ഹംസ ആലുങ്ങല്‍
തുമ്പപ്പൂവില്ലിന്ന് മുക്കുറ്റിപൂവില്ല
ഇല്ലല്ലോ കാക്കപ്പൂ തൊണ്ടിപ്പൂവും
ഉള്ളതു തമിഴക മന്തന് ജമന്തിപ്പൂ
ചെണ്ടുമല്ലിപ്പൂവും ചക്കമുല്ലേം
ലോറി കണക്കിനിങ്ങെത്തുമോണക്കാല-
ത്തതുകൊണ്ട് പൂക്കളം തീര്‍ക്കും നമ്മള്
പുവട്ടി വാങ്ങേണ്ട
പൂപ്പാട്ടു പാടേണ്ട
പിള്ളേര്‍ക്ക് പൂവിളി വേണ്ടവേണ്ട
(കുഞ്ഞുണ്ണി)
ആഘോഷങ്ങളുടെ ആത്മാവ് സൂക്ഷിപ്പുകാരായിരുന്ന മലയാളികളില്‍ നിന്ന് ഓണാഘോഷത്തിന്റെ മഹത്വങ്ങളൊക്കെ എന്നോ കൈമോശം വന്നിരിക്കുന്നു. ഓണപ്പൂക്കള്‍ മാത്രമല്ല നമുക്ക് നഷ്ടമായത്. അവയുടെ പരിശുദ്ധിയും ഒരു മഹോത്സവത്തിന്റെ പൈതൃകവുമാണ്. ഇന്ന് ഓണം പൊങ്ങച്ചത്തിന്റെ ഉത്സവമാണ്.
വീട്ടുമുറ്റത്തും തൊടിയിലും പൂത്തുലഞ്ഞ് നിന്നിരുന്ന പ്രകൃതിയുടെ സൗഭാഗ്യങ്ങളായ തുമ്പപ്പൂവും കൊങ്ങിണിപ്പൂവും ചെമ്പകപ്പൂവും പേരില്ലാപ്പൂക്കളും ഉപേക്ഷിച്ച നമ്മള് ആയിരങ്ങള്‍ നല്‍കിയാണ് കമ്പോളത്തില്‍ നിന്നും പൂക്കള്‍ വാങ്ങുന്നത്. അതു കൊണ്ടാണ് കൃത്രിമത്വങ്ങളുടെ പൂക്കളം തീര്‍ക്കുന്നത്. ഏറ്റവും ചെലവ് കൂടിയ പൂക്കളം എങ്ങനെ തീര്‍ക്കാമെന്നതിനാണ് മത്സരിച്ച് കൊണ്ടിരിക്കുന്നത്. ആഘോഷങ്ങളിലും നിഴല്‍ വിരിക്കുന്നത് ഇത്തരം ആര്‍ഭാടകാഴ്ചകള്‍ തന്നെ.
മൂന്ന് വര്‍ഷം മുമ്പ് കൊയിലാണ്ടിയിലെ കോളജ് വിദ്യാര്‍ഥികള്‍ പതിനാല് മണിക്കൂര്‍ ചെലവഴിച്ച് തീര്‍ത്ത പൂക്കളത്തില്‍ ഒരു ക്വിന്റല്‍ പൂക്കളാണ് ഉപയോഗിച്ചത്. ഇതിനായി പൊടിച്ച് കളഞ്ഞതോ അമ്പതിനായിരം രൂപയും. വിദ്യാര്‍ഥികള്‍ക്ക് പോലും പൊങ്ങച്ചം അഭിമാനത്തിന്റെ സിംമ്പലായി തീര്‍ന്നിരിക്കുന്നു. ഒരു പത്ര കോളത്തില്‍ ഇടംനേടി നിര്‍വൃതി അടയാന്‍ അവരൊഴുക്കിക്കളഞ്ഞത് അരലക്ഷം രൂപയാണത്രെ. പോയവര്‍ഷങ്ങളിലും ഇതിന്റെ ആവര്‍ത്തനങ്ങള്‍ കണ്ടു. ഇത്തവണയും കാണുന്നു അതിനേക്കാള്‍ ഭീകരമായ കാഴ്ചകള്‍.
