എഡിറ്റര്‍
എഡിറ്റര്‍
കേരളത്തില്‍ പത്തില്‍ ഒരു ആണ്‍കുട്ടി സ്വവര്‍ഗാനുരാഗി!
എഡിറ്റര്‍
Tuesday 20th March 2012 11:20am

ന്യൂദല്‍ഹി: കേരളത്തിലെ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളില്‍ പത്തില്‍ ഒരാള്‍ സജീവ സ്വവര്‍ഗാനുരാഗിയെന്ന് പഠന റിപ്പോര്‍ട്ട്. അഡോളസെന്‍സ് റീപ്രൊഡക്ടീവ് സെക്ഷ്വല്‍ ഹെല്‍ത്ത് അംഗങ്ങള്‍ നടത്തിയ പഠനത്തിലാണ് ഈ ഞെട്ടിക്കുന്ന കണ്ടെത്തലുകള്‍.

പെണ്‍കുട്ടികളില്‍ ആറില്‍ ഒരാള്‍ ആത്മഹത്യാ പ്രവണത കാണിക്കുന്നവരായും പതിനാലില്‍ ഒരാള്‍ അതിന് ശ്രമിച്ചതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ആണ്‍കുട്ടികളില്‍ അഞ്ചില്‍ ഒരാള്‍ മയക്കുമരുന്നിനും നാലില്‍ ഒരാള്‍ അശ്ലീല വീഡിയോകള്‍ക്കും അടിമകളാണെന്നും പഠന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളെ ബോധവല്‍ക്കരണം നടത്തുക എന്ന ഉദ്ദേശത്തോടെ നാഷണല്‍ റൂറല്‍ ഹെല്‍ത്ത് മിഷനാണ് എ.ആര്‍.എസ്.എച്ച് പദ്ധതി ആരംഭിച്ചത്. 164 വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നുള്ള 2712 ആണ്‍കുട്ടികളെയും 2926 പെണ്‍കുട്ടികളെയുമാണ് പഠനവിധേയമാക്കിയത്. സംസ്ഥാനത്ത് ആദ്യമായാണ് കൗമാരപ്രായത്തിലുള്ള കുട്ടികളില്‍ ഇത്തരമൊരു പഠനം നടത്തുന്നത്.

പെണ്‍കുട്ടികളെക്കാള്‍ ആണ്‍കുട്ടികളാണ് കൂടുതലായി ലൈംഗിക ചൂഷണത്തിന് വിധേയരാവുന്നത് എന്ന് പഠനം പറയുന്നു. ഒരു പെണ്‍കുട്ടിയുടെ നേര്‍ക്ക് ലൈംഗിക ആവശ്യം ഉയരുന്ന സമയത്ത് പത്ത് ആണ്‍കുട്ടികള്‍ എന്ന അനുപാതത്തിലാണ് മുതിര്‍ന്നവര്‍ ലൈംഗിക ആവശ്യം പ്രകടിപ്പിക്കുന്നത്. അതുപോലെ ഒരു പെണ്‍കുട്ടി ലൈംഗിക പീഡനത്തിന് ഇരയാക്കപ്പെടുമ്പോള്‍ അഞ്ച് ആണ്‍കുട്ടികള്‍ എന്ന അനുപാതത്തിലാണ് ആണ്‍കുട്ടികള്‍ക്കെതിരെ ലൈംഗിക ചൂഷണം നടക്കുന്നതെന്നും പഠനത്തില്‍ പറയുന്നു.

സ്വവര്‍ഗലൈംഗികതയും, മയക്കുമരുന്ന് ഉപയോഗവും , ആത്മഹത്യാപ്രവണതയും വര്‍ധിച്ചുവരികയാണെന്ന് പഠനം നടത്തിയ സംഘം അഭിപ്രായപ്പെട്ടു.

