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം; രോഗബാധ ആറ്റിങ്ങല്‍ സ്വദേശിക്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 7th October 2025, 7:59 pm

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശിയായ 57കാരനാണ് രോഗബാധ സ്ഥിരീകരിച്ചത്. കെട്ടിടത്തില്‍ നിന്ന് വീണ് കാലില്‍ പരിക്കേറ്റതിനെ തുടര്‍ന്നാണ് രോഗിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

പിന്നീട് ആരോഗ്യനില വഷളായതോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ വെച്ച് നടത്തിയ പരിശോധനയിലാണ് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചത്. ആദ്യഘട്ടത്തില്‍ മസ്തിഷ്‌ക ജ്വരത്തിന്റേതായ ലക്ഷണങ്ങള്‍ ഒന്നും തന്നെ രോഗി കാണിച്ചിരുന്നില്ല.

നിലവില്‍ രോഗത്തിന്റെ ഉറവിടം വ്യക്തമായിട്ടില്ല. വലിയകുന്ന് താലൂക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് ശേഷമാണ് രോഗിയെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്. പ്രമേഹ രോഗി കൂടിയായ 57കാരന്റെ ആരോഗ്യനില തൃപ്തികരമെന്നാണ് വിവരം.

ഓഗസ്റ്റ് 30, 31 തീയതികളായി സംസ്ഥാനത്തെ മുഴുവന്‍ കിണറുകളും ക്ലോറിനേറ്റ് ചെയ്യാന്‍ ആരോഗ്യവകുപ്പ് ആഹ്വാനം ചെയ്തിരുന്നു. 2025ല്‍ ജനുവരി മുതൽ ഓഗസ്റ്റ് 31 വരെ ആകെ 41 കേസുകളാണ് സംസ്ഥാനത്താകമാനം റിപ്പോര്‍ട്ട് ചെയ്തത്.

മസ്തിഷ്‌ക ജ്വരം ബാധിച്ചെന്ന് സംശയിക്കുന്നവരെ തിരിച്ചറിഞ്ഞ് പെട്ടെന്ന് തന്നെ മികച്ച ചികിത്സ ഉറപ്പാക്കുന്നതാണ് മരണനിരക്കില്‍ ഗണ്യമായ കുറവ് വരുത്താന്‍ കേരളത്തിലെ ആരോഗ്യവകുപ്പിനെ സഹായിക്കുന്നത്.

അമീബിക് മസ്തിഷ്‌ക ജ്വരം:

കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ മുങ്ങി കുളിക്കുന്നവരിലും നീന്തുന്നവരിലും വളരെ അപൂര്‍വമായി ഉണ്ടാകുന്ന രോഗ ബാധയാണ് അമീബിക് മസ്തിഷ്‌ക ജ്വരം അഥവാ അമീബിക് എന്‍സെഫലൈറ്റിസ്.

നേഗ്ലെറിയ ഫൗലേറി, അക്കാന്ത അമീബ, സാപ്പിനിയ, ബാലമുത്തിയ വെര്‍മമീബ എന്നീ അമീബ വിഭാഗത്തില്‍പ്പെട്ട രോഗാണുക്കള്‍ തലച്ചോറിനെ ബാധിക്കുമ്പോഴാണ് രോഗം ഉണ്ടാകുന്നത്. ഇത് മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് പകരുന്ന രോഗമല്ല.

രോഗ ലക്ഷണങ്ങള്‍:

തീവ്രമായ തലവേദന, പനി, ഓക്കാനം, ഛര്‍ദ്ദി, കഴുത്ത് തിരിക്കാന്‍ ബുദ്ധിമുട്ട്, വെളിച്ചത്തിലേക്ക് നോക്കാനുള്ള ബുദ്ധിമുട്ട് എന്നിവയാണ് പ്രധാന രോഗ ലക്ഷണങ്ങള്‍

Content Highlight: One more person in the state tests positive for amoebic encephalitis in Attingal