കോഴിക്കോട് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ സ്വപ്ന നഗരിയില്‍ വിരിയിച്ച ഒരുമയുടെ സ്നേഹപ്പൂക്കളത്തിന് പതിനഞ്ച് ടണ്‍പൂക്കളമാണ് ചെലവഴിച്ചത്. 1500 കിലോ പൂക്കള്‍. നാല് വര്‍ഷംമുമ്പ് ഒരുക്വിന്റല്‍ പൂക്കള്‍ക്ക് അന്‍പതിനായിരം രൂപയായിരുന്നു വില. ഇന്നത് ഇരട്ടിയായിട്ടുണ്ടാകണം. ഇത്തവണ 12 ലോഡ് പൂക്കള്‍ക്ക് 6.7 ലക്ഷംരൂപയെ ആയൊള്ളൂ എന്നാണ് അധികൃതര്‍ നല്കുന്ന കണക്ക്. ഇത് പൂക്കള്‍ക്കു മാത്രം കൊടുക്കേണ്ട വില. ഇതോടൊപ്പം നാലുവേദികളില്‍ ആടാനും പാടാനും പ്രമുഖരുടെ നിരയെ നിരത്താനും വന്ന ചെലവ് വേറെ. മനുഷ്യപ്രയത്നത്തിന്റെ വില അതിലുമേറെ. കുറഞ്ഞത് പത്തുലക്ഷം രൂപയെങ്കിലും ആകടലില്‍ ഒഴുകിപ്പരന്നിരിക്കും.
ചെട്ടി, ജമന്തി, മുല്ല, കോഴിപ്പൂവ്, വാടാര്‍മല്ലി, അരളി, ഡാലിയ തുടങ്ങി ഏഴുതരം പൂക്കളാണ് ഈ ഗിന്നസ്പൂക്കളത്തിനായി വാരിവിതറിയത്. നാനൂറ് കള്ളികള്‍, ആയിരത്തി അഞ്ഞൂറോളം ആളുകള്‍, 128 മിനുറ്റ്കൊണ്ട് ലോകത്തിലെ ഏറ്റവും വലിയ പൂക്കളം വിടര്‍ന്നു. ഇനി എന്നും സാഹോദര്യവും മതേതരത്വവും കോഴിക്കോടന്‍ വാനില്‍ ഉയര്‍ന്ന് പറക്കും. സാമൂതിരിയുടെ നാട്ടില്‍ വീണ്ടും മാവേലി ഭരണത്തിന്റെ നിയമാവലികള്‍ പ്രാവര്‍ത്തികമാവും. മതമൈത്രിയെ തകര്‍ത്തെറിയാന്‍ ശ്രമിക്കുന്നവര്‍ക്ക് മുന്നറിയിപ്പാണെത്രെ പൊന്നും വിലകൊടുത്ത് വിടര്‍ത്തിയ ഈ സൗഹൃദക്കൂട്ടായ്മയുടെ പൂക്കളം.
ഒരു പത്തു കോടിയുടെ പൂക്കള്‍ കൂടി അയല്‍ സംസ്ഥാനത്തുനിന്ന് വരുത്തിയിരുന്നുവെങ്കില്‍ ലോകാവസാനംവരെ ആര്‍ക്കും തകര്‍ക്കാന്‍ പറ്റാത്ത പൂക്കളവും ഒരുക്കാമായിരുന്നു
മഹത്തരമായ ലക്ഷ്യങ്ങള്‍. ഒരിക്കലും പൂവണിയാത്ത സ്വപ്നങ്ങള്‍. ഈ സാങ്കല്‍പ്പിക സ്വപ്നം സാക്ഷാല്‍ക്കരിക്കാന്‍ ഇത്രയും ലക്ഷങ്ങളുടെ ധൂര്‍ത്ത് വേണമായിരുന്നോ…? സാധാരണക്കാരന്റെ നികുതിപ്പണത്തില്‍ നിന്നു തന്നെ ചോര്‍ത്തിക്കളയണമായിരുന്നോ ആ ലക്ഷങ്ങള്‍… ഈ ഭീമന്‍പ്പൂക്കളംകൊണ്ട് സാധാരണക്കാരന് എന്തുനേട്ടമുണ്ടായി. ഭരണകൂടത്തിനോ നാടിനോ ഉണ്ടായോ…? ഈ ചോദ്യത്തിന് ആരാണ് ഉത്തരം തരിക..?
