യൂടൂബ് മുത്തശ്ശി ഇനിയില്ല; നാടൻ രുചികളുടെ രാജ്ഞി മസ്താനമ്മ മരണമടഞ്ഞു - വീഡിയോ
Food
യൂടൂബ് മുത്തശ്ശി ഇനിയില്ല; നാടൻ രുചികളുടെ രാജ്ഞി മസ്താനമ്മ മരണമടഞ്ഞു - വീഡിയോ
ന്യൂസ് ഡെസ്‌ക്
Tuesday, 4th December 2018, 11:10 pm

ഗുണ്ടൂർ: യൂടൂബിലൂടെ ആന്ധ്രയുടെ വിവിധങ്ങളായ നാടൻ രുചികൾ പരിചയപ്പെടുത്തിയ മസ്താനമ്മ മരണമടഞ്ഞു. തന്റെ അന്ത്യകാലം വരെ യൂടൂബിലൂടെ പ്രേക്ഷകർക്ക് വ്യത്യസ്ത പാചക കൂട്ടുകൾ പരിചയപ്പെടുത്തുന്നതിൽ വ്യാപൃതയായിരുന്നു ആന്ധ്ര പ്രദേശ് സ്വദേശിയായ മസ്താനമ്മ. 107 വയസ്സുണ്ടായിരുന്ന മസ്താനമ്മ ഇന്ത്യയുടെ ഏറ്റവും പ്രായം കൂടിയ യൂറ്റൂബർ എന്നാണ് അറിയപ്പെട്ടിരുന്നത്. “കൺട്രി ഫുഡ്സ്” എന്ന പേരിലുള്ള യൂടൂബ് ചാനലിലാണ് മസ്താനമ്മ തന്റെ പാചകവിദ്യകളുമായി പ്രത്യക്ഷപ്പെട്ടിരുന്നത്.

കഴിഞ്ഞ വർഷമാണ് മസ്താനമ്മ തന്റെ ചാനൽ തുടങ്ങുന്നത്. ചെറുമകനായ ലക്ഷ്മണാണ് മസ്താനമ്മയുടെ പാചകപ്രകടനം ഷൂട്ട് ചെയ്ത യൂട്യൂബിൽ പോസ്റ്റ് ചെയ്യുന്നത്. ചുരുങ്ങിയ നാളുകൾ കൊണ്ട് തന്നെ നിരവധി ആരാധകരെ നേടിയെടുക്കാൻ ഇവർക്ക് കഴിഞ്ഞു. 75 ലക്ഷം സബ്സ്‌ക്രൈബേർസ് ആണ് മസ്താനമ്മക്ക് ഉണ്ടായിരുന്നത്.

Also Read അമേരിക്ക എണ്ണ കയറ്റുമതി തടഞ്ഞാല്‍ ഗള്‍ഫില്‍ നിന്ന് ഒരുതുള്ളി എണ്ണ പുറത്തേയ്‌ക്കൊഴുകില്ല:ഹസന്‍ റുഹാനി

വഴുതനങ്ങ കറി വെക്കുന്ന വിധമാണ് തന്റെ ആദ്യ വീഡിയോയിലൂടെ മസ്താനമ്മ പരിചയപ്പെടുത്തിയത്. ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഈ വീഡിയോയ്ക്ക് മികച്ച പ്രതികരണം ലഭിക്കുന്നത് കണ്ടാണ് അമ്മൂമ്മയും കൊച്ചുമകനും തുടർച്ചയായി പാചകത്തെക്കുറിച്ച് വീഡിയോകൾ പോസ്റ്റ് ചെയ്യാൻ തീരുമാനിക്കുന്നത്. തുടർന്ന് തന്റെ തണ്ണിമത്തൻ കോഴിക്കറി, കെബാബുകൾ, ബിരിയാണി എന്നിവയുടെ കൂട്ടുകളും മസ്താനമ്മ തന്റെ പ്രേക്ഷകർക്ക് വേണ്ടി പങ്കുവെച്ചു.

Also Read “മരണമാസ്സ്‌” ലുക്കിൽ വിജയ് സേതുപതി; “പേട്ട” പോസ്റ്റർ കാണാം

ആന്ധ്രാപ്രദേശിലെ ഗുണ്ടൂർ ജില്ലയിലെ ഗൂഡിവാഡ ഗ്രാമത്തിൽ ജനിച്ചു വളർന്ന മസ്താനമ്മ കൂലിപണിയെടുത്തായിരുന്നു ജീവിച്ചിരുന്നത്. തന്റെ 6 മക്കളെയും പഠിപ്പിച്ച ഒരു നിലയിലാക്കിയശേഷമാണ് സമയം ചിലവിടാനായി ഇവർ യൂടൂബ് പാചകപ്രചാരണത്തിലേക്ക് കടക്കുന്നത്. തന്റെ നൂറ്റിയാറാം പിറന്നാൾ മസ്താനമ്മ ആഘോഷിച്ചത് യൂടൂബിൽ നിന്നും കിട്ടിയ വരുമാനം ഒന്നുകൊണ്ട് മാത്രമായിരുന്നു. തങ്ങൾക്ക് ഇഷ്ടപെട്ടത് ചെയ്യാൻ പ്രായം ഒരിക്കലും ഒരു തടസമല്ല എന്ന് തെളിയിച്ചുകൊണ്ടാണ് മസ്താനമ്മ വിടപറയുന്നത്.