ഓണാഘോഷങ്ങള്‍ എന്നും അന്യമായിരുന്നു: പ്രിയാമണി
Daily News
ഓണാഘോഷങ്ങള്‍ എന്നും അന്യമായിരുന്നു: പ്രിയാമണി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 10th September 2016, 12:42 pm

കുട്ടിക്കാലം ചിലവഴിച്ചത് മുഴുവന്‍ ബാംഗ്ലൂര്‍ എന്ന വലിയ നഗരത്തിലായതിനാല്‍ തന്നെ ഓണവും ഓണാഘോഷവും എന്നും നഷ്ടമാവാറായിരുന്നു


മലയാളികള്‍ക്ക് ഓണവും ഓണാഘോഷവും എന്നും പ്രിയപ്പെട്ടതാണ്. എന്നാല്‍ സിനിമയിലുള്ളവരുടെ ഓണാഘോഷങ്ങള്‍ പലതും ലൊക്കേഷനുകളിലും സ്റ്റുഡിയോകളിലും മറ്റും ആയിരിക്കും. അങ്ങനെ തന്നെയാണ് നടി പ്രിയാമണിയുടേയും ഓണാഘോഷം. പ്രിയാ മണി കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഓണം ആഘോഷിക്കുന്നത് റിയാലിറ്റി ഷോ കുടുംബാംഗങ്ങള്‍ക്കൊപ്പമാണ്.

കുട്ടിക്കാലം ചിലവഴിച്ചത് മുഴുവന്‍ ബാംഗ്ലൂര്‍ എന്ന വലിയ നഗരത്തിലായതിനാല്‍ തന്നെ ഓണവും ഓണാഘോഷവും എന്നും നഷ്ടമാവാറായിരുന്നു എന്ന് പ്രിയാ മണി പറയുന്നു.

പരമ്പരാഗതമായ ഓണം ആഘോഷങ്ങളില്‍ പങ്കെടുക്കാനോ അത് ആസ്വദിക്കാനോ ഇതുവരെ സാധിച്ചിരുന്നില്ല. ഓണാഘോഷം എങ്ങനെയാണെന്ന് അറിയുന്നത് ഡാന്‍സ് റിയാലിറ്റി ഷോയില്‍ ജഡ്ജ് ആയി വന്നതിന് ശേഷമാണെന്നും പ്രിയാ മണി പറയുന്നു.

ഓണാഘോഷത്തിന്റെ എല്ലാ രീതികളും ഞാന്‍ ആസ്വദിച്ചു. ഡാന്‍സ് ഷോയിലെ എല്ലാവരും ഒരു കുടുംബം പോലെയാണ്. അതുകൊണ്ട് തന്നെ ആഘോഷങ്ങള്‍ക്കും മാറ്റുകൂടും. കഴിഞ്ഞ നാല് വര്‍ഷമായി എന്റെ ഓണാഘോഷം റിയാലിറ്റിഷോ കുടുംബത്തിനൊപ്പമാണ്.

അവിടെ ഓണക്കളികള്‍ സംഘടിപ്പിക്കുകയും ഓണസദ്യ വിളമ്പുകയും ചെയ്യും. കമ്പവലിയും ഉറിയടിയും തിരുവാതിരിക്കളിയും തുടങ്ങി ഓണവുമായി ബന്ധപ്പെട്ട എല്ലാ മത്സരങ്ങളും നടത്താറുണ്ട്.

ഇത്തരമൊരു ഷോയുടെ ഭാഗമാകാന്‍ കഴിഞ്ഞതുകൊണ്ടുമാത്രമാണ് ഓണാഘോഷങ്ങളുടെ ഭാഗമാകാന്‍ തനിക്കും അവസരം ലഭിച്ചതെന്നും പ്രിയാമണി പറയുന്നു.