രണ്ട് വര്‍ഷം മുമ്പ് ഇതേ ദിവസം, രണ്ട് സൂപ്പര്‍ ഓവറുകളില്‍ വിധിയെഴുതിയ മത്സരത്തില്‍ അഫ്ഗാനിസ്ഥാനെ പരാജയപ്പെടുത്തി ഇന്ത്യ പരമ്പര ക്ലീന്‍ സ്വീപ് ചെയ്തത് ഇന്ത്യന്‍ ആരാധകര്‍ അത്ര പെട്ടന്നൊന്നും മറക്കാനിടയില്ല. ഇന്ത്യ ഉയര്‍ത്തിയ റണ്‍മല താണ്ടിയെത്തിയ അഫ്ഗാനിസ്ഥാന്‍ വീരോചിതമായാണ് പരാജയപ്പെട്ടത്.
ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുത്തു. മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ രണ്ട് മത്സരവും വിജയിച്ച് പരമ്പര നേടിയ ഇന്ത്യ, സീരീസ് ക്ലീന്‍ സ്വീപ്പിനാണ് ബെംഗളൂരുവിലിറങ്ങിയത്.
പരമ്പര നേടിയ ഇന്ത്യന്‍ ടീം ട്രോഫിയുമായി. Photo: BCCI/x.com
ക്യാപ്റ്റന് രോഹിത് ശര്‍മയുടെ അപരാജിത സെഞ്ച്വറി കരുത്തില്‍ ഇന്ത്യ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 212 റണ്‍സ് നേടി. 69 പന്ത് നേരിട്ട ഹിറ്റ്മാന്‍ പുറത്താകാതെ 121 റണ്‍സാണ് അടിച്ചെടുത്തത്. 39 പന്തില്‍ പുറത്താകാതെ 69 റണ്‍സുമായി റിങ്കു സിങ്ങും തിളങ്ങി.
സെഞ്ച്വറി നേടിയ രോഹിത്. Photo: BCCI/x.com
മറുപടി ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാനിസ്ഥാനും 212 റണ്‍സ് അടിച്ചെടുത്തു. ഗുല്‍ബദീന്‍ നയീബ്, റഹ്‌മാനുള്ള ഗുര്‍ബാസ്, ക്യാപ്റ്റന്‍ ഇബ്രാഹിം സദ്രാന്‍ എന്നിവരുടെ അര്‍ധ സെഞ്ച്വറികളുടെ കരുത്തിലാണ് അഫ്ഗാനിസ്ഥാന്‍ ഇന്ത്യ ഉയര്‍ത്തിയ റണ്‍മലയ്ക്ക് നെറുകയിലെത്തിയത്.
സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്‍ റഹ്‌മാനുള്ള ഗുര്‍ബാസിന്റെ കരുത്തില്‍ 16 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങിനറങ്ങിയ ഇന്ത്യയ്ക്കും 16 റണ്‍സാണ് കണ്ടെത്താന്‍ സാധിച്ചത്. രണ്ട് സിക്‌സറുമായി രോഹിത് ശര്‍മയാണ് ഇന്ത്യയെ പരാജയത്തില്‍ നിന്നും കരകയറ്റിയത്.