Indide Wayanad /എഴുത്തും ചിത്രങ്ങളും വരുണ്‍ രമേഷ്
മണ്ണപ്പം ചുട്ടുകളിച്ച ഏതെങ്കിലും സായിപ്പിന് തോന്നിയ ഐഡിയ ആയിരിക്കുമോ മണ്ണ് ഡാം അഥവാ എര്‍ത്ത് ഡാം എന്ന സങ്കല്‍പ്പം. പണ്ട് മഴക്കാലത്ത് വീടിന്റെ തൊടിയില്‍ മഴവെള്ളത്തെ തടഞ്ഞുനിര്‍ത്താന്‍ മണ്ണ് കൊണ്ട് തടയണ ഉണ്ടാക്കിയിട്ടുണ്ട്. പക്ഷേ നല്ല ഓരുമഴയ്ക്ക് അത് തവിടുപൊടിയായിട്ടുമുണ്ട്. പറഞ്ഞുവരുന്നത് എന്തിനെക്കുറിച്ചാണെന്നല്ലേ. പറയാം. ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ എര്‍ത്ത് ഡാമിനെക്കുറിച്ച്. വയനാട്ടിലെ ബാണാസുര സാഗര്‍ അണക്കെട്ടിനെക്കുറിച്ച്…
ഒരു വൈകുന്നേരമായിരുന്നു ബാണാസുരനെക്കാണാന്‍ വയനാട്ടിലെ പടിഞ്ഞാറത്തറയില്‍ നിന്ന് വാഹനം കയറിയത്. ഡാമിന്റെ താഴെ ഇറങ്ങി ഡാമിന് മുകളിലേക്ക് വലിഞ്ഞു കയറുമ്പോള്‍ ചുറ്റിലും മസിലും പെരുപ്പിച്ചുനില്ക്കുന്ന കൂറ്റന്‍ മലകള്‍.
ആ മലയുടെ അപ്പുറത്തുനിന്ന് വൈകുന്നേരത്തെ ചാറ്റല്‍ വെയില് ചുകപ്പുനാടകള് പോലെ ആകാശ ചിത്രങ്ങള്‍ വരയ്ക്കുന്നു. ഓരോ നിമിഷവും ആ ചിത്രത്തിന്റെ നിറങ്ങള്‍ക്ക് ഭാവപ്പകര്‍ച്ചകള്‍… നീണ്ടുനിവര്‍ന്നു കിടക്കുന്ന മലകളുടെ വലിപ്പവും നീളവും ഡാമിലേക്കുള്ള കയറ്റം കയറുന്നതിനനുസരിച്ച് കൂടിവന്നു.
കുറച്ചുനേരത്തെ കിതപ്പിന് ശേഷം ബാണാസുരന്റെ തോളിലെത്തി. ഇവിടുത്തെ കാഴ്ച്ചകള്‍ 360 ഡിഗ്രിയിലാണ്. ഒരു ഫിഷ്ഐ ലെന്സിനും പകര്‍ത്താന്‍ കഴിയാത്തത്ര വൈഡായ കാഴ്ച്ചകള്‍… കുന്നിറങ്ങിവരുന്ന മഞ്ഞ് പാളികള്‍… നിറഞ്ഞുതുളുമ്പുന്ന ബാണാസുര സാഗരം. അത് തഴുകിവരുന്ന തണുത്ത കാറ്റ്….
കാറ്റിന് വേഗം കൂടുമ്പോള്‍ ഈ സാഗരത്തിലെ തിരമാലകള്‍ക്കും ശക്തികൂടും. ആ തിരമാലകള്‍ ഇവിടുത്തെ ചെറു കല്ലുകളില്‍ തലതല്ലിപ്പൊളിക്കും. ഈ അനന്തമായ കാഴ്ച്ചയിലേക്ക് മനസ്സും ശരീരവും തുറന്ന് വച്ച് രണ്ട് കമിതാക്കള്‍ ഡാമിനുമുകളിലെ കല്‍ഭിത്തിയില്‍ വലിഞ്ഞുകയറിയിരുപ്പുണ്ട്.
