ഗോവയിൽ ഓലക്കും യൂബറിനും പ്രവേശനമില്ല: മുഖ്യമന്ത്രി പ്രമോദ് സാവന്ത്
national news
ഗോവയിൽ ഓലക്കും യൂബറിനും പ്രവേശനമില്ല: മുഖ്യമന്ത്രി പ്രമോദ് സാവന്ത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 14th June 2025, 8:39 am

പനാജി: ഗോവയിൽ ഓലക്കും യൂബറിനും പ്രവേശനമില്ലെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത്. തീരദേശ മേഖലയിലുള്ള എം.എൽ.എമാരുടെ സമ്മർദങ്ങൾക്ക് പിന്നാലെ ഓല, യൂബർ തുടങ്ങിയ ക്യാബ് അഗ്രഗേറ്റർമാരെ ഗോവയിൽ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത് പ്രഖ്യാപിച്ചതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

കരട് ഗതാഗത മാർഗനിർദേശങ്ങളെക്കുറിച്ച് ഗോവയിലെ പരമ്പരാഗത ടാക്സി ഓപ്പറേറ്റർമാർ ആശങ്ക ഉന്നയിച്ചതോടെ തീരദേശ മേഖലയിലുള്ള എം.എൽ.എമാർ പ്രമോദ് സാവന്തുമായി ചർച്ച നടത്തുകയായിരുന്നു. തുടർന്ന് സംസ്ഥാന സർക്കാർ മാർഗനിർദേശങ്ങൾ മാറ്റണമെന്നും ടാക്സി ഓപ്പറേറ്റർമാർക്കായി ഒരു സംവിധാനം ഏർപ്പെടുത്തണമെന്നും തീരദേശ എം.എൽ.എമാർ പറഞ്ഞു.

തുല്യ ടാക്സി നിരക്കുകൾക്കുള്ള ഒരു സംവിധാനം സർക്കാർ ഏർപ്പെടുത്തണമെന്ന് എം.എൽ.എമാർ ആവശ്യപ്പെട്ടു. മന്ദ്രേം എം.എൽ.എ ജിത് അരോൽക്കർ, കലാൻഗുട്ട് എം.എൽ.എ മൈക്കൽ ലോബോ എന്നിവരുമായാണ് പ്രമോദ് സാവന്ത് കൂടിക്കാഴ്ച നടത്തിയത്‍.

ചർച്ചക്ക് ശേഷം മാധ്യമപ്രവർത്തകരെ പ്രമോദ് സാവന്ത് ആശങ്ക വേണ്ടെന്ന് പറഞ്ഞു. ‘ജനങ്ങൾക്കിടയിൽ ഒരു ആശയക്കുഴപ്പവും ഉണ്ടാകരുത്. പുറപ്പെടുവിച്ചത് അഗ്രഗേറ്റർമാർക്കുള്ള ഒരു മാർഗനിർദേശം മാത്രമാണ്. ഓലയും യൂബറും ഇവിടെ വരില്ല. ഹോട്ടലുകൾ, ടാക്സികൾ, എന്നിവരുൾപ്പെടെ എല്ലാവരെയും കണക്കിലെടുത്ത് ഒരു സംവിധാനം ഒരുക്കും. ഈ പ്രശ്നം ഞങ്ങൾ പരിഹരിക്കും. എല്ലാവരും ശാന്തരായിരിക്കണം,’ മുഖ്യമന്ത്രി പറഞ്ഞു.

ഒപ്പം ചർച്ച കഴിഞ്ഞ് പുറത്തിറങ്ങിയ എം.എൽ.എ ജിത് അരോൽക്കർ ഓല, യൂബർ തുടങ്ങിയ ടാക്സി കമ്പനികൾ ഗോവയിലേക്ക് വരുമോ എന്ന ടാക്സി ഓപ്പറേറ്റർമാർക്കിടയിലെ ആശങ്ക പരിഹരിക്കുക എന്നതാണ് യോഗത്തിന്റെ ലക്ഷ്യമെന്ന് പറഞ്ഞു. യോഗത്തിൽ, സംസ്ഥാനത്തുടനീളം തുല്യ ടാക്സി നിരക്കുകൾ ഏർപ്പെടുത്താൻ തീരുമാനിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

Content Highlight: Ola, Uber not coming to Goa: CM Sawant