പെരിയ ഇരട്ടക്കൊലപാതകം: ഒരാൾ കൂടി അറസ്റ്റിൽ
kERALA NEWS
പെരിയ ഇരട്ടക്കൊലപാതകം: ഒരാൾ കൂടി അറസ്റ്റിൽ
ന്യൂസ് ഡെസ്‌ക്
Wednesday, 20th February 2019, 10:45 pm

പെരിയ: കാസർഗോട്ട് കല്ലിയോട് ​യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാൾകൂടി അറസ്റ്റിൽ. കല്ലിയോട് സ്വദേശിയായ സജി ജോർജിനെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികൾക്ക് വാഹനം നൽകിയത് സജി ജോർജാണെന്ന് പൊലീസ് കണ്ടെത്തിയത്. ബുധനാഴ്ച രാത്രി പത്ത് മണിയോടെ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. നേരത്തെ തന്നെ സജി പോലീസിന്റെ കസ്റ്റഡിയിൽ ഉണ്ട്. ഇയാളുടെ വാഹനവും പോലീസ് പിടിച്ചെടുത്തിരുന്നു.

Also Read ബി.ജെ.പി സഖ്യത്തിന് മറുപടി; തമിഴ്‌നാട്ടില്‍ ഡി.എം.കെയുടെയും കോണ്‍ഗ്രസിന്റെയും നേതൃത്വത്തില്‍ വിശാല സഖ്യം

യൂത്ത്‌ കോൺഗ്രസ് പ്രവർത്തകരായ കൃപേഷിന്റെയും ശരത്‌ലാലിന്റെയും കൊലപാതകവുമായി ബന്ധപ്പെട്ട് സി.പി.ഐ.എം. പെരിയലോക്കൽ കമ്മിറ്റി അംഗമായ പീതാംബരനെ പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. പീതാംബരനൊപ്പം മറ്റ് ആറുപേരെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

മുൻവൈരാഗ്യം കാരണമാണ് താൻ കൊല നടത്തിയതെന്ന് പീതാംബരൻ സമ്മതിച്ചു. താൻ ഒറ്റയ്ക്കാണ് കോല നടത്തിയതെന്നും പീതാംബരൻ പറയുന്നുണ്ട്. എന്നാൽ ഇത് വിശ്വാസത്തിലെടുക്കാൻ പൊലീസ് തയ്യാറായിട്ടില്ല. സംഭവത്തെ തുടർന്ന് ഇയാളെ സി.പി.എം പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു.

Also Read ഹിമാചൽ പ്രദേശിൽ മഞ്ഞിടിച്ചിലിൽ ഒരു സൈനികൻ മരണപെട്ടു; അഞ്ച് സൈനികർ മഞ്ഞിനടിയിലായി

കൊലപാതകത്തിന്​ പിന്നിൽ പ്രവർത്തിച്ചത്​ സി.പി.ഐ.എം പ്രവർത്തകരാണെന്നും പെരിയയിലുണ്ടായ സംഭവം സമൂഹ മനഃസാക്ഷിയെ ഞെട്ടിച്ചുവെന്നും പോലീസ് റിപ്പോർട്ടിൽ പറഞ്ഞിട്ടുണ്ട്. പീതാംബരന്റെ സാനിധ്യത്തിൽ പൊലീസ് രാവിലെ തെളിവെടുപ്പ്​ നടത്തിയിരുന്നു. ഇതിനിടെയാണ് കൊലക്കുപയോഗിച്ച ഇരുമ്പ്​ ദണ്ഡുകളും വാളുകളും മറ്റ് ആയുധങ്ങളും കണ്ടെടുത്തത്.

കൊല നടത്തിയതിന് ശേഷം അടുത്തുള്ള ആളൊഴിഞ്ഞ പറമ്പിലെ പൊട്ടക്കിണറ്റിൽ ആയുധങ്ങൾ ഉപേക്ഷിച്ചിരുന്നു. തെളിവെടുപ്പ് നടന്നുകൊണ്ടിരിക്കുന്നതിനിടെ നാട്ടുകാർ പീതാംബരൻ കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ഇത് നേരിയ സംഘർഷത്തിന് ഇടയാക്കുകയും ചെയ്തു.