കുറച്ച് പയ്യന്മാര് വേറൊരിടത്ത് കൂടി നില്ക്കുന്നു. ഏതോ കോളേജില്‍ നിന്നും ടൂറിന് വന്നവരാണവര്‍. കാഴ്ച്ചകളില്‍ മതിമറന്ന് അവര്‍ പാട്ടുകള്‍ പാടുന്നു… കൂകിവിളിക്കുന്നു. പൊട്ടിച്ചിരിക്കുന്നു… ഇവിടെ വന്നാല്‍ ഈ കാഴ്ച്ചകള്‍ കണ്ട് ആര്‍ക്കും അങ്ങനെ ചെയ്യാന്‍ തോന്നിപ്പോകും. ഒന്നുറക്കെ കൂകാന്‍ തോന്നിയ എന്നെ ഉള്ളിലെ സദാചാര പോലീസുകാരന് വിലക്കി. ഞാന്‍ കൂകല്‍ അടക്കിപ്പിടിച്ച് മുന്നോട്ട് നടന്നു.
മലമടക്കുകള്‍ കടന്നുവരുന്ന ഇവിടുത്തെ കാറ്റിന് ചൂളം വിളിയുടെ ശബ്ദമാണ്. വൈകുന്നേരത്തെ ഇളം വെയില് മങ്ങിവരുന്നതിനൊപ്പം ഇരുണ്ട നീല നിറം ബാണസുരസാഗരത്തെ പൊതിഞ്ഞുതുടങ്ങിയിരുന്നു. ഈ ഡാമിന്റെ ഒരറ്റത്തുനിന്ന് മറ്റൊരറ്റത്തേക്കുള്ള നടത്തം കാഴ്ച്ചയുടെ പുതിയ സാഗരങ്ങളാണ് സമ്മാനിക്കുക.
ഈ ഡാമിന്റെ റിസര്‍വോയറില്‍ 28 ചെറു ദ്വീപുകളുണ്ട്. അതിനെയൊക്കെ വലംവച്ചുകാണാന് ഇവിടെ ഫോറസ്റ്റ് ഡിപാര്‍ട്മെന്റിന്റെ സ്പീഡ് ബോട്ടുകളുണ്ട്. ബോട്ട് ലാന്റില്‍ എത്തിയപ്പോള്‍ അവിട രണ്ട് സ്പീഡ് ബോട്ടുകള്‍ കാഴ്ച്ചകാരെയും കാത്ത് നില്ക്കുന്നു. അതില്‍ ഒന്നില്‍ക്കയറി ഈ ബാണാസുരസാഗരത്തിലൂടെ പറന്നുനടന്നു.
ഹരം പിടിപ്പിക്കുന്ന ഒന്നാണ് ഇവിടുത്തെ സ്പീഡ് ബോട്ടിലെ യാത്ര. ഓളപ്പരപ്പുകളെ കീറിമുറിച്ച് മലകള്‍ വലം വച്ച് അവസാനം തളര്‍ന്ന കുതിരയെപ്പോലെ ബോട്ട് ലാന്റില്‍ എത്തിയപ്പോള്‍ ഒരിക്കലും മറക്കാനാവാത്ത അനുഭവമായി അത് മാറി. ഇരുട്ടുവീണ ഡാമിന് മുകളിലൂടെ നടക്കുമ്പോള്‍ ദൂരെ മലമുകളില്‍ നിന്ന് ഇറങ്ങിവന്ന മഞ്ഞ് മലകളെ മുഴുവന്‍ മറച്ചിരിക്കുന്നു… എന്നാല്‍ അപ്പോഴും മനസ്സില്‍ ഒപ്പിയെടുത്ത ബാണാസുരന്റെ കാഴ്ച്ചകള്‍ മായതെതന്നെ കിടന്നു.
മഞ്ഞും തണുപ്പും അനുഭവിച്ച് സഞ്ചാരികള്‍ക്ക് ഇവിടെ തങ്ങാന്‍ ഇന്സ്പെക്ഷന് ബംഗ്ലാവുണ്ട്. ഫോണ്‍: 04936 273449.
ബാണാസുര സാഗറില്‍ എത്താന്‍- വയനാട്ടിലെ കല്‍പ്പറ്റയില്‍ നിന്നും 25 കിലോമീറ്റര്‍ ദൂരം
( ലേഖകന്റെ ഇ-മെയില്‍ വിലാസം akvarun@gmail.com )







