ബി.ജെ.പി പാളയത്തിലും മമത ബാനര്‍ജിയുടെ കരുനീക്കം; 'പറയുന്നതേ ചെയ്യൂ, ചെയ്യൂന്നതേ പറയൂ'; മമതയെ വാനോളം പ്രശംസിച്ച് സുബ്രഹ്മണ്യന്‍ സ്വാമി
national news
ബി.ജെ.പി പാളയത്തിലും മമത ബാനര്‍ജിയുടെ കരുനീക്കം; 'പറയുന്നതേ ചെയ്യൂ, ചെയ്യൂന്നതേ പറയൂ'; മമതയെ വാനോളം പ്രശംസിച്ച് സുബ്രഹ്മണ്യന്‍ സ്വാമി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 25th November 2021, 8:36 am

ന്യൂദല്‍ഹി: ദല്‍ഹി സന്ദര്‍ശനത്തിനിടെ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിയുമായി കൂടിക്കാഴ്ച നടത്തി.

ബംഗാളിലെ രാഷ്ട്രീയ സാഹചര്യമാണ് തങ്ങള്‍ ചര്‍ച്ച ചെയ്തതെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം സുബ്രഹ്മണ്യന്‍ സ്വാമി പ്രതികരിച്ചു.

തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരുമോ എന്ന ചോദ്യത്തിന് താന്‍ മമതയ്‌ക്കൊപ്പം ഉണ്ടെന്നും അതുകൊണ്ട് താന്‍ പ്രത്യേകിച്ച് ചേരേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇതിന് പിന്നാലെ സുബ്രഹ്മണ്യന്‍ സ്വാമി മമതയെ പ്രശംസിച്ച് ട്വീറ്റ് ചെയ്യുകയും ചെയ്തു.

” ഞാന്‍ കണ്ടിട്ടുള്ളതോ ഒപ്പം പ്രവര്‍ത്തിച്ചവരോ ആയ രാഷ്ട്രീയക്കാരില്‍, മമത ബാനര്‍ജിയുടെ സ്ഥാനം ജെ.പി. (ജയപ്രകാശ് നാരായണന്‍), മൊറാര്‍ജി ദേശായി, രാജീവ് ഗാന്ധി, ചന്ദ്രശേഖര്‍, പി.വി. നരസിംഹ റാവു എന്നിവര്‍ക്കൊപ്പമാണ്. അവര്‍ ചെയ്യുന്നതേ പറയൂ, പറയുന്നതേ ചെയ്യ, ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അതൊരു അപൂര്‍വ ഗുണമാണ്,” സുബ്രഹ്മണ്യന്‍ സ്വാമി ട്വീറ്റ് ചെയ്തു.

വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കെതിരെ പ്രതിപക്ഷ ഐക്യ മുന്നണി ഉണ്ടാക്കാനുള്ള ശ്രമത്തിലാണ് മമത. തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനം വിപുലമാക്കാനുള്ള ശ്രമങ്ങളും നടത്തുന്നുണ്ട്.

കഴിഞ്ഞദിവസം, മേഘാലയിലെ 12 കോണ്‍ഗ്രസ് നേതാക്കള്‍ തൃണമൂലില്‍ ചേര്‍ന്നിരുന്നു.

മുന്‍ മുഖ്യമന്ത്രി മുകുള്‍ സാങ്മ ഉള്‍പ്പെടെയുള്ളവരാണ് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം ഇന്ന് നടക്കും. ഇതോടെ സംസ്ഥാനത്തെ മുഖ്യ പ്രതിപക്ഷ കക്ഷിയായി തൃണമൂല്‍ കോണ്‍ഗ്രസ് മാറും.

കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നേതാവ് കീര്‍ത്തി ആസാദും മുന്‍ ഹരിയാന പി.സി.സി അധ്യക്ഷന്‍ അശോക് തന്‍വാറും പാര്‍ട്ടി വിട്ട് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു.

 

 

 

Content  Highlights: On Delhi Visit, Mamata Banerjee Meets Subramanian Swamy