ചാര്‍ലി വിജയിച്ചത് ദുല്‍ഖറിന്റെ സ്റ്റാര്‍ഡം കാരണം, ഹാപ്പി വെഡ്ഡിങില്‍ അദ്ദേഹം നായകനായിരുന്നെങ്കില്‍ വേറെ ലെവല്‍ ഹിറ്റ്: ഒമര്‍ ലുലു
Film News
ചാര്‍ലി വിജയിച്ചത് ദുല്‍ഖറിന്റെ സ്റ്റാര്‍ഡം കാരണം, ഹാപ്പി വെഡ്ഡിങില്‍ അദ്ദേഹം നായകനായിരുന്നെങ്കില്‍ വേറെ ലെവല്‍ ഹിറ്റ്: ഒമര്‍ ലുലു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 18th June 2022, 6:50 pm

മലയാളത്തില്‍ പല സിനിമകളും വിജയിക്കുന്നത് സ്റ്റാര്‍ഡം കാരണമാണെന്ന് സംവിധായകന്‍ ഒമര്‍ ലുലു. ചാര്‍ലി വിജയിച്ചത് ദുല്‍ഖറിന്റെ സ്റ്റാര്‍ഡം കാരണമാണെന്നും വേറെ ആരെങ്കിലുമാണ് അതില്‍ അഭിനയിക്കുന്നതെങ്കില്‍ വിജയിക്കില്ലെന്നും 1000 ആരോസിന് നല്‍കിയ അഭിമുഖത്തില്‍ ഒമര്‍ ലുലു പറഞ്ഞു.

‘സ്റ്റാര്‍ഡം സിനിമയെ സ്വാധീനിക്കുന്ന ഘടകമാണ്. ദുല്‍ഖറിന്റെ സ്റ്റാര്‍ഡം കാരണമാണ് ചാര്‍ലി വിജയിക്കുന്നത്. അതില്‍ വേറെ ആര് അഭിനയിച്ചാലും ആ പടം വിജയിക്കില്ല. ഹാപ്പി വെഡ്ഡിങ് സിനിമയില്‍ സിജു വില്‍സണ് പകരം ദുല്‍ഖര്‍ അഭിനയിച്ചിരുന്നെങ്കില്‍ അത് വേറെ ലെവല്‍ ഹിറ്റായിരിക്കും. സ്റ്റാര്‍ഡം കാരണമാണ് ഇവിടെ പല പടങ്ങളും വിജയിക്കുന്നത്.

സല്യൂട്ട് സിജു വില്‍സണ്‍ അഭിനയിക്കാനുള്ള പടമേയുള്ളൂ. ദുല്‍ഖര്‍ ഒക്കെ വലിയ പടങ്ങള്‍ ചെയ്യണം. എന്നാലെ മലയാളം സിനിമകള്‍ കേറിവരൂ. ദുല്‍ഖര്‍ പോയി വലിയ പടങ്ങള്‍ ചെയ്യുകയാണെങ്കില്‍ സിജുവിനെ പോലെയുള്ളവര്‍ക്ക് നല്ല പടങ്ങള്‍ ചെയ്യാം,’ ഒമര്‍ ലുലു പറഞ്ഞു.

മോഹന്‍ലാലിനൊപ്പമുള്ള സ്വപ്‌ന സിനിമയെ പറ്റിയും ഒമര്‍ ലുലു പറഞ്ഞു. ‘മോഹന്‍ലാലിനെ വെച്ച് ഒരു എന്റര്‍ടെയ്‌നര്‍ പടം ചെയ്യണം. അത് വലിയ ആഗ്രഹമാണ്. ഒരു മാസ് എന്റര്‍ടെയ്‌നര്‍. നരസിംഹം, ആറാട്ട് പോലെയുള്ള സിനിമയല്ല, ഛോട്ടാ മുംബൈ പോലെയുള്ള സിനിമകള്‍. മമ്മൂക്കയ്ക്ക് വേണ്ടിയാണ് ആ സിനിമയുടെ കഥ എഴുതിയത്. പിന്നെ അഡാറ് ലവ് വന്നപ്പോള്‍ അത് ലേറ്റായി. പിന്നെ അത് ഫോളോ അപ്പ് ചെയ്തില്ല,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബാബു ആന്റണിയെ നായകനാക്കി സംവിധാനം ചെയ്യുന്ന പവര്‍ സ്റ്റാറാണ് ഇനി പുറത്തിറങ്ങാനുള്ള ഒമര്‍ ലുലുവിന്റെ ചിത്രം. ഡ്രഗ് മാഫിയയുടെ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥ നടക്കുന്നത്. മുഴുനീള ആക്ഷന്‍ ചിത്രമായൊരുക്കുന്ന പവര്‍ സ്റ്റാര്‍ റോയല്‍ സിനിമാസും ജോയ് മുഖര്‍ജി പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് അവതരിപ്പിക്കുന്നത്. ഡെന്നീസ് ജോസഫാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും നിര്‍വഹിച്ചത്.

Content Highlight: Omar Lulu said that Charlie’s success was due to Dulquer salman’s stardom