കണ്ണൂരില്‍ ബോംബേറില്‍ ഒരാള്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്
Kerala News
കണ്ണൂരില്‍ ബോംബേറില്‍ ഒരാള്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 13th February 2022, 4:07 pm

കണ്ണൂര്‍: കണ്ണൂരില്‍ ബോംബേറില്‍ ഒരാള്‍ കൊല്ലപ്പെട്ടു. കണ്ണൂര്‍ ചക്കരക്കല്‍ ഏച്ചൂര്‍ സ്വദേശി ജിഷ്ണുവാണ് കൊല്ലപ്പെട്ടത്. വിവാഹ വീട്ടിലേക്ക് പോകുമ്പോഴാണ് ബോംബേറുണ്ടായതെന്നാണ് വിവരം. വിവാഹ വീട്ടില്‍ ഇന്നലെ രാത്രി രണ്ട് സംഘങ്ങള്‍ തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു.

മൂന്ന് പേര്‍ക്ക് പരിക്കേറ്റതായാണ് സൂചന. തോട്ടട മനോരമ ഓഫീസിന് തൊട്ടുമുന്നിലെ വീട്ടിലാണ് സംഭവം നടന്നത്. കൊല്ലപ്പെട്ട ജിഷ്ണുവിന് തലക്കാണ് പരിക്കേറ്റത്. വിവാഹ ആഘോഷവുമായി ബന്ധപ്പെട്ട് ഇരുസംഘങ്ങളും തമ്മില്‍ ഇന്നലെ തര്‍ക്കം നടന്നതായും രാഷ്ട്രീയ ബന്ധമില്ലെന്നുമാണ് വിവരം.

ഇന്നലെ സമീപപ്രദേശത്തെ വിവാഹ വീട്ടിലുണ്ടായ തര്‍ക്കങ്ങളുടെ തുടര്‍ച്ചയായാണ് സംഭവമെന്നാണ് പൊലീസ് നല്‍കുന്ന സൂചന. ബോംബെറിഞ്ഞ ശേഷം ആക്രമികള്‍ ഓടിരക്ഷപെടുകയായിരുന്നു.

അതേസമയം, കല്ല്യാണവീട്ടില്‍ കഴിഞ്ഞദിവസം രാത്രി നടന്ന സംഗീതപരിപാടിക്കിടെ വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായിരുന്നു. ഇത് പിന്നീട് നാട്ടുകാര്‍ ഇടപെട്ട് പരിഹരിച്ചു.

ഞായറാഴ്ച രാവിലെ ചാലാട് വധൂഗൃഹത്തില്‍വെച്ചായിരുന്നു വിവാഹം. വിവാഹച്ചടങ്ങ് കഴിഞ്ഞ് വരനും വധുവും അടക്കമുള്ള വിവാഹപാര്‍ട്ടി വീട്ടിലേക്ക് ആഘോഷമായി വരുന്നതിനിടെയാണ് ബോംബേറുണ്ടായത്.

CONTENT HIGHLIGHTS: One killed in bomb blast in Kannur; Three people were injured