Administrator
Administrator
‘കുലംകുത്തികളോട്’ സി.പി.ഐ.എമ്മിന് പറയാനുള്ളത്
Administrator
Thursday 7th October 2010 11:14pm


പാര്‍ട്ടി വിട്ടുപോയവരോട് തിരികെവരണമെന്നാവശ്യപ്പെട്ട് സി.പി.ഐ.എം ഒഞ്ചിയം ഏരിയാ  കമ്മറ്റി പുറത്തിറക്കിയ നോട്ടീസിന്‍റെ പൂര്‍ണ്ണ രൂപം.

ഏറാമല ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പദവി രണ്ട് വര്‍ഷത്തേക്ക് ജനതാദള്ളിന് കൈമാറിയ തീരുമാനിച്ചതില്‍ പ്രതിഷേധിച്ച് പുതിയ പാര്‍ട്ടിയുണ്ടാക്കിയവരുടെ തനിനിറം മറനീക്കി പുറത്തുവന്നിരിക്കുന്നു. സിപിഐഎമ്മിന് എതിരല്ലെന്നും പാര്‍ട്ടിയെ തിരുത്താനാണ് ശ്രമിക്കുന്നതെന്നും പ്രചരിപ്പിച്ചവര്‍ അതേ ജനതാദള്ളുമായും യുഡിഎഫുമായും പരസ്യമായ തിരഞ്ഞെടുപ്പ് മുന്നണിയുണ്ടാക്കിയിരിക്കുന്നു.  ഒഞ്ചിയം ഏരിയയിലെ നാല് പഞ്ചായത്തുകളില്‍ അവര്‍ തമ്മിലുള്ള സീറ്റ് വിഭജനവും പൂര്‍ത്തിയായി.

സിപിഐഎം എന്ത് തെറ്റാണ് ചെയ്തത്? മുന്നണിബന്ധങ്ങളുടെ ധാരണപ്രകാരം ഏറാമല ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം അന്നത്തെ ജനതാദള്ളിനും അഴിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം ജനതാദള്ളില്‍ നിന്ന് സിപിഐഎമ്മിനും കൈമാറി. എല്‍ഡിഎഫ് ജില്ലാകമ്മറ്റിയുടേതായിരുന്നു തീരുമാനം. മുന്നണി രാഷ്ടീയത്തില്‍ ഇത് തെറ്റാണോ?

എന്നാല്‍ എന്തൊക്കെയോ ഗൂഢ ലക്ഷ്യംവച്ച് പാര്‍ട്ടിക്കകത്തെ ചിലല്‍ ഇത് വിവാദ വിഷയമാക്കി. അവര്‍‌ പാര്‍ട്ടിയെ തെരുവില്‍ വെല്ലുവിളിച്ചു. പാര്‍ട്ടി അനുഭാവികളേയും ജനങ്ങളേയു തെറ്റിദ്ധരിപ്പിക്കാന്‍ ഗൂഢാലോചന നടത്തി. പാര്‍ട്ടി വിരുദ്ധരുടെ പ്രചരണത്തില്‍ വീണുപോയ കുറേ ആളുകള്‍ അവരോടൊപ്പം ചേര്‍ന്നു.

കപട സോഷ്യലിസ്റ്റുകാരായ ജനതാദള്ളുകാരുടെ മടമ്പിത്തരത്തിനും തന്‍പ്രമാണിത്വത്തിനുമെതിരെ സന്ധിയില്ലാ സമരമാണ് അവരുടെ പാര്‍ട്ടി പരിപാടി എന്ന് പ്രചരിപ്പിച്ചു. സിപിഐഎം മാര്‍ക്സിസം ലെനിനിസത്തില്‍ നിന്ന് വ്യതിചലിക്കുന്നു. കോണ്‍ഗ്രസ്സിന്‍റെ ജനവിരുദ്ധ നയങ്ങളുമായി ഒത്തുപോകുന്നു.

