എട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ്, 2017ല്‍ ഇതേ ദിവസം ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികളുടെ പ്രിയ താരം രോഹിത് ശര്‍മ ടി – 20യില്‍ അതിവേഗം ഒരു സെഞ്ച്വറി അടിച്ചു. അതിനായി താരത്തിന് വേണ്ടി വന്നത് വെറും 35 പന്തുകള്‍ മാത്രമായിരുന്നു. ഇന്നും ഇത് തന്നെയാണ് കുട്ടി ക്രിക്കറ്റില്‍ ഇന്ത്യന്‍ താരങ്ങളുടെ ഏറ്റവും വേഗമേറിയ സെഞ്ച്വറി.
രോഹിത് ശര്‍മ. Photo: Tanuj/x.com
അന്ന് ആ വെടിക്കെട്ടോടെ കുട്ടി ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ സെഞ്ചൂറിയനായി സൗത്ത് ആഫ്രിക്കന്‍ ബാറ്റര്‍ ഡേവിഡ് മില്ലറിനൊപ്പം രോഹിത് തന്റെ പേര് ചേര്‍ത്തു. ശ്രീലങ്കക്ക് എതിരെയുള്ള പരമ്പരയിലെ രണ്ടാം മത്സരത്തിലായിരുന്നു അന്നത്തെ ഇന്ത്യന്‍ ക്യാപ്റ്റന്റെ താണ്ഡവം. അന്നും ഓപ്പണറായി ഇറങ്ങിയായിരുന്നു രോഹിത് എന്ന മുംബൈക്കാരന്‍ മൂന്നക്കം കടന്നത്.
മത്സരത്തില്‍ ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യക്കായി രോഹിത് കൊടുങ്കാറ്റ് അയച്ച് വിടുകയായിരുന്നു. മറ്റൊരു ഓപ്പണറായ കെ.എല്‍ രാഹുലിനെ കൂട്ടുപിടിച്ച് ലങ്കന്‍ താരങ്ങളെ വലം കൈയ്യന്‍ ബാറ്റര്‍ തല്ലി ചതച്ചു. ഇരുവരുടെയും വെടിക്കെട്ട് ഇന്ത്യന്‍ സ്‌കോര്‍ വളരെ വേഗത്തില്‍ നൂറും കടന്നു മുന്നേറി.
ഏറെ വൈകാതെ രോഹിത് മൂന്നക്കം കടന്നു. ആഞ്ചലോ മാത്യൂസ് എറിഞ്ഞ 12ാം ഓവറിലെ രണ്ടാം പന്തില്‍ ഫോറടിച്ചായിരുന്നു താരത്തിന്റെ സെഞ്ച്വറി നേട്ടം. സെഞ്ച്വറി നേടിയിട്ടും ലങ്കയ്ക്ക് എതിരെയുള്ള മത്സരത്തില്‍ താരം തന്റെ വെടിക്കെട്ട് അവസാനിപ്പിച്ചിരുന്നില്ല.
പിന്നെയും 17 റണ്‍സ് അടിച്ചെടുത്താണ് രോഹിത് മടങ്ങിയത്. 165ല്‍ രോഹിത് തിരികെ നടക്കുമ്പോള്‍ താരത്തിന്റെ ബാറ്റില്‍ നിന്ന് മാത്രം പിറന്നത് 118 റണ്‍സാണ്. ആ ഇന്നിങ്‌സില്‍ അതിര്‍ത്തി കടന്നതാകട്ടെ പത്ത് സിക്‌സറുകളും 12 ഫോറുകളുമാണ്. 274.42 എന്ന സൂപ്പര്‍ സ്‌ട്രൈക്ക് റേറ്റും രോഹിത്തിനുണ്ടായിരുന്നു.
35 പന്തിലെ സെഞ്ച്വറി നേട്ടത്തോടെ രോഹിത് ടി – 20യിലെ ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ സെഞ്ച്വറികളില്‍ ഒന്ന് തന്റെ പേരിലാക്കി. ആറ് വര്‍ഷത്തോളം ഈ റെക്കോഡ് നിലനിര്‍ത്താനും താരത്തിന് സാധിച്ചു.
