എന്റെ ഭാര്യയ്ക്ക് പോലും തോന്നിയിട്ടുണ്ടാകും എനിക്ക് കൂടുതല്‍ ഇഷ്ടം ആന്റണിയോടാണെന്ന്: മോഹന്‍ലാല്‍
Malayalam Cinema
എന്റെ ഭാര്യയ്ക്ക് പോലും തോന്നിയിട്ടുണ്ടാകും എനിക്ക് കൂടുതല്‍ ഇഷ്ടം ആന്റണിയോടാണെന്ന്: മോഹന്‍ലാല്‍
അശ്വിന്‍ രാജേന്ദ്രന്‍
Tuesday, 9th June 2026, 9:43 pm

1980ല്‍ പുറത്തിറങ്ങിയ മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിക്കുകയും പിന്നീട് മലയാളികള്‍ക്ക് എണ്ണിയാലൊടുങ്ങാത്ത കഥാപാത്രങ്ങള്‍ സമ്മാനിക്കുകയും ചെയ്ത അഭിനേതാവാണ് മോഹന്‍ലാല്‍. ദേശീയപുരസ്‌കാരവും ദാദ സാഹബ് ഫാല്‍ക്കെ പുരസ്‌കാരവും അടക്കം തന്റെ അഭിനയ മികവിന് എണ്ണിയാലൊടുങ്ങാത്ത അവാര്‍ഡുകള്‍ സ്വന്തമാക്കിയ താരം ഇന്നും മലയാള സിനിമയിലെ പകരക്കാരില്ലാത്ത സൂപ്പര്‍ താരമാണ്.

കഴിഞ്ഞ മാസം തിയേറ്ററുകളിലെത്തിയ ദൃശ്യം 3 ഇരുനൂറ് കോടി ക്ലബ്ബില്‍ ഇടം പിടിച്ചതോടെ മലയാള സിനിമയില്‍ ശതകോടികളുടെ ബിസിനസാണ് മോഹന്‍ലാല്‍ എന്ന അതികായന്‍ ഈ വര്‍ഷം നടത്തിയിരിക്കുന്നത്. താരത്തിന്റെ തന്നെ ഉടമസ്ഥതയിലുള്ള ആശിര്‍വാദ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഒരുക്കിയ ചിത്രം ഇതിനോടകം 235 കോടിയിലധികമാണ് തിയേറ്ററുകളില്‍ നിന്നും സ്വന്തമാക്കിയിരിക്കുന്നത്.

മോഹന്‍ലാലും ആന്റണി പെരുമ്പാവൂരും. Photo: Onlookers media

അഭിനയത്തോടൊപ്പം മലയാളത്തിലെ ഏറ്റവും ലാഭമേറിയ പ്രൊഡക്ഷന്‍ ഹൗസ് നടത്തികൊണ്ടുപോകുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നത് മോഹന്‍ലാലിന്റെ സഹയാത്രികനായ ആന്‍ണി പെരുമ്പാവൂരാണ്. വര്‍ഷങ്ങളായി ഇരുവരും തമ്മിലുള്ള ആത്മബന്ധവും സിനിമാ മേഖലയിലെ സ്ഥിരം കാഴ്ചയാണ്. ഇപ്പോഴിതാ ആന്‍ണി പെരുമ്പാവൂരിനെ കുറിച്ച് മോഹന്‍ലാല്‍ പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. അമൃത ടി.വിയില്‍ സംസാരിക്കവെ പറഞ്ഞ പഴയ വീഡിയോ ആണ് ഇപ്പോള്‍ വീണ്ടും വൈറലായിരിക്കുന്നത്.

‘എന്റെ സിനിമാ ജീവിതത്തില്‍ സിനിമയില്‍ അഭിനയിക്കാന്‍ മാത്രമേ അറിയുള്ളൂ. ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം ബാക്കി ഒരുപാട് കാര്യങ്ങള്‍ ഉണ്ടല്ലോ. അത്തരം കാര്യങ്ങളിലൊന്നും വലിയ പ്രാധാന്യം കൊടുക്കുന്ന ആളല്ല ഞാന്‍. ഞാന്‍ എപ്പോഴും പറയാറുള്ള കാര്യമാണ് എന്റെ കല്ല്യാണം കഴിഞ്ഞിട്ട് 29 വര്‍ഷമായെന്നും എന്റെ ഭാര്യയെയും ആന്റണിയെയും എനിക്ക് ഒരുമിച്ചാണ് കിട്ടിയിരിക്കുന്നതെന്നും.

മോഹന്‍ലാലും ഭാര്യയും. Photo: Moneycontrol

ഒരു പക്ഷേ എന്റെ ഭാര്യയ്ക്ക് തോന്നിയിട്ടുണ്ടാകും എനിക്ക് അവരെക്കാള്‍ കൂടുതല്‍ ആന്റണിയോടാണ് സ്‌നേഹമെന്ന്. അവര്‍ക്കതില്‍ അസൂയയുണ്ടകും, കാരണം കൂടുതല്‍ സമയവും ഞാന്‍ ആന്റണിയോടൊപ്പമാണ് സഞ്ചരിക്കുന്നതും കഴിയുന്നതുമെല്ലാം. പക്ഷേ ഇപ്പോള്‍ ഞാന്‍ ധൈര്യത്തോടെ പറയുന്നു എന്റെ സിനിമാ കരിയറിലുള്ള എല്ലാ ഉയര്‍ച്ചയുടെയും എല്ലാ നന്മയുടെയും പിറകില്‍ ആന്റണി പെരുമ്പാവൂരെന്ന വ്യക്തിയുണ്ട്, അത് സത്യമാണ്, ആ സത്യത്തെ ഞാന്‍ മാനിക്കുന്നു,’ മോഹന്‍ലാല്‍ പറഞ്ഞു.

Content Highlight: Old video of Mohanlal goes viral where he talks about his connection with Antony perumbavoor

അശ്വിന്‍ രാജേന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.