ലോകത്തിലെ ഏറ്റവും വലിയ പൂക്കളമൊരുക്കിയതിന്റെ ക്രഡിറ്റ് ഇനി കോഴിക്കോടിന് സ്വന്തമെന്ന് പറയുമ്പോള്‍ നമ്മള് വിചാരിക്കുക അമേരിക്കയുടേയോ അന്റാര്‍ട്ടിക്കയുടേയോ ബ്രിട്ടന്റേയോ ജപ്പാന്റേയോ റിക്കാര്‍ഡ് തകര്‍ത്തു എന്നാവും. ലോകത്ത് മലയാളികള്‍ക്ക് മാത്രമല്ലെ ഓണാഘോഷമൊള്ളൂ. മറ്റാരെങ്കിലും അങ്ങനെയൊരു ശ്രമത്തിന് മുതിരുമോ….? ഒരാഴ്ചമുമ്പ് മാത്രം തൃശൂരില്‍ ലുലു കണ്വെന്ഷന് സെന്ററില്‍ തീര്‍ത്ത പൂക്കളത്തിന്റെ റിക്കാര്‍ഡ് മാത്രമാണിത് ഭേദിച്ചത്. കുത്തകകളെയൊക്കെ മത്സരിച്ച് തോല്‍പ്പിച്ച് വേണോ ഇവിടെ സാഹോദര്യം വിരിയിക്കാന്‍..?
തൃശൂരില്‍ ഏതാണ്ട് 12 ടണ്‍ പൂക്കള്‍ ഉപയോഗിച്ച് 14,400 ചതുരശ്രമീറ്റര്‍ വിസ്തൃതിയിലുള്ള പൂക്കളമാണ് ഒരുക്കിയിരുന്നത്. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും വരുത്തുന്ന പൂക്കള്‍ കൊണ്ടാണ് കേരളത്തില്‍ മഹാമഹം നടത്തുന്നത്. ആവശ്യമായ പൂക്കള്‍ ഇവിടെ ഉത്പാദിപ്പിക്കുന്നതിനെക്കുറിച്ചൊന്നും അധികാരികള്‍ക്ക് മിണ്ടാട്ടമില്ല. സ്വയം പര്യാപ്തതയുടെ സമൃദ്ധിയില്‍ നിന്ന്് ഒരുമയുടെ ഓണമുണ്ടായിരുന്നു ഈ മേള ഒരുക്കിയിരുന്നതെങ്കില്‍ എത്രനന്നായിരുന്നു. എന്നാല്‍ അവര്‍ അങ്ങനെയൊരുസ്വപ്നം പോലും കാണുന്നില്ല.
ഒരു പത്തു കോടിയുടെ പൂക്കള്‍ കൂടി അയല്‍ സംസ്ഥാനത്തുനിന്ന് വരുത്തിയിരുന്നുവെങ്കില്‍ ലോകാവസാനംവരെ ആര്‍ക്കും തകര്‍ക്കാന്‍ പറ്റാത്ത പൂക്കളവും ഒരുക്കാമായിരുന്നു. കോഴിക്കോട് അങ്ങാടിയെ മുഴുവന്‍ പൂക്കള്‍കൊണ്ട് അഭിഷേകം ചെയ്യാമായിരുന്നു. മാനവമൈത്രിയുടെ ഈ പൂക്കളത്തെ അങ്ങനെ അഭിമാനപുരസരം ലോകത്തിനുമുമ്പില്‍ സമര്‍പ്പിക്കാമായിരുന്നു.
