ജാര്‍ഖണ്ഡില്‍ അനധികൃത ഖനി തകര്‍ന്ന് ഒരു മരണം; നിരവധി തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നു
national news
ജാര്‍ഖണ്ഡില്‍ അനധികൃത ഖനി തകര്‍ന്ന് ഒരു മരണം; നിരവധി തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 5th July 2025, 11:41 am

റാഞ്ചി: ജാര്‍ഖണ്ഡില്‍ പ്രവര്‍ത്തിച്ചിരുന്ന അനധികൃത കല്‍ക്കരി ഖനി തകര്‍ന്ന് ഒരു മരണം. രാംഗഡ് ജില്ലയിലാണ് അപകടമുണ്ടായത്. തകര്‍ന്നുവെന്ന ഖനിക്കടിയില്‍ നിരവധി തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം.

അതേസമയം സംഭവസ്ഥലത്ത് നിന്ന് ഇതുവരെ അഞ്ച് മൃതദേഹങ്ങള്‍ കണ്ടെത്തിയതായി പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. ഔദ്യോഗികമായ സ്ഥിരീകരണങ്ങള്‍ ഉണ്ടായിട്ടില്ല.

ഇന്ന് (ശനിയാഴ്ച) പുലര്‍ച്ചയോടെയാണ് അപകടമുണ്ടായത്. സി.സി.എല്‍ കമാന്‍ഡിന് കീഴിലുള്ള കര്‍മ പ്രോജക്ട് ഏരിയയിലാണ് സംഭവം. ഖനിയുടെ ഒരു ഭാഗം തകര്‍ന്ന് വീഴുകയായിരുന്നു.

കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് കുജു പൊലീസ് ഔട്ട്പോസ്റ്റ് ഇന്‍-ചാര്‍ജ് അശുതോഷ് കുമാര്‍ സിങ് വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐയോട് പറഞ്ഞു.

അപകടത്തില്‍ അന്വേഷണം ആരംഭിച്ചതായി രാംഗഡ് ഡെപ്യൂട്ടി കമ്മീഷണര്‍ ഫൈസ് അഖ് അഹമ്മദ് മുംതാസ് പ്രതികരിച്ചു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുന്നതേയുള്ളു.

Content Highlight: One dead after illegal mine collapses in Jharkhand