കുട്ടികളുടെ അവകാശങ്ങളും ഉപജീവനമാര്‍ഗങ്ങളും ശിഥിലമാകുന്നു; നാലില്‍ ഒരാള്‍ ഈ വര്‍ഷം പട്ടിണിയിലേക്കെന്ന് റിപ്പോർട്ട്
World News
കുട്ടികളുടെ അവകാശങ്ങളും ഉപജീവനമാര്‍ഗങ്ങളും ശിഥിലമാകുന്നു; നാലില്‍ ഒരാള്‍ ഈ വര്‍ഷം പട്ടിണിയിലേക്കെന്ന് റിപ്പോർട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 26th June 2023, 7:51 pm

ആംസ്റ്റര്‍ഡാം: ലോകമെമ്പാടുമുള്ള കുട്ടികളില്‍ നാലില്‍ ഒരാള്‍ ഈ വര്‍ഷം പട്ടിണിയിലാകുമെന്ന് റിപ്പോര്‍ട്ട്. റഷ്യ-ഉക്രൈന്‍ യുദ്ധത്തെ തുടര്‍ന്നുണ്ടായ ഭക്ഷണത്തിന്റെയും ഊര്‍ജത്തിന്റെയും അളവിലുണ്ടായ കുറവാണ് ഇതിന് കാരണമെന്നും ദി കിഡ്‌സ് റൈറ്റ്‌സ് ഇന്‍ഡെക്‌സ് റിപ്പോര്‍ട്ടില്‍ പറയുന്നെന്നും എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ഐക്യരാഷ്ട്ര സഭയുടെ ഏജന്‍സികള്‍ പുറത്ത് വിട്ട കണക്കുകളെ ആസ്പദമാക്കിയാണ് കിഡ്‌സ് റൈറ്റ്‌സ് ഇന്‍ഡക്‌സിന്റെ മുന്നറിയിപ്പ്. കൊവിഡ് മൂലമുള്ള ആരോഗ്യാവസ്ഥകളും കാലാവസ്ഥാ മാറ്റങ്ങളും കുട്ടികള്‍ക്ക് പ്രശ്‌നമുണ്ടാക്കുന്നുണ്ടെന്ന് കിഡ്‌സ്‌റൈറ്റ്‌സ് ഗ്രൂപ്പ് പറയുന്നു.

‘കുട്ടികളുടെ അവകാശങ്ങളും ഉപജീവനമാര്‍ഗങ്ങളും ആഗോള സമ്മര്‍ദങ്ങളാല്‍ ശിഥിലമാകുന്നത് തുടരുന്നുണ്ട്. ഉക്രൈന്‍ യുദ്ധത്തെ തുടര്‍ന്ന് ലോകമെമ്പാടുമുള്ള ഊര്‍ജത്തിന്റെയും ഭക്ഷണത്തിന്റെയും നാലില്‍ ഒരു കുട്ടി ഉക്രൈന്‍ യുദ്ധത്തെ തുടര്‍ന്ന് ഈ വര്‍ഷം ദാരിദ്രരേഖയ്ക്ക് താഴെവരും.

ചഡ്, സൗത്ത് സുഡാന്‍, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളാണ് കുട്ടികളുടെ അവകാശങ്ങളില്‍ ഏറ്റവും മോശം പ്രവണത കാണിക്കുന്നത്. റഷ്യന്‍ ഉക്രൈന്‍ യുദ്ധം ഉക്രൈനിലെ 7.5 മില്യന്‍ വരുന്ന കുട്ടികളെ ബാധിച്ചിട്ടുണ്ട്.

കൊവിഡ് പകര്‍ച്ചവ്യാധിക്ക് ശേഷമുള്ള പണപ്പെരുപ്പവും കൊവിഡിന് ശേഷമുള്ള ആഗോള ആരോഗ്യ പരിരക്ഷയും പ്രതികൂലമായി ബാധിച്ചു. പ്രത്യേകിച്ച് പ്രതിരോധ കുത്തിവെപ്പുകളെ,’ റിപ്പോര്‍ട്ടില്‍ പറയുന്നു.

2019-2021നിടയില്‍ 67 മില്യണ്‍ കുട്ടികളാണ് പ്രതിരോധ കുത്തിവെപ്പ് എടുക്കാതിരുന്നതെന്നും ഏഷ്യന്‍ രാജ്യങ്ങളിലെ കുട്ടികള്‍ക്ക് കാലാവസ്ഥാ വ്യതിയാനം വലിയ ആശങ്കയായി നില്‍ക്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

സുഡാനിലെ ആഭ്യന്തരകലാപവും അഫ്ഗാനിസ്ഥാനില്‍ ഉന്നത വിദ്യാഭ്യാസത്തില്‍ നിന്ന് പെണ്‍കുട്ടികളെ വിലക്കിയതും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്.

മഡഗാസ്‌കര്‍, നൈജര്‍ തുടങ്ങിയ രാജ്യങ്ങളില്‍ അഞ്ച് വയസിന് താഴെയുള്ള കുട്ടികളുടെ മരണനിരക്ക് വര്‍ധിക്കുന്നതിനും ബാലവേല വര്‍ധിക്കുന്നതിനും കാരണം വര്‍ധിച്ച് വരുന്ന ദാരിദ്ര്യമാണെന്നും ഇതില്‍ പറയുന്നുണ്ട്.

‘ഈ വര്‍ഷത്തെ റിപ്പോര്‍ട്ട് ഭയപ്പെടുത്തുന്നതാണ്. നിലവില്‍ ഈ ദുരന്തത്തില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിനും കൂടുതല്‍ പ്രതീക്ഷ നല്‍കുന്ന ഭാവിക്ക് വഴിയൊരുക്കുന്നതിനും ഉടന്‍ നടപടികള്‍ സ്വീകരിക്കാന്‍ രാജ്യങ്ങളോടും ഏജന്‍സികളോടും ഞാന്‍ അഭ്യര്‍ത്ഥിക്കുകയാണ്,’ കിഡ്‌സ് റൈറ്റ്‌സിന്റെ സ്ഥാപകനും ചെയര്‍മാനുമായ മാര്‍ക് ഡുല്ലേര്‍ട്ട് പറഞ്ഞു.

content highlights: One in four children worldwide to go hungry by this year: report