ഒഞ്ചിയത്ത് ധീരരായ സഖാക്കള്‍ ചോരയും കണ്ണീരുംകൊണ്ട് നനച്ചുവളര്‍ത്തിയ പ്രസ്ഥാനത്തെ ജനതാദള്ളിനും കോണ്‍ഗ്രസ്സിനും മുന്‍പില്‍ അടിയറവെയ്ക്കുന്നു. ഇതെല്ലാമായിരുന്നു അവരുടെ ആക്ഷേപം. ഈ തെറ്റ് സിപിഐഎം തിരുത്തണം. തെറ്റ് തുരുത്തിയാല്‍ വന്നതിനേക്കാള്‍ കൂടുതല്‍പേര്‍ സിപിഐഎമ്മിലേക്ക് തിരുച്ചുപോകുമെന്നും പ്രചരിപ്പിച്ചു. ബൂര്‍ഷ്യാ മാധ്യമങ്ങളും ചാനലുകളും ഇതിന് നല്ല പ്രചാരണവും നല്‍കി.

സിപിഐഎമ്മിനെ തിരുത്തിക്കാന്‍ അവര്‍ നടത്തിയ പ്രവര്‍ത്തനം ഇങ്ങനെയായിരുന്നു. പ്രസിഡന്‍റ് പദവി ജനതാദള്ളിന് കൈമാറാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ച് പാര്‍ട്ടിയുണ്ടാക്കിയവര്‍ തന്നെ ജനതാദള്‍ പ്രതിനിധിയെ പ്രസിഡന്‍റായി തിരഞ്ഞെടുക്കുന്നതിന് അനുകൂലിച്ചു.

മടപ്പള്ളി കോളേജ് തിരഞ്ഞെടുപ്പില്‍ വര്‍ഗ്ഗീയ തീവ്രവാദ പിന്തിരിപ്പന്‍ സംഘടനകളെ കൂട്ടുപിടിച്ച് എസ്എഫ്ഐക്കെതിരെ മത്സരിച്ചു. കൂത്തുപറമ്പില്‍ അഞ്ച് യുവാക്കളെ വെടിവച്ചുകൊല്ലാന്‍ നേതൃത്വം കൊടുത്ത എംവി രാഘനെ കൊണ്ട് വന്ന് സിപിഐഎമ്മിനെതിരെ പ്രചരണം സംഘടിപ്പിച്ചു. പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പിന് മുന്‍പ് മുല്ലപ്പള്ളിയുടെ വീട്ടിലെത്തി വിപ്ലവനേതാവ് ഭാവിപരിപാടികള്‍ ആസുത്രണം ചെയ്തു.

ഇത്തരം സന്ദര്‍ശനങ്ങള്‍ തുടര്‍ന്നു. കുന്നുമ്മക്കര സര്‍വ്വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പില്‍ മുഖ്യ ശത്രുമായി പ്രഖ്യാപിച്ച വീരന്‍ വിഭാഗവുമായി കൈകോര്‍ത്ത് പ്രവര്‍ത്തിച്ചു. ദേശാഭിമാനി പത്രം ബഹിഷ്ക്കരിക്കലായിരുന്നു അടുത്ത പരിപാടി. പാര്‍ട്ടിയാപ്പീസുകള്‍ തകര്‍ക്കുക, നേതാക്കളെ ആക്രമിക്കുക, പാര്‍ട്ടി സ്തൂപങ്ങളും ബോര്‍ഡുകളും നശിപ്പിക്കുക ഇതെല്ലാം നിര്‍ബാതം തുടര്‍ന്നു. ഇതൊക്കെ കണ്ടുനിന്ന പലരും പാര്‍ട്ടിയിലേക്ക് തിരിച്ചുവന്നു.

തിരിച്ചുവരവിന്‍റെ വേഗതയും അളവും വര്‍ദ്ധിച്ചു. അപ്പോഴാണ് പുതിയ ഒരു പ്രഖ്യാപനം വരുന്നത്. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ റവല്യൂഷണറിയും യുഡിഎഫും തമ്മിലായിരിക്കും പ്രധാന മത്സരം. വഞ്ചനയുടെ മറ്റൊരു മുഖം.

