ഒമിക്രോണ്‍ വ്യാപനം; തമിഴ്‌നാട്ടില്‍ ഞായറാഴ്ചകളില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍
COVID 19 TamilNadu
ഒമിക്രോണ്‍ വ്യാപനം; തമിഴ്‌നാട്ടില്‍ ഞായറാഴ്ചകളില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 5th January 2022, 4:21 pm

ചെന്നൈ: ഒമിക്രോണ്‍ കേസുകള്‍ വര്‍ധിച്ചതോടെ തമിഴ്‌നാട്ടില്‍ ഞായറാഴ്ചകളില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. ഇതിന് പുറമെ വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ ആളുകള്‍ക്ക് ആരാധനാലയങ്ങളിലേക്കുള്ള പ്രവേശനം നിരോധിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

വിദ്യാലയങ്ങളിലെ ക്ലാസുകള്‍ നിര്‍ത്തിവെയ്ക്കാനും തീരുമാനമായിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി മാ.സുബ്രഹ്മണ്യന്‍ പറഞ്ഞു. വിവാഹം, ശവസംസ്‌കാരം, മറ്റ് പൊതുയോഗങ്ങള്‍ പങ്കെടുക്കുന്ന ആളുകളുടെ എണ്ണം തുടങ്ങി കൂടുതല്‍ നിയന്ത്രണങ്ങള്‍ ഉടന്‍ പ്രഖ്യാപിക്കും.

സംസ്ഥാന ആരോഗ്യമന്ത്രി മാ. സുബ്രഹ്മണ്യന്‍, ആരോഗ്യ സെക്രട്ടറി ജെ. രാധാകൃഷ്ണന്‍, തമിഴ്‌നാട് സര്‍ക്കാരിന്റെ പബ്ലിക് ഹെല്‍ത്ത് ആന്‍ഡ് പ്രിവന്റീവ് മെഡിസിന്‍ ഡയറക്ടര്‍ ടി.എസ്. സെല്‍വ വിനായകം ഉള്‍പ്പെടെയുള്ള സംസ്ഥാന പൊതുജനാരോഗ്യ ഉദ്യോഗസ്ഥരുമായി മുഖ്യമന്ത്രി സ്റ്റാലിന്‍ നടത്തിയ ചര്‍ച്ചയ്ക്ക് തൊട്ടുപിന്നാലെയാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്.

തമിഴ്നാട്ടിലെ ജനങ്ങളോട് ജാഗ്രത പാലിക്കാനും എത്രയും വേഗം കുത്തിവയ്പ്പ് നടത്താനും സ്റ്റാലിന്‍ ചൊവ്വാഴ്ച അഭ്യര്‍ത്ഥിച്ചിരുന്നു. തിങ്കളാഴ്ച 1,728 കൊവിഡ് കേസുകളാണ് ഉണ്ടായിരുന്നതെങ്കില്‍ തൊട്ടടുത്ത ദിവസം കേസുകള്‍ 2,731 ഉയര്‍ന്നു,

ടെസ്റ്റ് പോസിറ്റീവ് നിരക്ക് ഡിസംബര്‍ 30 ന് 0.7 ശതമാനത്തില്‍ നിന്ന് 2.6 ശതമാനമായി ഉയര്‍ന്നു. ചെന്നൈയില്‍ മാത്രം 1,489 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയത്.

സംസ്ഥാന ആരോഗ്യ ഉദ്യോഗസ്ഥര്‍ പറയുന്നതനുസരിച്ച്, തമിഴ്നാട്ടിലെ മൊത്തം രോഗബാധിതരുടെ 55 ശതമാനവും ചെന്നൈയിലാണ്.