ഇതുവരെ പൂക്കളും പച്ചക്കറിയുമൊക്കെയേ നമ്മള് വിലകൊടുത്തു വാങ്ങിയിരുന്നുള്ളു. സമൃദ്ധമായ സദ്യ ഒരുങ്ങിയിരുന്നത് സ്വന്തം ഊട്ടുപുരയില്‍ നിന്നു തന്നെയായിരുന്നു. അമ്മയും അമ്മൂമ്മയും സഹോദരിമാരും ഒത്തുചേര്‍ന്ന് സൗഹൃദത്തിന്റെ രുചിയിലും ഐക്യത്തിന്റെ ചേരുവയിലും തയ്യാറാക്കുന്ന ഈ വിഭവങ്ങള്‍ക്ക് അമ്മിഞ്ഞ പാലിന്റെ മധുരമായിരുന്നു. മാതൃത്വത്തിന്റെ സ്നേഹമായിരുന്നു. അവയില്‍ ഒരിക്കലും അനുഭവിച്ചിട്ടില്ലാത്ത, എത്ര വളര്‍ന്നാലും നാവിന്തുമ്പ് മറക്കാത്ത രുചി ഭേദങ്ങളുടെ നന്മകളായിരുന്നു.
എന്നാല്‍ ഇന്നോ ഉത്രാടദിന സദ്യയും തിരുവോണ സദ്യയും വിരലമര്‍ത്തുമ്പോഴേക്ക് വീട്ടു പടിക്കലെത്തുന്നു. അതുവരെ ചാനല്‍ ഓണാഘോഷങ്ങള്‍ കണ്ട് രസിക്കാം. അന്യമായ ഓണക്കളികളും ഊഞ്ഞാലാട്ടവും മറന്ന് വിശ്വ സുന്ദരിമാരുടെ അഭിമുഖങ്ങളിലും മിമിക്രിക്കാരുടെ കോപ്രായങ്ങളിലും മതിമറന്ന് ചിരിക്കാം.
അടുക്കളയില്‍ തീ പുകക്കേണ്ട, സദ്യ ഒരുക്കാന്‍ തത്രപെടേണ്ട, പായസവും അടപ്രഥമനും പാലടയും എല്ലാം നമ്മുടെ വീട്ടു വാതില്‍ക്കലെത്തിക്കാന്‍ കാറ്ററിംഗ് ഏജന്‍സികളും ഹോട്ടലുകളും ഓണ്‍ലൈന്‍ സംവിധാനമൊരുക്കിയാണ് മത്സരിക്കുന്നത്. അറുപത് രൂപ മുതല്‍ 600രൂപ വരെയേ ഒരാള്‍ക്ക് ചെലവ് വരൂ. നേരത്തെ ബുക്ക് ചെയ്താല്‍ മാത്രം മതി. സംസ്ഥാനത്ത് തിരുവനന്തപുരം, എറണാകുളം കോഴിക്കോട് തുടങ്ങിയ നഗരങ്ങളില്‍ പ്രത്യക്ഷപ്പെട്ട ഇത്തരം സേവനങ്ങള്‍ ഗ്രാമങ്ങളിലേക്ക് കൂടി പടര്‍ന്നിരിക്കുന്നു.
ഒരു മഹത്തായ പാരമ്പര്യത്തേയും ചരിത്രത്തേയും പരിഹസിക്കുകയല്ലെ ഇതിലൂടെയെല്ലാം മലയാളികള്‍ ചെയ്യുന്നത്? അല്ലെങ്കില്‍ അതിന്റെ മഹത്വത്തെ വിസ്മരിക്കുകയാണ്. എല്ലാ ഉത്സവങ്ങള്‍ക്ക് പിന്നിലും സുദീര്‍ഘമായ ചരിത്രമോ ഐതിഹ്യമോ കാണും. മലയാളിയുടെ ദേശീയോത്സവമായ ഓണത്തിനുമുണ്ട് ഏറെ ഐതിഹ്യങ്ങള്‍. അത് സമൃദ്ധിയുടെ യുഗത്തില്‍ കേരളം ഭരിച്ചിരുന്ന മഹാബലിയെ വാമനാവതാരം പൂണ്ട വിഷ്ണു പാതാളത്തിലേക്കു ചവിട്ടിത്താഴ്ത്തിയ ഐതിഹ്യത്തില്‍ മാത്രം ഒതുങ്ങുന്നില്ല.
