ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
national news
ഇന്ത്യയിലെ മുസ്‌ലീങ്ങളില്‍ രണ്ടില്‍ ഒരാള്‍ തീവ്രവാദക്കേസുകളില്‍ കുടുക്കപ്പെട്ടേക്കാമെന്ന ഭീതിയിലാണെന്ന് സര്‍വ്വേ റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്‌ക്
Wednesday 13th June 2018 10:24am

 

ന്യൂദല്‍ഹി: മതത്തിന്റെ പേരില്‍ പൊലീസില്‍ നിന്നും വിവേചനം നേരിടേണ്ടിവരുമെന്ന ധാരണ മുസ്‌ലീങ്ങളില്‍ ശക്തമാണെന്ന് സര്‍വ്വേ റിപ്പോര്‍ട്ട്. കോമണ്‍ കോസ് ആന്റ് ലോക്‌നീതിയെന്ന എന്‍.ജി.ഒയാണ് സര്‍വ്വേ നടത്തിയത്.

സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ 26% മുസ്‌ലീങ്ങളും മതത്തിന്റെ പേരില്‍ പൊലീസ് വിവേചനം കാണിക്കുമെന്ന ധാരണയുണ്ടെന്ന് അവകാശപ്പെട്ടു. ഹിന്ദുക്കളില്‍ 18%വും സിക്കുകാരില്‍ 16%വും ഇത് വിശ്വസിക്കുന്നവരാണെന്നും സര്‍വ്വേ വ്യക്തമാക്കുന്നു.

തങ്ങള്‍ തീവ്രവാദ കേസുകളില്‍ കുടുക്കപ്പെട്ടേക്കാമെന്ന ഭീതിയുള്ളവരാണ് 47% മുസ്‌ലീങ്ങളുമെന്നാണ് സര്‍വ്വേയില്‍ വ്യക്തമായത്. ഇന്ത്യന്‍ ജയിലുകളില്‍ മുസ്‌ലീങ്ങളുടെ എണ്ണം കൂടുതലാണ് എന്നതാണ് ഇതിന് തെളിവായി ഉയര്‍ത്തിക്കാട്ടപ്പെടുന്നത്. തെലങ്കാനയിലുള്ളവര്‍ക്കിടയിലാണ് ഈ ഭീതി ഏറ്റവുമധികമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്ത്യന്‍ ജനസംഖ്യയിലെ അനുപാതവുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെയധികമാണ് ജയിലിലെ മുസ്‌ലീങ്ങളുടെ ശതമാനം. ഈ വസ്തുതയാണ് ‘മുന്‍വിധി’യെന്ന ആരോപണത്തിന് ബലമേകുന്നതെന്നും റിപ്പോര്‍ട്ട് സാക്ഷ്യപ്പെടുത്തുന്നു.


Also Read:താജ്മഹലിന്റെ പേര് മാറ്റി രാമ അല്ലെങ്കില്‍ കൃഷ്ണമഹല്‍ എന്നാക്കണമെന്ന ആവശ്യവുമായി ബി.ജെ.പി എം.എല്‍.എ


 

2011ലെ സെന്‍സസ് അനുസരിച്ച് 14.23 ശതമാനമാണ് മുസ്‌ലിം ജനസംഖ്യ. സര്‍ക്കാര്‍ രാജ്യസഭയില്‍ പറഞ്ഞ കണക്കുകള്‍ പ്രകാരം ജയിലില്‍ ശിക്ഷിക്കപ്പെട്ട് കഴിയുന്നവരില്‍ 16.68% മുസ്‌ലീങ്ങളാണ്. വിചാരണ നേരിടുന്നവരില്‍ 21.05%വും മുസ്‌ലീങ്ങളാണെന്നും സര്‍ക്കാര്‍ അറിയിച്ചിരുന്നു.

2017 ജൂണ്‍, ജൂലൈ മാസങ്ങളില്‍ 22 സംസ്ഥാനങ്ങളിലായി 15563 പേരിലാണ് സര്‍വ്വേ നടത്തിയത്.

പട്ടികജാതി, പട്ടികവര്‍ഗ സമുദായങ്ങള്‍ക്കിടയിലും സമാനമായ ഭീതിയുണ്ടെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. മാവോയിസ്റ്റെന്ന് മുദ്രകുത്തി ജയിലിലിട്ടേക്കാമെന്ന ഭീതി 27% ആദിവാസികള്‍ക്കുമിടയിലുണ്ട്. ചെറുമോഷണക്കേസുകളില്‍ ശിക്ഷിക്കപ്പെട്ടേക്കാമെന്ന ഭീതി 35% ദളിതര്‍ക്കുമിടയിലുണ്ടെന്ന് സര്‍വ്വേ ഫലം വ്യക്തമാക്കുന്നു.

Advertisement