'ഈ കാവി ഷൂ സംഘികള്‍ക്കുള്ള മറുപടി'; സോഷ്യല്‍ മീഡിയയില്‍ ആഘോഷമായി ദീപികയുടെ ഫോട്ടോ
Entertainment news
'ഈ കാവി ഷൂ സംഘികള്‍ക്കുള്ള മറുപടി'; സോഷ്യല്‍ മീഡിയയില്‍ ആഘോഷമായി ദീപികയുടെ ഫോട്ടോ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 9th January 2023, 3:58 pm

കാവി നിറത്തിലുള്ള ഷൂ ധരിച്ചുകൊണ്ടുള്ള ബോളിവുഡ് താരം ദീപിക പദുക്കോണിന്റെ ഫോട്ടോ ആഘോഷമാക്കി സോഷ്യല്‍ മീഡിയ. ഷാരൂഖ് ഖാന്‍ നായകനായ പത്താന്‍ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ കത്തിനില്‍ക്കുന്ന സാഹചര്യത്തിലാണ് ദീപികയുടെ ഒരു പഴയ ഫോട്ടോ ഇപ്പോള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ വ്യാപകമായി പ്രചരിക്കുന്നത്.

നീലയും വെള്ളയും വരകളുള്ള സ്യൂട്ടിനൊപ്പം കാവി നിറത്തിലുള്ള ഷൂ ധരിച്ചുകൊണ്ട് പോസ് ചെയ്യുന്ന ദീപികയുടെ ചിത്രമാണ് ‘സംഘികള്‍ക്കുള്ള മറുപടി’ എന്ന രീതിയില്‍ നെറ്റിസണ്‍സ് ആഘോഷിക്കുന്നത്.

സംഘപരിവാറില്‍ നിന്നും വലിയ ഭീഷണിയാണ് ഷാരൂഖ് ഖാന്‍- ദീപിക പദുക്കോണ്‍ ചിത്രം പത്താന്‍ നേരിടുന്നത്. ചിത്രത്തിലെ ബേഷരം രംഗ് എന്ന പാട്ട് പുറത്തുവന്നതിന് പിന്നാലെയാണ് തീവ്ര ഹിന്ദുത്വ സംഘപരിവാര്‍ സംഘടനകള്‍ ചിത്രത്തിനെതിരെ വലിയ രീതിയില്‍ സോഷ്യല്‍ മീഡിയ അറ്റാക്ക് ആരംഭിച്ചത്.

ഗാനരംഗത്തില്‍ ദീപിക പദുക്കോണ്‍ കാവി ബിക്കിനി ധരിച്ച് അഭിനയിച്ചതായിരുന്നു വിവിധ വലതുപക്ഷ- ഹിന്ദുത്വ പ്രൊഫൈലുകള്‍ വിവാദമാക്കിയത്. പാട്ടില്‍ കാവി ബിക്കിനി ധരിച്ച യുവതിയെ വശീകരിക്കാന്‍ ഷാരൂഖ് ഖാന്റെ കഥാപാത്രം ശ്രമിക്കുന്നു എന്നായിരുന്നു സംഘപരിവാര്‍ പ്രൊഫൈലുകള്‍ ആരോപിച്ചത്.

ഇതേത്തുടര്‍ന്ന് വിവിധ സ്ഥലങ്ങളില്‍ ബജ്റംഗ്ദളിന്റേതടക്കമുള്ള വിവിധ സംഘപരിവാര്‍ സംഘടനകളുടെ പ്രവര്‍ത്തകര്‍ സിനിമയുടെ ഫ്ളക്സ് തല്ലിത്തകര്‍ക്കുകയും കട്ടൗട്ടുകളും പോസ്റ്ററുകളും നശിപ്പിക്കുകയും ചെയ്തിരുന്നു.

ഈ വിവാദങ്ങള്‍ കത്തി നില്‍ക്കുന്നതിനിടെയാണ് കാവി ഷൂ ധരിച്ചുള്ള ദീപിക ചിത്രം ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. വസ്ത്രത്തിന്റെ നിറത്തിന്റെ പേരില്‍ അനാവശ്യമായി സിനിമക്കെതിരെ ആക്രമണം അഴിച്ചുവിടുന്ന സംഘപരിവാറുകാര്‍ക്കുള്ള മറുപടിയാണ് ഈ കാവി ഷൂ ചിത്രം എന്നാണ് ഫോട്ടോ പങ്കുവെച്ചുകൊണ്ട് പ്രധാനമായും വരുന്ന കമന്റ്.