RELIVE THE ICONIC MOMENT OF ROHIT SHARMA’s 35 BALL HUNDRED IN T20I. 🤯🔥
2023ല്‍ നേപ്പാള്‍ താരം കുശാല്‍ മല്ലയാണ് ഈ റെക്കോഡ് തിരുത്തിയെഴുതിയത്. എന്നാല്‍, ഒരു ഇന്ത്യക്കാരന്റെ ഏറ്റവും വേഗതയേറിയ സെഞ്ച്വറി എട്ട് വര്‍ഷങ്ങള്‍ക്കിപ്പുറം രോഹിത്തിന്റെ പേരില്‍ തന്നെയാണ്. ഈ വര്‍ഷം അഭിഷേക് ശര്‍മ താരത്തിന്റെ അടുത്ത് എത്തിയെങ്കിലും ഹിറ്റ്മാന്‍ തന്റെ നേട്ടം ഒരു കുലുക്കവുമില്ലാതെ കാത്തു.
ടി – 20യില്‍ ഏറ്റവും വേഗതയേറിയ സെഞ്ച്വറി നേടിയ ഇന്ത്യന്‍ താരങ്ങള്‍
( താരം – പന്ത് – എതിരാളി – വര്‍ഷം എന്നീ ക്രമത്തില്‍)
രോഹിത് ശര്‍മ – 35 – ശ്രീലങ്ക – 2017
അഭിഷേക് ശര്‍മ – 37 – ഇംഗ്ലണ്ട് – 2025
സഞ്ജു സാംസണ്‍ – 40 – ബംഗ്ലാദേശ് – 2024
തിലക് വര്‍മ – 41 – സൗത്ത് ആഫ്രിക്ക – 2024
സൂര്യകുമാര്‍ യാദവ് – 45 – ശ്രീലങ്ക – 2023
അതേസമയം, രോഹിത്തിന്റെ കരുത്തില്‍ ഇന്ത്യ മത്സരത്തില്‍ അഞ്ചിന് 260 റണ്‍സ് സ്‌കോര്‍ ചെയ്തു. 49 പന്തില്‍ 89 റണ്‍സെടുത്ത കെ.എല്‍ രാഹുലിന് ഇന്ത്യയുടെ രണ്ടാം ടോപ് സ്‌കോററായി.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ശ്രീലങ്കയ്ക്കായി 37 പന്തില്‍ 77 റണ്‍സെടുത്ത് കുശാല്‍ പെരേര ടീമിനായി കിണഞ്ഞു പരിശ്രമിച്ചു. എന്നാല്‍, അതൊന്നും കുല്‍ – ച ബൗളിങ് സഖ്യത്തിന് മുന്നില്‍ ഫലം കണ്ടില്ല. അതോടെ ലങ്ക ഒമ്പത് വിക്കറ്റിന് 172 റണ്‍സില്‍ തങ്ങളുടെ പോരാട്ടം അവസാനിപ്പിച്ചു. പേശി വലിവ് കാരണം ആഞ്ചലോ മാത്യൂസ് ബാറ്റിങ്ങിന് ഇറങ്ങാതിരുന്നതോടെയാണ് 16 പന്തുകള്‍ ബാക്കി നില്‍ക്കെ ഇന്ത്യയോട് ലങ്ക 88 റണ്‍സിന്റെ തോല്‍വി വഴങ്ങിയത്.
ഇന്ത്യക്കായി യൂസ്വേന്ദ്ര ചഹല്‍ നാല് വിക്കറ്റും കുല്‍ദീപ് യാദവ് മൂന്ന് വിക്കറ്റും വീഴ്ത്തി. വിജയത്തോടെ പരമ്പര ഇന്ത്യ സ്വന്തമാക്കുകയും ചെയ്തു.
Content Highlight: On this day in 2017 Rohit Sharma scored fastest T20I century by an Indian player