ന്യൂദല്‍ഹി: ചെങ്കോട്ട സ്‌ഫോടനവുമായി ബന്ധപ്പെട്ട് കശ്മീര്‍ സ്വദേശികള്‍ക്ക് നേരെ ഉയര്‍ന്ന ആരോപണങ്ങളില്‍ വാര്‍ത്തകള്‍ മെനയുന്ന മാധ്യമങ്ങളോട് പ്രതികരിച്ച് ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള.
കശ്മീര്‍ നിവാസികളെല്ലാവരും തീവ്രവാദികളല്ലെന്ന് ഓര്‍ക്കണമെന്ന് അദ്ദേഹം പറഞ്ഞു. സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് ഭീകരവാദ സംഘത്തില്‍ ഉള്‍പ്പെട്ടവര്‍ക്ക് കടുത്ത ശിക്ഷ നല്‍കണമെന്നും ഒമര്‍ അബ്ദുള്ള ആവശ്യപ്പെട്ടു.
‘വിഷയത്തില്‍ അന്വേഷണം തുടരും, പക്ഷെ ജമ്മു കശ്മീര്‍ നിവാസികളെല്ലാവരും തീവ്രവാദികളോ തീവ്രവാദികളുമായി ബന്ധമുള്ളവരോ അല്ലെന്ന കാര്യം ഓര്‍ക്കണം,‘ഒമര്‍ അബ്ദുള്ള മാധ്യമപ്രവര്‍ത്തകരോടായി പറഞ്ഞു.
‘കശ്മീരിന്റെ സമാധാനവും സാഹോദര്യവും എക്കാലത്തും നശിപ്പിച്ച ചുരുക്കം ചിലര്‍ മാത്രമാണവര്‍. എങ്കിലും കശ്മീരിലെ ഓരോ താമസക്കാരനെയും ഓരോ കശ്മീരി മുസ്‌ലിമിനെയും തീവ്രവാദികളെന്ന കണ്ണില്‍ നോക്കുമ്പോള്‍ ജനങ്ങളെ തിരുത്താന്‍ വലിയ പാടാണ്,‘ ഒമര്‍ അബ്ദുള്ള പറഞ്ഞു.
വൈറ്റ് കോളര്‍ ജോലിയുള്ളവര്‍ ചെങ്കോട്ട സ്‌ഫോടനത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന ചോദ്യങ്ങളോടും അദ്ദേഹം പ്രതികരിച്ചു. ഇതിന് മുമ്പ് യൂണിവേഴ്‌സിറ്റി പ്രൊഫസര്‍മാര്‍ പ്രതികളായ കേസുകള്‍ കണ്ടിട്ടില്ലേയെന്നും കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ക്ക് കടുത്ത ശിക്ഷ നല്‍കണമെന്നും നിരപരാധികളെ സംരക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.
സംഭവത്തില്‍ സ്ഥിതിഗതികള്‍ സാധാരണനിലയില്‍ നിലനിര്‍ത്താന്‍ കേന്ദ്ര സര്‍ക്കാരിനെ സഹായിക്കാന്‍ മാത്രമേ സാധിക്കൂവെന്നും അതിനായി എല്ലാ പിന്തുണയും നല്‍കുന്നുണ്ടെന്നും ജമ്മു കാശ്മീര്‍ മുഖ്യമന്ത്രി പറഞ്ഞു.
ജമ്മു സര്‍വകലാശാലയുടെ പ്രത്യേക ബിരുദദാന ചടങ്ങില്‍ വെച്ച് ജമ്മു കാശ്മീര്‍ പരിവര്‍ത്തനത്തിന്റെ പടിവാതിലിലാണെന്നും അതിന് കാതലായി വേണ്ടത് വിദ്യാഭ്യാസമാണെന്നും യുവാക്കളെ സംരംഭകരും രാഷ്ട്ര നിര്‍മാതാക്കളുമായി ശാക്തീകരിക്കുമെന്നും അദ്ദേഹം വിശദീകരിച്ചിരുന്നു.
Content Highlight: ‘We must remember that not all Kashmiris are terrorists’; Omar Abdullah on Red Fort blast propaganda