'ഗവര്‍ണറെ വേണ്ട'; എല്ലാ സര്‍വകലാശാലകള്‍ക്കും ഒറ്റ ചാന്‍സലര്‍; ബദല്‍ നിര്‍ദേശവുമായി പ്രതിപക്ഷം
Kerala News
'ഗവര്‍ണറെ വേണ്ട'; എല്ലാ സര്‍വകലാശാലകള്‍ക്കും ഒറ്റ ചാന്‍സലര്‍; ബദല്‍ നിര്‍ദേശവുമായി പ്രതിപക്ഷം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 13th December 2022, 1:01 pm

തിരുവനന്തപുരം: നിയമസഭയില്‍ അവതരിപ്പിക്കുന്ന സര്‍വകലാശാല ബില്ലില്‍ ഭേദഗതിയുമായി പ്രതിപക്ഷം. സംസ്ഥാനത്തെ 14 സര്‍വകലാശാലകള്‍ക്കും ഒരു ചാന്‍സലര്‍ മതിയെന്ന പുതിയ ഭേദഗതി നിര്‍ദേശവുമായാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ എത്തിയത്.

വിരമിച്ച സുപ്രീംകോടതി ജഡ്ജിയോ ഹൈക്കോടതി ചീഫ് ജസ്റ്റിസോ ചാന്‍സലറാകണം. ചാന്‍സലര്‍ നിയമനത്തിന് വേണ്ടി പ്രത്യേക സമിതിയെ നിയോഗിക്കണമെന്നുമാണ് പ്രതിപക്ഷം ഭേദഗതിയില്‍ നിര്‍ദേശിക്കുന്നത്.

മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, ഹൈക്കോടതി ചീഫ് ജസ്റ്റിസ് എന്നിവരടങ്ങുന്നതാകണം സമിതി. ഈ സമിതിയുടെ ഭൂരിപക്ഷാഭിപ്രായമനുസരിച്ച് ചാന്‍സലറെ നിയമിക്കണമെന്നുമാണ് പ്രതിപക്ഷം മുന്നോട്ടുവെച്ച ഭേദഗതിയിലുള്ളത്.

ചര്‍ച്ചയില്‍ ബദല്‍ നിര്‍ദേശം മുന്നോട്ട് വെക്കാനും പ്രതിപക്ഷത്ത് ധാരണയായതിന്റെ അടിസ്ഥാനത്തിലാണ് പുതിയ ഭേദഗതി എന്ന ആവശ്യവുമായി പ്രതിപക്ഷ നേതാവ് എത്തിയത്. എന്നാല്‍, സംസ്ഥാന സര്‍ക്കാര്‍ ഈ ഭേദഗതി അംഗീകരിക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

സമാന സ്വഭാവമുള്ള സര്‍വകലാശാലകള്‍ക്ക് ഒരു ചാന്‍സലര്‍ എന്നാണ് നിയമത്തില്‍ വ്യവസ്ഥ ചെയ്തിരിക്കുന്നത്. ഇത് വിദ്യാഭ്യാസരംഗത്തെ വിദഗ്ദരുടെ തീരുമാനപ്രകാരം സംസ്ഥാന സര്‍ക്കാരിന് നിയമിക്കാമെന്നതാണ് വ്യവസ്ഥ.

നേരത്തെ, ചാന്‍സലർക്ക് പകരം പ്രോ ചാന്‍സലറെ നിയമിക്കണമെന്ന വ്യവസ്ഥ യു.ജി.സി മാനദണ്ഡങ്ങള്‍ക്ക് എതിരാണെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടിയതോടെ സര്‍ക്കാര്‍ അതിന് മാറ്റം വരുത്തിയിരുന്നു.

അതേസമയം, സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ മാറ്റാനുള്ള സര്‍വകലാശാല ഭേദഗതി ബില്‍ ചൊവ്വാഴ്ച നിയമസഭ പാസാക്കും. സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്ക് ശേഷമാണ് ബില്‍ വീണ്ടും സഭയില്‍ എത്തുന്നത്.

എന്നാല്‍, ബില്ലിനെ എതിര്‍ക്കുമെന്ന് പ്രതിപക്ഷം വ്യക്തമാക്കി. ഇത് യു.ജി.സി മാനദണ്ഡങ്ങള്‍ക്ക് എതിരാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.

ബില്‍ നിയമസഭ പാസാക്കിയാലും ഗവര്‍ണര്‍ ഒപ്പിടില്ല. നേരത്തെ സമാനവ്യവസ്ഥകളോടെ ഇറക്കിയ ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിട്ടിരുന്നില്ല. ബില്ലില്‍ ഒപ്പിടാത്ത ഗവര്‍ണര്‍ക്കെതിരെയുള്ള രാഷ്ട്രീയ പോരാട്ടം ശക്തമാക്കാനാണ് സര്‍ക്കാര്‍ നീക്കം.

സര്‍വകലാശാല ഭേദഗതി ബില്‍ പാസാക്കി സഭ ചൊവ്വാഴ്ചയോടെ അനിശ്ചിതകാലത്തേക്ക് പിരിയും.

Content Highlight: One Chancellor for all Universities; Opoosition with new amendment to chancellor bill