കൃഷി ജീവിതത്തിന്റെ ഭാഗം തന്നെയായിരുന്നുവെന്ന് കരുതിപ്പോന്നിരുന്ന ഒരു ജനസമൂഹത്തിന്റെ കൊയ്ത്തുത്സവം കൂടിയാണ് ഓണം. ഓണത്തെപ്പറ്റിയുള്ള പരാമര്‍ശങ്ങള്‍ പ്രാചീന സാഹിത്യത്തില്‍ വരെ വിവരിക്കുന്നുണ്ട്.
മഴമാറി തെളിഞ്ഞ ശ്രാവണമാസത്തില്‍ (ചിങ്ങം) മധുരയില്‍ ഓണം ആഘോഷിക്കുന്നതിനെപ്പറ്റി മങ്കുടി മരുതനാരുടെ മധുരൈകാഞ്ചി എന്ന സംഘകാല തമിഴ്കൃതിയില്‍ വിവരിക്കുന്നതായി എ ശ്രീധരമേനോന് തന്റെ കേരള സംസ്കാരം എന്നകൃതിയില്‍ പരാമര്‍ശിക്കുന്നുണ്ട്. കുലശേഖര ചക്രവര്‍ത്തിമാരുടെ കാലത്ത് (എ ഡി 800-1112)രാജകീയാഡംബരങ്ങളോടെ തൃക്കാക്കരയില്‍ ഓണമാഘോഷിച്ചിരുന്നു. ഇരുപത്തെട്ട് ദിവസം നീളുന്ന ഈ ആഘോഷത്തെപ്പറ്റി വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. 18ാംദശകത്തില്‍ ഈസ്റ്റ് ഇന്ത്യയിലുള്ള സഞ്ചാരം എന്നകൃതിയില്‍ ബര്‍ത്തലോമിയോ കേരളത്തിലെ ഓണാഘോഷത്തെപ്പറ്റി വിവരിക്കുന്നു. എന്നാല്‍ 1961ലാണ് കേരള സര്‍ക്കാര്‍ ഓണം ദേശീയോത്സവമെന്ന നിലയില്‍ കൊണ്ടാടാന്‍ തുടങ്ങിയത്.
അവന്റെ പോക്കറ്റും രാജ്യത്തിന്റെ ഖജനാവും ചോര്‍ന്ന് കൊണ്ടേയിരിക്കുകയാണ്. അതാരും കാണുന്നില്ല.
ആഘോഷം അത്തം നാളിലാണ് തുടങ്ങുക. കൊച്ചിയില്‍ രാജഭരണം നില നിന്നപ്പോള്‍ അത്തച്ഛമയാഘോഷത്തോടെ ഓണം കൊണ്ടാടിയിരുന്നു. ഇപ്പോഴത് സര്‍ക്കാറിന്റെ ആഭിമുഖ്യത്തില്‍ തന്നെയാണ് ആഘോഷിക്കുന്നത്.
ഓണവിശേഷ ദിനങ്ങള്‍ ഉത്രാടം, തിരുവോണം എന്നിവയാണ്. അന്ന്കൂട്ടുകുടുംബങ്ങളെല്ലാം ഒത്തുകൂടുന്നു. പരസ്പരം സ്നേഹം പങ്കുവെക്കുന്നു.സമ്മാനങ്ങള്‍ കൈമാറുന്നു. കുടുംബകാരണവര് ഇളയവര്‍ക്കും വീട്ടുജോലിക്കാര്‍ക്കും പാട്ടക്കാര്‍ക്കും ഓണക്കോടി സമ്മാനിക്കുന്നു. പാട്ടക്കാര് ജന്മിമാര്‍ക്ക് മലക്കറികളും വാഴക്കുലകളും മറ്റും കാഴ്ചവെക്കുന്നു. ഇതൊക്കെയായിരുന്നു പോയകാലത്തെ ഓണാഘോഷങ്ങളുടെ രീതി. ജന്മിത്തം അവസാനിച്ചതോടെ ഈ ഓണക്കാഴ്ചാ സമ്പ്രദായം നിലച്ചു.
