ശ്രീനഗര്‍: ദി കശ്മീര്‍ ഫയല്‍സ് എന്ന ചിത്രം സത്യത്തെ തെറ്റായി കാണിക്കുന്നുവെന്ന് മുന്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയും നാഷ്ണല്‍ കോണ്‍ഫറന്‍സ് പാര്‍ട്ടി വൈസ് പ്രസിഡന്റുമായ ഒമര്‍ അബ്ദുല്ല. കശ്മീരി പണ്ഡിറ്റുകളെ തിരികെ എത്തിക്കുന്നതിന് പകരം അവരെ കൂടുതല്‍ അകറ്റാനാണ് സിനിമ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
‘ഇതൊരു ഡോക്യുമെന്ററിയാണോ കൊമേഷ്യല്‍ സിനിമ ആണോയെന്നാണ് ഇതിന്റെ നിര്‍മാതാക്കളോട് ചോദിക്കാനുള്ളത്. കച്ചവട സിനിമയാണെങ്കില്‍ എതിര്‍പ്പില്ല. എന്നാല്‍ യാഥാര്‍ത്ഥ്യത്തെ അടിസ്ഥാനമാക്കിയാണ് സിനിമ ചെയ്യുന്നതെങ്കില്‍ സത്യം എന്താണെന്ന് കൂടി പറയണം,’ ദമാല്‍ ഹന്‍ജി പോരയില്‍ മാധ്യമങ്ങളോട് സംസാരിക്കവേ അദ്ദേഹം പറഞ്ഞു.
കശ്മീരി പണ്ഡിറ്റുകളുടെ പലായനസമയത്തെ രാഷ്ട്രീയ സാഹചര്യങ്ങള്‍ തെറ്റായ രീതിയിലാണ് കാണിക്കുന്നതെന്ന് ഒമര്‍ അബ്ദുല്ല പറഞ്ഞു. ‘പലായനം നടക്കുന്ന സമയത്ത് ഫറൂഖ് അബദുല്ലയല്ല മുഖ്യമന്ത്രി. ഗവര്‍ണര്‍ ജഗ്‌മോഹന്റെ കീഴില്‍ ഗവര്‍ണര്‍ രാജ് നടക്കുന്ന സമയത്താണ് ഈ സംഭവം നടന്നത്. വി.പി. സിംഗ് സര്‍ക്കാരാണ് അന്ന് ഇന്ത്യ ഭരിച്ചത്. അവരുടെ പിന്നിലുണ്ടായിരുന്നതാവട്ടെ ബി.ജെ.പിയും,’ അദ്ദേഹം പറഞ്ഞു.
പലായനത്തിന്റെ സമയത്ത് കേന്ദ്രത്തില്‍ അധികാരത്തില്‍ ഇരിക്കുന്നത് ബി.ജെ.പി പിന്തുണയുള്ള സര്‍ക്കാരാണെന്നും അത് സിനിമയില്‍ എന്തുകൊണ്ട് കാണിച്ചില്ലെന്നും ഒമര്‍ അബ്ദുല്ല ചോദിച്ചു.
‘കശ്മീരി പണ്ഡിറ്റുകളുടെ കൊലപാതകത്തില്‍ വളരെ ദുഖമുണ്ട്. എന്നാല്‍ മുസ്‌ലിങ്ങളും, സിഖുകാരും കൊല്ലപ്പെട്ടില്ലേ? കശ്മീരി പണ്ഡിറ്റുകള്‍ കൊല്ലപ്പെട്ട അതേ തോക്കിന് ഇരയായ മുസ്‌ലിങ്ങളുടെയും സിഖുകാരുടെയും ത്യാഗങ്ങള്‍ മറക്കരുത്’ അദ്ദേഹം പറഞ്ഞു. പണ്ഡിറ്റുകളോടൊപ്പം തന്നെ മുസ്‌ലിങ്ങളും സിഖുകാരും വീടും കാശ്മീരും വിട്ട് ഓടിപ്പോയെന്നും പിന്നീട് മടങ്ങിവന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘1990ലും അതിനുശേഷവും അനുഭവിച്ച വേദനയും കഷ്ടപ്പാടും പഴയതുപോലെയാക്കാനാവില്ല. കാശ്മീരി പണ്ഡിറ്റുകള്‍ക്ക് സുരക്ഷിതത്വബോധം നഷ്ടപ്പെട്ട് താഴ്‌വാര വിട്ടുപോകേണ്ടിവന്നത് കശ്മീരിയത്ത് സംസ്‌കാരത്തിനേറ്റ കളങ്കമാണ്. വിഭജനങ്ങള്‍ ഭേദമാക്കാനുള്ള വഴികള്‍ നാം കണ്ടെത്തേണ്ടതുണ്ട്,’ എന്ന് അദ്ദേഹം ട്വിറ്ററിലും കുറിച്ചിരുന്നു.
ഈ ട്വീറ്റിന് ‘ഇത്രയും നാള്‍ താങ്കള്‍ എന്തുകൊണ്ട് നിശബ്ദനായിരുന്നു,’ എന്നൊരാള്‍ കമന്റ് ചെയ്തതിനും ഒമര്‍ അബ്ദുല്ല മറുപടി നല്‍കിയിരുന്നു.
‘വര്‍ഷങ്ങളായി ഞാനിത് പറഞ്ഞുകൊണ്ടിരിക്കുന്നു. താങ്കള്‍ ശ്രദ്ധിച്ചുകാണില്ല. മുഖ്യമന്ത്രിയായിരിക്കുമ്പോളും അല്ലാത്തപ്പോഴും ഞാനിത് പറയുന്നുണ്ട്,’ എന്നാണ് ഒമര്‍ അബ്ദുല്ല മറുപടി നല്‍കിയത്.
Content Highlight: Omar Abdullah says Kashmir files distort the truth