30 കോടിയും സംസ്ഥാനപദവിയും വാഗ്ദാനം; നാഷണല്‍ കോണ്‍ഫറന്‍സ് എം.എല്‍.എമാരെ കൂറുമാറ്റാന്‍ ബി.ജെ.പി ശ്രമമെന്ന് ഒമര്‍ അബ്ദുള്ള
Kerala News
30 കോടിയും സംസ്ഥാനപദവിയും വാഗ്ദാനം; നാഷണല്‍ കോണ്‍ഫറന്‍സ് എം.എല്‍.എമാരെ കൂറുമാറ്റാന്‍ ബി.ജെ.പി ശ്രമമെന്ന് ഒമര്‍ അബ്ദുള്ള
ആദർശ് എം.കെ.
Saturday, 11th July 2026, 7:49 pm

ശ്രീനഗര്‍: ബി.ജെ.പി തങ്ങളുടെ എം.എല്‍.എമാരെ ചാക്കിട്ടുപിടിക്കാന്‍ ശ്രമിക്കുന്നുവെന്ന ആരോപണവുമായി ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് വൈസ് പ്രസിഡന്റുമായ ഒമര്‍ അബ്ദുള്ള. പാര്‍ട്ടി വിട്ട് ബി.ജെ.പിയില്‍ ചേരുന്നതിനായി നാഷണല്‍ കോണ്‍ഫറന്‍സ് എം.എല്‍.എമാര്‍ക്ക് 20 കോടി മുതല്‍ 30 കോടി വരെ വാഗ്ദാനം ചെയ്തുവെന്നാണ് ഒമര്‍ അബ്ദുള്ളയുടെ ആരോപണം.

പണത്തിന് പുറമെ മന്ത്രിസ്ഥാനവും സംസ്ഥാന പദവി പുനഃസ്ഥാപിക്കാമെന്ന വാഗ്ദാനവും ബി.ജെ.പി നല്‍കിയതായാണ് റിപ്പോര്‍ട്ട്.

ശ്രീനഗറിലെ ഹസ്രത്ബാലില്‍ നടന്ന ഒരു റാലിയില്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. നാഷണല്‍ കോണ്‍ഫറന്‍സ് എം.എല്‍.എമാരെ കൂറുമാറ്റാന്‍ ബി.ജെ.പി ഭാരവാഹി കൂടിയായ ഒരു സുപ്രീം കോടതി അഭിഭാഷകന്‍, ജമ്മുവില്‍ നിന്നുള്ള എം.എല്‍.എമാരില്‍ ഒരാളെ സമീപിച്ചതായി അദ്ദേഹം ആരോപിച്ചു.

‘നിങ്ങളുടെ പണത്തോടുള്ള ആര്‍ത്തിയും മന്ത്രിസ്ഥാനത്തോടുള്ള ആര്‍ത്തിയും ഫലിക്കാതെ വന്നപ്പോള്‍, നിങ്ങള്‍ എന്റെ എം.എല്‍.എമാരോട് അടച്ചിട്ട മുറിയില്‍ പറയുന്നു, നിങ്ങള്‍ ഞങ്ങളോടൊപ്പം വരൂ, നിങ്ങള്‍ ഞങ്ങളോടൊപ്പം ചേര്‍ന്നാല്‍ ഞങ്ങള്‍ നിങ്ങള്‍ക്ക് സംസ്ഥാന പദവി നല്‍കുമെന്ന്.

എന്റെ ജമ്മു എം.എല്‍.എമാരില്‍ ഒരാള്‍ എന്നോട് ഇക്കാര്യം പറഞ്ഞതിന് അള്ളാഹു സാക്ഷിയാണ്. ഞങ്ങളോടൊപ്പം ചേര്‍ന്നാല്‍ 20-30 കോടി രൂപയും ഒരു മന്ത്രിസ്ഥാനവും സംസ്ഥാന പദവിയും നല്‍കാമെന്നാണ് വാഗ്ദാനം ചെയ്തത്.

ഈ ആളുകളുടെ വിശ്വാസം വളരെ വിലകുറഞ്ഞതാണെന്ന് ബി.ജെ.പി കരുതുന്നു. 20 കോടിയല്ല 100 കോടി നല്‍കിയാലും തങ്ങളുടെ വിശ്വാസം വില്‍ക്കാന്‍ തയ്യാറുള്ള ആരെയും നിങ്ങള്‍ ഈ വേദിയില്‍ കാണില്ല,’ ഒമര്‍ അബ്ദുളള്ള പറഞ്ഞു.

‘ഞങ്ങളെ ദുര്‍ബലരായി കാണരുത്. പിന്‍വാതിലിലൂടെ നിങ്ങള്‍ക്ക് പ്രവേശിക്കാന്‍ കഴിയില്ല. പിന്‍വാതിലിലൂടെ മുന്‍സീറ്റിലെത്താന്‍ നിങ്ങള്‍ക്ക് സാധിക്കില്ല. തത്കാലം ജനങ്ങള്‍ നിങ്ങളെ പിന്നിലാക്കിയിരിക്കുകയാണ്, നിങ്ങള്‍ അവിടെത്തന്നെ തുടരും. ഞങ്ങളുടെ നിശബ്ദതയെയും മാന്യതയെയും പരീക്ഷിക്കരുത്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കുന്ന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കാണിക്കുന്ന കാലതാമസത്തെയും അദ്ദേഹം ചോദ്യം ചെയ്തു. ലഡാക്ക് നേതാക്കളുമായി ആര്‍ട്ടിക്കിള്‍ 371നെ കുറിച്ച് ചര്‍ച്ച നടത്തുന്ന കേന്ദ്രം എന്തുകൊണ്ടാണ് ജമ്മു കശ്മീരിനോട് സമാനമായ ചര്‍ച്ചകള്‍ക്ക് തയ്യാറാകാത്തതെന്ന് അദ്ദേഹം ചോദിച്ചു.

പ്രതിഷേധത്തിന്റെ പാത സ്വീകരിച്ച ലഡാക്കിന് പ്രത്യേക അവകാശങ്ങള്‍ നല്‍കാന്‍ തയ്യാറായ കേന്ദ്രം, സമാധാനപരമായി നില്‍ക്കുന്ന ജമ്മു കശ്മീരിനെ അവഗണിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

സംസ്ഥാന പദവി പുനസ്ഥാപിക്കാന്‍ ഏതാണ് ‘ശരിയായ സമയം’ എന്ന് കേന്ദ്രം വ്യക്തമാക്കണമെന്ന് ഒമര്‍ അബ്ദുള്ള ആവശ്യപ്പെട്ടു.

ബി.ജെ.പി സര്‍ക്കാര്‍ ജമ്മു കശ്മീരില്‍ രൂപീകരിക്കപ്പെടുമ്പോഴാണ് ആ ശരിയായ സമയമെങ്കില്‍, അത് പാര്‍ലമെന്റിലോ വലിയൊരു ജനക്കൂട്ടത്തിന് മുന്നിലോ പരസ്യമായി പറയാനുള്ള ആര്‍ജവം അവര്‍ കാണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 

Content Highlight: Omar Abdullah says BJP is trying to defect National Conference MLAs

ആദർശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.