കീവില്‍ റഷ്യന്‍ ഡ്രോണ്‍ ആക്രമണം; ഒരാള്‍ കൊല്ലപ്പെട്ടു
World News
കീവില്‍ റഷ്യന്‍ ഡ്രോണ്‍ ആക്രമണം; ഒരാള്‍ കൊല്ലപ്പെട്ടു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 13th July 2023, 6:50 pm

കീവ്:ഉക്രൈനിലെ കീവില്‍ റഷ്യ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. 4 പേര്‍ക്ക് പരിക്കേറ്റു. ബുധനാഴ്ച രാത്രിയായിരുന്നു ആക്രമണം. വ്യാഴാഴ്ച രാവിലെ 20 റഷ്യന്‍ ഡ്രോണുകളും രണ്ട് ക്രൂയിസ് മിസൈലുകളും കീവിലും രാജ്യത്തെ മറ്റിടങ്ങളിലുമായി വെടിവെച്ചു വീഴ്ത്തിയതായി ഉക്രൈന്‍ വ്യോമസേന വക്താവ് യൂറി ഇഗ്നാറ്റ് പറഞ്ഞു. വ്യോമസേന ഓപ്പറേഷന്‍ വിജയിച്ചതായും അദ്ദേഹം പറഞ്ഞു. ‘ 20 ഡ്രോണുകള്‍ തകര്‍ക്കാനായി, രണ്ട് ക്രൂയിസ് മിസൈലുകളും തകര്‍ത്തു,’ അദ്ദേഹം പറഞ്ഞു.

പൊഡില്‍സ്‌കി ജില്ലയിലെ അപ്പാര്‍ട്ട്‌മെന്റില്‍ നിന്നും ഒരാളുടെ മൃതദേഹം കണ്ടെത്തിയതായി കീവ് മേയര്‍ വിറ്റാലി ക്ലിറ്റ്ഷ്‌കോ അറിയിച്ചു. തകര്‍ക്കപ്പെട്ട ഡ്രോണുകള്‍ സോലോംയസ്‌കി ജില്ലയില്‍ വന്ന് പതിച്ചതായും അപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റതായും കീവ് സൈനിക ഭരണകൂടം അറിയിച്ചു. ഡ്രോണിന്റെ അവശിഷ്ടങ്ങള്‍ വന്ന് പതിച്ച് ഡാന്‍ര്‍നിറ്റ്‌സ്‌കി ജില്ലയിലെ കെട്ടിടത്തിന് കേടുപാടുകള്‍ സംഭവിച്ചതായും ഷെവ്‌ചെങ്കിവ്‌സ്‌കി ജില്ലയില്‍ കെട്ടിടത്തിലെ ജനല്‍വാതിലിന് തീപിടിച്ചതായും ക്ലിറ്റ്ഷ്‌കോ പറഞ്ഞു. ഇവിടെ രണ്ട് പേര്‍ക്കും ആക്രമണത്തില്‍ പരിക്കേറ്റു.

‘ഇന്നലെ രാത്രിയും റഷ്യന്‍ ഭീകരര്‍ ആക്രമണം നടത്തി. ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ചായിരുന്നു കീവ് മേഖലയില്‍ ആക്രമണം നടത്തിയത്,’ കീവ് മേഖലയിലെ ഗവര്‍ണര്‍ റുസ്‌ലാന്‍ ക്രാവ്‌ചെങ്കോ പറഞ്ഞു. ഖ്‌മെല്‍നിറ്റ്സ്‌കി, മൈക്കോളൈവ്, സപ്പോരിസിയ എന്നിവിടങ്ങളിലും ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. മൈക്കോളൈവില്‍ ഡ്രോണുളെ തകര്‍ത്തതായും എന്നാല്‍ ഇവ വന്ന് പതിച്ച് സ്‌കൂളുകളും പത്തോളം വീടുകളും തകര്‍ന്നതായി ഉക്രൈന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കിയുടെ ഓഫീസ് അറിയിച്ചു.

ഇത് മൂന്നാം ദിവസമാണ് കീവില്‍ റഷ്യ ആക്രമണം നടത്തുന്നത്. ബുധനാഴ്ച രാവിലെ റഷ്യയുടെ 11 ഡ്രോണുകള്‍ സൈന്യം തകര്‍ത്തിരുന്നു. ചൊവ്വാഴ്ചയിലും റഷ്യ കീവില്‍ ആക്രമണം നടത്തിയിരുന്നു. 28 ഡ്രോണുകളായിരുന്നു റഷ്യ ഉപയോഗിച്ചിരുന്നതെന്നും ഇതില്‍ 26 ഡ്രോണുകള്‍ തകര്‍ത്തതായും ഉദ്യോഗസ്ഥര്‍ അറിയിച്ചിരുന്നു.

Content Highlight: one killed in russian drone attack in kyiv