മറയില്ലാതെ മടിയില്ലാതെ പാര്‍ട്ടിവിരുദ്ധരുമായും സഹകരിക്കുമെന്നും സിപിഐഎമ്മിനെ തകര്‍ക്കുകയാണ് ലക്ഷ്യമെന്നും ഡിസിസി പ്രസിഡന്‍റ് കെസി അബു പ്രസ്താവിച്ചിരിക്കുന്നു. സിപിഐഎം ആണ് പ്രധാന ശത്രു. സിപിഐഎമ്മിനെ പരാജയപ്പെടുത്താന്‍ ആരുമായും യോജിക്കുമെന്ന് വിപ്ലവനേതാവും മൊഴിഞ്ഞിരിക്കുന്നു. പരിണാമചക്രം പൂര്‍ത്തിയായി.

നമ്മുടെ നാടിന് വലിയ ഒരു പാരമ്പര്യമുണ്ട്. വിപ്ലവകേരളത്തിന്‍റെ അഗ്നി ബിന്ദുവാണ് ഒഞ്ചിയം. ഉരുക്കും മാംസവും ഏറ്റുമുട്ടിയ ഭൂമി. ധീര രക്തസാക്ഷികളുടെ ഹൃദയരക്തം വീണ് ചുവന്ന മണ്ണ്. ഈ മണ്ണിന്‍റെ രക്തശോഭ മായ്ച്ചുകളയാനാകുമോ? മറയ്ക്കാനാകുമോ ? പ്രസ്ഥാനത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരെ വര്‍ഗ്ഗ ശത്രുക്കള്‍ മടിയിലിരുത്തി താലോലിക്കുകയും ഉമ്മവെയ്ക്കുകയും ചെയ്യും.

പക്ഷേ അത് അധിക നാള്‍ നീളില്ല. ചരിത്രപരമായ ഒരു സത്യമുണ്ട്. ചെങ്കൊടിക്കെതിരെ ഇരച്ച് കയറിയവരാരും രക്ഷപ്പെട്ട അനുഭവമില്ല. ഒഞ്ചിയത്തെ ജനങ്ങള്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെയും നേതാക്കളെയും ഒറ്റുകൊടുത്തവരല്ല. സംരക്ഷിച്ചവരാണ്. ധീര രക്തസാക്ഷി മണ്ടോടിയെ സംരക്ഷിച്ചതിന് എത്രയോ സഖാക്കളാണ് കണ്ണീരും വേദനയും സ്വയം ഏറ്റുവാങ്ങിയത്.

തെറ്റിദ്ധരിക്കപ്പെട്ട് പാര്‍ട്ടിയോട് ഇടഞ്ഞുനില്‍ക്കുന്ന പാര്‍ട്ടി ബന്ധുക്കളും അനുഭാവികളുമുണ്ട്. അവരോട് ഒരുകാര്യം. ജനതാദള്‍ വിരോധത്തിന്‍റെ പേരിലാണല്ലോ പാര്‍ട്ടിയിലെ ചിലര്‍ മതില്‍ചാടി പുറത്തുപോയത്. ചെങ്കൊടിയുടെ സന്ദേശം ഉയര്‍ത്തിപ്പിടിക്കും എന്നതായിരുന്നല്ലോ അവരുടെ വാഗ്ദാനം. അവരിപ്പോള്‍ എവിടെയെത്തി ? സഖാവ് മണ്ടോടിയുടെ ഘാതകരോടാണവര്‍ കൂട്ടുചേരുന്നത്.