‘ ഒരു ദശാബ്ദക്കാലമായി ഞാനീ പ്രശ്‌നം പഠിച്ചുകൊണ്ടിരിക്കുകയാണ്. എന്നാല്‍ കഴിഞ്ഞ രണ്ട് മൂന്ന് വര്‍ഷമായി കുട്ടികളുടെ സൈക്കോളജിയില്‍ വലിയ മാറ്റങ്ങളാണുണ്ടായിരിക്കുന്നത്.’ എ.ആര്‍.എസ്.എച്ച് പദ്ധതിക്ക് നേതൃത്വം നല്‍കുന്ന മെഡിക്കല്‍ ഓഫീസര്‍ ഡോ. ഗ്രെയ്‌സി തോമസ് പറഞ്ഞു.

കുട്ടിക്കാലത്ത് ശരിയായ ലൈംഗിക വിദ്യാഭ്യാസം ലഭിക്കാത്തതും കൗമാരപ്രശ്‌നങ്ങള്‍ ശരിയായ രീതിയില്‍ പരിഹരിക്കപ്പെടാത്തതുമാണ് സ്വവര്‍ഗലൈംഗികത വ്യാപിക്കാന്‍ കാരണമെന്നും അവര്‍ പറഞ്ഞു. ‘ ഇവരാരും ജന്മനാ സ്വവര്‍ഗാനുരാഗികളല്ല. പക്ഷെ സാഹചര്യങ്ങള്‍ സ്വവര്‍ഗ ലൈംഗികതയിലേക്ക് അവരെ നയിക്കുകയായിരുന്നു. ഉപകാരങ്ങള്‍ക്ക് പ്രത്യുപകാരമായി മുതിര്‍ന്നവര്‍ ചെറിയ ആണ്‍കുട്ടികളെ ഉപയോഗിക്കുന്നു. കൗമാരക്കാര്‍ ഈ ചതിക്കുഴിയില്‍ വീഴുകയാണ്. അവര്‍ക്ക് മുതിര്‍ന്നവരെ തൃപ്തിപ്പെടുത്തേണ്ടി വന്നു’ ഗ്രെയ്‌സ് വ്യക്തമാക്കി.

സ്ഥലത്തെ ഇന്റര്‍നെറ്റ് കഫേ മുതലാളി തങ്ങളെ ലൈംഗിക ചൂഷണം ചെയ്തതായി ഒരു വിദ്യാലയത്തിലെ ആണ്‍കുട്ടികളില്‍ ചിലര്‍ കൗണ്‍സിലര്‍മാരോട് സമ്മതിച്ചിട്ടുണ്ട്. കഫേ മുതലാളി ഇതിന് പ്രത്യുപകാരമായി ഫ്രീയായി ഇന്റര്‍നെറ്റില്‍ അശ്ലീല ചിത്രങ്ങള്‍ കാണാന്‍ ഇവര്‍ക്ക് അവസരം കൊടുത്തെന്നും വിദ്യാര്‍ത്ഥികള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. കുട്ടികള്‍ക്ക് അശ്ലീലദൃശ്യങ്ങള്‍ കാണിച്ചുകൊടുത്ത് അവരെ ലൈംഗികബന്ധത്തിന് നിര്‍ബന്ധിച്ചുവെന്ന കുറ്റത്തിന് മാസങ്ങള്‍ക്ക് മുമ്പ് ഒരു ടി.ടി.ആറും, സ്ത്രീയും അറസ്റ്റിലായിരുന്നു.

രക്ഷിതാക്കളില്‍ നിന്നും അധ്യാപകരില്‍ നിന്നും കൗണ്‍സിലര്‍മാരില്‍ നിന്നും കുട്ടികള്‍ക്ക് മാര്‍ഗനിര്‍ദേശം ആവശ്യമാണ്. ഇത്തരം ചൂഷണങ്ങള്‍ക്ക് വിധേയരാകുന്നവര്‍ പഠനത്തില്‍ പിന്നോട്ട് പോകുന്നതായും ഞങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ‘ പഠനം നടത്തിയ ഡോക്ടര്‍മാരിലൊരാളായ തോമസ് പറഞ്ഞു.

Advertisement