നീരവ് മോദിയെ അറസ്റ്റു ചെയ്തതിന്റെ ക്രെഡിറ്റ് മോദിക്കല്ല; സിനിമയുടെ തിരക്കഥപോലെയാണ് ഇതെല്ലാം തയാറാക്കിയിരിക്കുന്നത്: മമത
national news
നീരവ് മോദിയെ അറസ്റ്റു ചെയ്തതിന്റെ ക്രെഡിറ്റ് മോദിക്കല്ല; സിനിമയുടെ തിരക്കഥപോലെയാണ് ഇതെല്ലാം തയാറാക്കിയിരിക്കുന്നത്: മമത
ന്യൂസ് ഡെസ്‌ക്
Thursday, 21st March 2019, 9:04 am

കൊല്‍ക്കത്ത: വായ്പാ തട്ടിപ്പു നടത്തി രാജ്യം വിട്ട വജ്രവ്യാപാരി നീരവ് മോദിയെ അറസ്റ്റു ചെയ്തതിന്റെ ക്രെഡിറ്റ് മോദി സര്‍ക്കാറിനല്ലെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ഇതുപോലുള്ള നിരവധി സര്‍ജിക്കല്‍ സ്‌ട്രൈക്കുകള്‍ തെരഞ്ഞെടുപ്പ് കാലത്ത് ബി.ജെ.പി പുറത്തിറക്കുമെന്നും മമത വിമര്‍ശിച്ചു.

ഇതുപോലെ രണ്ടോ മൂന്നോ സ്‌ട്രൈക്കുകള്‍ ഉണ്ടാകും. സിനിമയുടെ തിരക്കഥപോലെയാണ് ഇതെല്ലാം തയാറാക്കിയിരിക്കുന്നത്. കേന്ദ്രം ബോധപൂര്‍വം ഇത്തരംകാര്യങ്ങള്‍ ചെയ്യുമെന്നും മമത കുറ്റപ്പെടുത്തി.

മോദിയെ പിടികൂടിയതിന്റെ അംഗീകാരം ലണ്ടന്‍ ടെലിഗ്രാഫിന്റെ മാധ്യമപ്രവര്‍ത്തകനുള്ളതാണെന്നും അദ്ദേഹമാണ് മോദിയെ ലോകത്തിനു മുന്നില്‍ വെളിപ്പെടുത്തിയതെന്നും മമത കൂട്ടിച്ചേര്‍ത്തു.

Read Also : അധ്യാപികയുടെ ക്രൂരത; ടോയ്‌ലറ്റിൽ പോകാൻ അനുവാദം കിട്ടാതെ വിദ്യാർത്ഥി എസ്.എസ്.എൽ.സി. പരീക്ഷ ഹാളിൽ മലമൂത്ര വിസർജനം നടത്തി

“സര്‍ക്കാരിനു വിശ്വാസ്യത ഇല്ല. കേന്ദ്രസര്‍ക്കാര്‍ കാലാഹരണപ്പെട്ടതായി താന്‍ നേരത്തെ പറഞ്ഞിരുന്നതാണ്. കാലാഹരണപ്പെട്ടവരുടെ മരുന്ന് ആവശ്യമില്ല. നമ്മള്‍ കാലാഹരണപ്പെട്ട മരുന്നുകള്‍ ഒരിക്കലും വാങ്ങരുത്” മമത പറഞ്ഞു.

ലണ്ടന്‍ നഗരമധ്യത്തിലൂടെ നടക്കുന്ന നീരവ് മോദിയുടെ വീഡിയോ പകര്‍ത്തി യു.കെ ഡെയ്ലി ടെലഗ്രാഫ് പുറത്തു വിട്ടിരുന്നു.

വായ്പാ തട്ടിപ്പു നടത്തി രാജ്യം വിട്ട വജ്രവ്യാപാരി നീരവ് മോദി ലണ്ടനില്‍ കഴിഞ്ഞ ദിവസമാണ് അറസ്റ്റിലായത്. ഈ മാസം 25ന് നീരവ് മോദിയെ ഹാജരാക്കണമെന്ന് കോടതിയുടെ ഉത്തരവിട്ടിരുന്നു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ആവശ്യപ്രകാരമായിരുന്നു കോടതി നടപടി.

കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതോടെ 48കാരനായ നീരവ് മോദിയെ ഏത് ദിവസം വേണമെങ്കിലും അറസ്റ്റ് ചെയ്‌തേക്കാമെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അറസ്റ്റിനുശേഷം വെസ്റ്റ്മിനിസ്റ്റര്‍ കോടതിയില്‍ അദ്ദേഹത്തിനെതിരെ വിചാരണ തുടങ്ങാന്‍ സാധിക്കും. അല്ലാത്തപക്ഷം കോടതി ഉത്തരവിടുകയാണെങ്കില്‍ ഇന്ത്യയിലേക്ക് നാട് കടത്തുകയോ ചെയ്യാം.

നീരവ് മോദിയുടെ അറസ്റ്റുമായി ബന്ധപ്പെട്ട് ബ്രിട്ടന്‍ ഇന്ത്യന്‍ സര്‍ക്കാറിന് കൈമാറിയ രേഖകളോട് കേന്ദ്ര സര്‍ക്കാര്‍ പ്രതികരിച്ചില്ലെന്ന റിപ്പോര്‍ട്ടുകള്‍ അടുത്തിടെ പുറത്തുവന്നിരുന്നു. ഈ സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ഇന്ത്യന്‍ സര്‍ക്കാര്‍ നീരവ് മോദിയുടെ അറസ്റ്റ് വൈകിപ്പിച്ചതെന്ന ആക്ഷേപം നിലനില്‍ക്കുന്നുണ്ട്.