മാര്‍ക്സിസത്തില്‍ വിശ്വസിക്കുന്ന ആര്‍ക്കെങ്കിലുമത് അംഗീകരിക്കാനാകുമോ ? ജീവിതത്തിലെ എത്രയോ സ്വപ്നങ്ങളും പ്രതീക്ഷകളും ബാക്കിവച്ച് നാടിനുവേണ്ടി ജീവന്‍ നല്‍കിയ ഒഞ്ചിയത്തെ ധീര രക്തസാക്ഷികളുടെ പിന്‍മുറക്കാരല്ലേ നമ്മള്‍. ചെങ്കൊടിയേയും. പാര്‍ട്ടിയേയും സ്നേഹിക്കുന്നവരെ വര്‍ഗ്ഗ സത്രുപാളയത്തിലേക്ക് ആട്ടിതെളിക്കാന്‍ ചിലര്‍ നടത്തുന്ന ശ്രമം തോല്‍പ്പിക്കേണ്ടതല്ലേ. നാം എന്തുചെയ്തു എന്ന ചോദ്യത്തിന് ഭാവി തലമുറയോട് മറുപടിപറയാന്‍ നാം ബാധ്യസ്തരല്ലേ.

പ്രസിഡന്‍റ് പദവി രണ്ട് വര്‍ഷത്തേക്ക് ജനതാദള്ളിന് കൈമാറിയതില്‍ പ്രതിഷേധിച്ച് പുതിയ പാര്‍ട്ടിയുണ്ടാക്കിയവര്‍തന്നെ വരുന്ന അഞ്ച് വര്‍ഷവും ജനതാദള്ളിനെ പ്രസിഡന്‍റ് സ്ഥാനം ഉറപ്പുനല്‍കികൊണ്ടല്ലേ ഏറാമലയില്‍ സീറ്റ് വിഭജനം നടത്തിയത്. ഇതില്‍പരം ഒരു വഞ്ചനയുണ്ടോ ? ഒരു പുനര്‍ വിജിന്തനത്തിന്‍റെ സമയമാണിത്. തെറ്റുപറ്റാത്ത മനുഷ്യരില്ല. മനുഷ്യനായാല്‍ തെറ്റുപറ്റും.

തെറ്റ് തിരിച്ചറിയുകും അത് തിരുത്തുകയും ചെയ്യുമ്പോഴാണ് അത്തരക്കാര്‍ വ്യക്തിത്വം വീണ്ടെടുക്കുന്നത്. തെറ്റിദ്ധാരണയും പ്രലോഭനങ്ങളും മൂലം മാറിനില്‍ക്കുന്നവര്‍ കാലിക യാഥാര്‍ത്ഥ്യങ്ങള്‍ തിരച്ചറിഞ്ഞ് സിപിഐഎമ്മിലേക്ക് തിരിച്ചുവരണം.

സ്നേഹത്തിന്‍റെ ഭാഷയിലുള്ള അഭ്യര്‍ത്ഥനയാണിത്. പാര്‍ട്ടി നടപടികള്‍ക്ക് വിധേയരായി പുറത്തുപോയവരുണ്ട്. വ്യക്തികളല്ല, പ്രസ്ഥാനമാണ് വലുത്. സഖാവ് ഇഎംഎസ്സിനെപോലും ശാസിക്കേണ്ടിവന്ന പാര്‍ട്ടിയാണിത്. തെറ്റ് ബോധ്യപ്പെടുകയും തിരുത്തുകയും ചെയ്താല്‍ നടപടിയെടുത്ത് പുറത്തുപോയവര്‍ക്കും ഈ മഹാപ്രസ്ഥാനത്തിലേക്ക് തരിച്ചുവരാം. ആര്‍ക്കുമുന്‍പിലും പാര്‍ട്ടി വാതിലുകള്‍ കൊട്ടിയടക്കില്ല.

അഭിവാദനങ്ങളോടെ

സിപിഐഎം ഒഞ്ചിയം ഏരിയാ കമ്മറ്റി

സിപിഐഎം ഒഞ്ചിയം ഏരിയാ കമ്മറ്റി പുറത്തിറക്കിയ നോട്ടീസ്

Advertisement