പഠാന്‍കോട്ടും ഉറിയും ഓര്‍മ്മയുണ്ടോ; നിര്‍മ്മല സീതാരാമന് ചിദംബരത്തിന്റെ മറുപടി
national news
പഠാന്‍കോട്ടും ഉറിയും ഓര്‍മ്മയുണ്ടോ; നിര്‍മ്മല സീതാരാമന് ചിദംബരത്തിന്റെ മറുപടി
ന്യൂസ് ഡെസ്‌ക്
Monday, 14th January 2019, 5:58 pm

ന്യൂദല്‍ഹി: ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം വന്‍ ഭീകരാക്രമണങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ലെന്ന പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് പി.ചിദംബരം.

തീവ്രവാദി ആക്രമണങ്ങളുണ്ടായിട്ടില്ല എന്ന അവകാശവാദത്തിന് പഠാന്‍കോട്ടും ഉറിയും ഓര്‍മ്മയുണ്ടോ എന്ന ചോദ്യമുയര്‍ത്തിയാണ് ചിദംബരം നിര്‍മ്മലയ്ക്ക് മറുപടി നല്‍കിയത്.

Read Also : ജെ.എന്‍.യു മുദ്രാവാക്യ കേസ്; കനയ്യകുമാറിനും ഉമര്‍ഖാലിദിനും സുഹൃത്തുക്കള്‍ക്കുമെതിരെ കുറ്റപത്രം സമര്‍പ്പിച്ചു

പ്രതിരോധമന്ത്രിക്ക് ഇന്ത്യയുടെ ഭൂപടമെടുത്ത് പഠാന്‍കോട്ടും ഉറിയും അടയാളപ്പെടുത്താന്‍ സാധിക്കുമോയെന്നും പഠാന്‍കോട്ട്, ഉറി അക്രമണ ചരിത്രം നിലനില്‍ക്കെ പ്രതിരോധമന്ത്രിയുടെ ഈ പ്രസ്താവനയിലൂടെ പാകിസ്താന് ക്ലീന്‍ ചീട്ട് നല്‍കുകയാണോ എന്നും അദ്ദേഹം ചോദിച്ചു.

അവിശ്വസനീയവും സത്യ വിരുദ്ധവുമായ മന്ത്രിയുടെ പ്രസ്താവന ജനങ്ങള്‍ 2019 മെയ് മാസത്തിന് ശേഷവും ഓര്‍ത്തിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദല്‍ഹിയില്‍ ബി.ജെ.പി ദേശീയ കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കവേയായിരുന്നു പ്രതിരോധ മന്ത്രി ഭീകരാക്രമണങ്ങള്‍ ഉണ്ടായിട്ടില്ലെന്ന അവകാശവാദം ഉന്നയിച്ചത്.

തീവ്രവാദികള്‍ക്ക് ഇന്ത്യന്‍ മണ്ണില്‍ കാലുകുത്താനുള്ള ഒരു സാഹചര്യവും ഉണ്ടായിട്ടില്ലെന്നും മോദിയുടെ ഭരണമികവിന് ഏറ്റവും വലിയ ഉദാഹരണമാണിതെന്നും അവര്‍ പറഞ്ഞിരുന്നു.