എന്നാല്‍ അന്നോ ശേഷമോ ഓണം ആര്‍ഭാടത്തിന്റേയും ധൂര്‍ത്തിന്റേയും കെട്ടിചമക്കലുകളായിരുന്നില്ല. ഒരു സുവര്‍ണകാലത്തെ അനുസ്മരിപ്പിക്കുന്ന ഈ ചടങ്ങ് വിപുലമാകുമ്പോള്‍ തന്നെ തീര്‍ച്ചയായും അതിന്റെ പാരമ്പര്യത്തേയും ഐതിഹ്യത്തെയും കാത്ത് സൂക്ഷിക്കേണ്ടതുണ്ട്. അത് തിരിച്ചറിയേണ്ടതുമുണ്ട്. ആത്മാര്‍ഥമായും ഉള്ളറിഞ്ഞും ആഘോഷിക്കപ്പെടുമ്പോഴേ ഉത്സവമായാലും ആരാധനയായാലും അത് അര്‍ഥവത്താകുന്നുള്ളു. എന്നാല്‍ ഇന്ന് ആഘോഷങ്ങളെത്തെന്നെ വിലക്കെടുക്കാനാകുന്നതുകൊണ്ട് നമ്മളില്‍ പലരും അഭിനയിച്ച് തീര്‍ക്കുകയാണ്.
ഓണം മദ്യരാജാക്കന്മാര്ക്ക് വയറ് വീര്‍പ്പിക്കാനുള്ള അസുലഭ ദിനങ്ങളായിത്തീര്‍ന്നിരിക്കുന്നു. വ്യാജമദ്യ ലോബികള്‍ക്ക് തടിച്ച് കൊടുക്കാനുള്ളതാണ്. യുവതലമുറക്ക് മദ്യപ്പുഴകളില്‍ മുങ്ങിത്താഴാനുള്ളതാണ്. പച്ചക്കറി വിപണിയിലൂടെയും പഴ വിപണിയിലൂടെയും പൂവിപണിയിലൂടെയും അയല്‍ സംസ്ഥാനങ്ങള്‍ക്ക് സമൃദ്ധി വാരാനുള്ളതാണ്.
ആര്‍ഭാടത്തിന്റെയും പൊങ്ങച്ചത്തിന്റെയും പേടകങ്ങളിലിരുന്ന് മലയാളിക്ക് മറ്റുള്ളവരെ ഊട്ടാനല്ലേ അറിയൂ. അവന്റെ പോക്കറ്റും രാജ്യത്തിന്റെ ഖജനാവും ചോര്‍ന്ന് കൊണ്ടേയിരിക്കുകയാണ്. അതാരും കാണുന്നില്ല.
ഒരു ഓണത്തിനും സാംസ്കാരികമായോ സാമ്പത്തികമായോ സാമൂഹികമായോ അവനെ ഉയര്‍ത്തുവാന്‍ കഴിയുന്നില്ല. കാലം പറയുന്ന കഥകളിലെല്ലാം മൂല്യ ശോഷണത്തിന്റെ മടിശ്ശീല പൊക്കിപ്പിടിക്കാനെ മലയാളിക്കാവുന്നുള്ളു. ഇത് എന്നാണ് നമ്മള് സ്വയം തിരിച്ചറിയുക? എന്നാണ് ഇതില്‍ നിന്നുമൊരു പിന്തിരിഞ്ഞ് നടത്തമുണ്ടാവുക?
(ലേഖകന്റെ ഇമെയില്‍ വിലാസം:hamzaalungal07@gmail.com, മൊബൈല്‍ നമ്പര്‍: 09946570745)


