കേരള ബോക്‌സ് ഓഫീസില്‍ ആര്‍ക്കും തടഞ്ഞു നിര്‍ത്താന്‍ കഴിയാത്ത ഒറ്റക്കൊമ്പനാണ് മോഹന്‍ലാല്‍. പ്രായഭേദമന്യേ മലയാളി പ്രേക്ഷകരെ തിയേറ്ററിലെത്തിക്കാന്‍ കഴിയുന്ന താരം തന്റെ സിംഹാസനത്തിന് അരക്കിട്ടുറപ്പിച്ച വര്‍ഷമായിരുന്നു 2025. പൃഥ്വിരാജിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ലൂസിഫറിന്റെ രണ്ടാം ഭാഗം എമ്പുരാന്‍ ഇന്‍ഡസ്ട്രി ഹിറ്റ് അടിച്ചുകൊണ്ടാണ് താരം തുടര്‍ച്ചയായ പരാജയങ്ങളില്‍ നിന്നുമുള്ള തന്റെ തിരിച്ചുവരവ് ഗംഭീരമാക്കിയത്. പിന്നീടിറങ്ങിയ തരുണ്‍ മൂര്‍ത്തി ചിത്രം തുടരും, സത്യന്‍ അന്തിക്കാട് ചിത്രം ഹൃദയപൂര്‍വ്വവുമെല്ലാം വലിയ ഇംപാക്ടാണ് കേരള ബോക്‌സ് ഓഫീസില്‍ സൃഷ്ടിച്ചത്.
എമ്പുരാന്‍ റിലീസായതിന് ശേഷം തിയേറ്റര്‍ മേഖലയിലുണ്ടായ മാറ്റങ്ങളെക്കുറിച്ച് എറണാകുളം ഷേണായിസ് തിയേറ്റര്‍ ഉടമ സുരേഷ് ഷേണായ് ഒരഭിമുഖത്തില്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വീണ്ടും വൈറലാവുന്നത്.
സുരേഷ് ഷേണായ്. Photo: screen grab/cue studio/ youtube.com
ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ വലിയ പ്രതികരണമാണ് എമ്പുരാന്‍ റിലീസ് ചെയ്തപ്പോള്‍ പ്രേക്ഷകരില്‍ നിന്നും ലഭിച്ചതെന്ന് സുരേഷ് ഷേണായ് പറയുന്നത് കേള്‍ക്കാം. സാധാരണ ഗതിയില്‍ മൂന്നാമത്തെയും നാലാമത്തെയും ആഴ്ച്ചയില്‍ കൂടി കിട്ടേണ്ട കളക്ഷന്‍ കൂടി ചേര്‍ത്താണ് ആദ്യ ആഴ്ച്ചയില്‍ ചിത്രത്തിന് ലഭിച്ചതെന്നും ലൂസിഫര്‍ എന്ന ചിത്രത്തിന്റെ സ്വീകലായതിനാല്‍ വലിയ എക്‌സൈറ്റ്‌മെന്റിലാണ് ചിത്രത്തെ ആള്‍ക്കാര്‍ സ്വീകരിച്ചതെന്നും അദ്ദേഹം പറയുന്നു. ഫെബ്രുവരി മാര്‍ച്ച് മാസങ്ങളില്‍ നേരിട്ട മോശം അവസ്ഥ എമ്പുരാന്റെ റിലീസോടെ അവസാനിച്ചെന്നും ആളുകള്‍ തിയേറ്ററിലേക്ക് തിരിച്ചെത്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദൃശ്യം 3ക്ക് പോസിറ്റീവ് റിവ്യൂ ലഭിച്ചാല്‍ എമ്പുരാന് ലഭിച്ചതിലും വലിയ വിജയം ചിത്രത്തിന് ലഭിക്കുമെന്ന പ്രതീക്ഷയോടെയാണ് മോഹന്‍ലാല്‍ ആരാധകര്‍ വീഡിയോ ഏറ്റെടുത്തിരിക്കുന്നത്. 2019 ല്‍ പുറത്തിറങ്ങിയ ലൂസിഫറിന്റെ വിജയത്തിന് ശേഷം വലിയ ആവേശത്തോടെ കാത്തിരുന്ന എമ്പുരാന് വലിയ ഹൈപ്പാണ് സിനിമാ പ്രേക്ഷകരില്‍ നിന്നും ലഭിച്ചിരുന്നത്.
റിലീസിന് ആഴ്ച്ചകള്‍ മുമ്പ് തന്നെ കേരളത്തിലെ പ്രധാനപ്പെട്ട തിയേറ്ററുകളിലെ ടിക്കറ്റുകളെല്ലാം വിറ്റുതീര്‍ന്നതടക്കം വലിയ വാര്‍ത്തയായിരുന്നു. സമാനമായ വാര്‍ത്തകളാണ് ഏപ്രില്‍ രണ്ടിന് പുറത്തിറങ്ങാനിരിക്കുന്ന ദൃശ്യം 3യുമായി ബന്ധപ്പെട്ട് പുറത്തുവരുന്നത്. തൃശൂരിലെ രാഗമടക്കം പ്രധാനപ്പെട്ട തിയേറ്ററുകളിലെല്ലാം ആദ്യത്തെ ആഴ്ച്ചകളിലേക്കുള്ള ടിക്കറ്റുകളെല്ലാം വിറ്റുതീര്‍ന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
എമ്പുരാനെക്കാള്‍ കൂടുതല്‍ ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമാണ് ദൃശ്യമെന്നും മലയാള സിനിമാ പ്രേമികള്‍ മാത്രമല്ല ലോകമെമ്പാടുമുള്ള പ്രേക്ഷകരെല്ലാം ഒന്നടങ്കം ജോര്‍ജ് കുട്ടിക്കായി കാത്തിരിക്കുന്നുണ്ടെന്നുമാണ് ആരാധകരുടെ വാദം. മലയാളത്തിലെ ത്രില്ലര്‍ സിനിമകളുടെ തലവര മാറ്റിമറിച്ച ചിത്രത്തിന്റെ രണ്ടാം ഭാഗം കൊവിഡ് പ്രതിസന്ധികള്‍ കാരണം ഒ.ടി.ടിയിലായിരുന്നു റിലീസ് ചെയ്തിരുന്നത്. ഇതിന്റെ എല്ലാ ക്ഷീണവും മൂന്നാം ഭാഗത്തിലൂടെ തീര്‍ക്കാനുള്ള ഒരുക്കത്തിലാണ് ആരാധകര്‍.
Content Highlight: Old interview video of Theatre owner goes viral in view of Drishyam 3 release
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.