‘ബ്രിട്ടീഷുകാരുടെ ഷൂ നക്കിയ സവര്‍ക്കറുടെ പിന്മുറക്കാരായ സംഘപരിവാറുകാര്‍ക്ക് ഇതിലും മികച്ച മറുപടി കിട്ടാനില്ല’ എന്ന തരത്തിലും പരിഹാസരൂപേണ കമന്റുകള്‍ വരുന്നുണ്ട്.

എന്നാല്‍ ദീപികയുടെ ഈ ഫോട്ടോ ഇപ്പോഴത്തേതല്ല. യഥാര്‍ത്ഥത്തില്‍ ഈ കാവി ഷൂ ഫോട്ടോ 2019ല്‍ ഫ്രാന്‍സില്‍ കാന്‍സ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുക്കുന്നതിനിടെ എടുത്തതാണ് എന്നാണ് താരത്തിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍ വരുന്നത്.

ഇതിനിടെ പത്താന് പിന്തുണയുമായി, കാവി നിറത്തിലുള്ള വസ്ത്രം ധരിച്ച് ക്യാറ്റ് വാക്ക് ചെയ്യുന്ന വീഡിയോയുമായി നടി ഉര്‍ഫി ജാവേദ് രംഗത്തെത്തിയിരുന്നു. ബേഷരം രംഗ് എന്ന ഗാനത്തിന്റെ അകമ്പടിയോടെയുള്ള വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തുകൊണ്ടായിരുന്നു ഉര്‍ഫി സിനിമയ്ക്ക്പിന്തുണ അറിയിച്ചത്.

ഈ വീഡിയോയുടെ കമന്റ് ബോക്സിലും വിദ്വേഷ കമന്റുകളുമായി സംഘപരിവാര്‍ പ്രൊഫൈലുകളെത്തിയിരുന്നു. ഭഗവാന്റെ നിറത്തെ അപമാനിക്കുന്നോ എന്ന് ചോദിച്ചായിരുന്നു വിദ്വേഷ കമന്റുകള്‍. ആര്‍.എസ്.എസ് ഇനി ഉര്‍ഫിയെ നിരോധിക്കുമോ, എന്ന് സംഘപരിവാറിനെ പരിഹസിച്ചുകൊണ്ടും ഉര്‍ഫിയെ പിന്തുണച്ചുകൊണ്ടും കമന്റുകള്‍ വന്നിരുന്നു.

സിദ്ധാര്‍ത്ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന പത്താന്‍ ജനുവരി 25നാണ് റിലീസ് ചെയ്യുന്നത്. ജോണ്‍ എബ്രഹാമും ചിത്രത്തില്‍ ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

റിലീസിന് മുന്നോടിയായി പത്താന് വമ്പിച്ച പ്രീ-റിലീസ് ബുക്കിങ്ങാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. വിദേശ രാജ്യങ്ങളില്‍ പലയിടത്തും ബുക്കിങ് ഹൗസ്ഫുള്ളാണ്.

സംഘപരിവാര്‍ വിവാദമാക്കിയ ചിത്രത്തിലെ ബേഷരം രംഗ് എന്ന ഗാനം ഏറ്റവും വേഗത്തില്‍ 100 മില്യണ്‍ കാഴ്ചക്കാരെ നേടുന്ന ഇന്ത്യയിലെ വീഡിയോ ഗാനമെന്ന റെക്കോഡും ഇതിനിടെ സ്വന്തമാക്കിയിരുന്നു.

പത്താന്റെ ഒ.ടി.ടി റൈറ്റ്സ് 100 കോടിക്ക് ആമസോണ്‍ പ്രൈം സ്വന്തമാക്കിയിരുന്നു. 250 കോടി രൂപയാണ് ചിത്രത്തിന്റെ മുതല്‍മുടക്ക്. ചിത്രം ഒ.ടി.ടിയില്‍ മാര്‍ച്ച് അവസാന വാരമോ ഏപ്രില്‍ ആദ്യമോ എത്തും.

ശ്രീധര്‍ രാഘവനും അബ്ബാസ് തൈരേവാലയും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയും സംഭാഷണങ്ങളും ഒരുക്കിയിരിക്കുന്നത്. സിദ്ധാര്‍ത്ഥ് ആനന്ദിന്റേതാണ് കഥ. സത്ജിത് പൗലോസ് ക്യാമറയും ആരിഫ് ഷെയ്ഖ് എഡിറ്റിങ്ങും നിര്‍വഹിക്കുന്ന ചിത്രത്തിന് സംഗീതം നല്‍കുന്നത് വിശാല്‍-ശേഖര്‍ ടീമാണ്.

Content Highlight: Old Picture of Deepika Padukone circulates in social media in the backdrop of Pathaan controversy and sanghparivar