വേണുവിന്റെ ആ ഉദ്‌ബോധനത്തെക്കുറിച്ച് വീണ്ടും
Opinion
വേണുവിന്റെ ആ ഉദ്‌ബോധനത്തെക്കുറിച്ച് വീണ്ടും
Administrator
Saturday, 14th July 2018, 7:57 pm

മാതൃഭൂമി ചാനലിലെ വാര്‍ത്താവതാരകന്‍ വേണുവിനെതിരെ പൊലീസ് കേസെടുത്തത് ശരിയായില്ലെന്ന് വിശ്വസിക്കുന്നവരില്‍ ഒരാളാണ് ഞാന്‍. വേണു ഉള്‍പ്പടെയുള്ള മുഖ്യധാരാ മാധ്യമപ്രവര്‍ത്തകരില്‍ പലരും വാര്‍ത്താവതരണമെന്ന പേരില്‍ നടത്തുന്ന ആഭാസപ്രകടനങ്ങളോട് പരമപുച്ഛമാണെങ്കിലും, അത്തരക്കാരെ അധികാരവും ആള്‍ക്കൂട്ടബലവും കൊണ്ട് നിശ്ശബ്ദരാക്കാനുള്ള ശ്രമത്തോട് യോജിക്കാനാവില്ല. അവരുടെ അജന്‍ഡകളെയും അജ്ഞതയെയും നിക്ഷിപ്ത താല്‍പര്യങ്ങളെയും തുറന്നുകാണിക്കുകയും വിമര്‍ശിക്കുകയുമാണ് നാം ചെയ്യേണ്ടത്. മാധ്യമവിമര്‍ശനത്തിനുപകരം മാധ്യമങ്ങളെ രാഷ്ട്രീയശക്തിയും കോടതിവ്യവഹാരങ്ങളുംകൊണ്ട് നേരിടുന്നത് അസഹിഷ്ണുതയല്ലാതെ മറ്റൊന്നുമല്ല. അത് ജനാധിപത്യസമൂഹത്തിന് ചേര്‍ന്നതല്ല. അതുകൊണ്ടാണല്ലോ വിമര്‍ശനം ഉന്നയിക്കുന്ന മാധ്യമങ്ങളെയും മാധ്യമപ്രവര്‍ത്തകരെയും ആക്രമിക്കുന്ന മോദി സര്‍ക്കാരിനെതിരെ ജനാധിപത്യവാദികള്‍ക്ക് പ്രതിഷേധിക്കേണ്ടിവരുന്നത്.

ചാനലുകളിലെ അനാശാസ്യതകള്‍ക്കെതിരെ പരാതിപ്പെടാന്‍ ഒരു ഔദ്യോഗിക സംവിധാനം ഇന്ത്യയിലുണ്ട്. ബ്രോഡ്കാസ്റ്റിങ്ങ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി. പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയിലും മാധ്യമങ്ങള്‍ക്കെതിരെ ഏത് പൗരനും പരാതിപ്പെടാം. തങ്ങളുടെ ചാനലിനെതിരെയുള്ള പരാതികള്‍ ബ്രോഡ്കാസ്റ്റിങ്ങ് അതോറിറ്റിക്ക് നല്‍കാനുള്ള വിലാസം എല്ലാ ചാനലുകളും നിയമപ്രകാരം സക്രീനില്‍ നിത്യേന കാണിക്കാറുമുണ്ട്. വേണുവിന്റെ വിവാദഭാഷണം വാസ്തവത്തില്‍ ആ അതോറിറ്റിയുടെ പരിഗണനയ്ക്ക് വന്നിരുന്നുവെങ്കില്‍ അതിന്മേലുണ്ടാവുന്ന പരാമര്‍ശം മറ്റ് മാധ്യമപ്രവര്‍ത്തകര്‍ക്കും ബാധകമാവുമായിരുന്നു. പക്ഷെ, അവിടെയാരും പരാതിപ്പെട്ടതായി അറിവില്ല. പകരം അയാള്‍ക്കെതിരെ സാമൂഹിക മാധ്യമങ്ങളില്‍ കൊലവിളി ഉയരുന്നതാണ് കേള്‍ക്കുന്നത്. മാധ്യമങ്ങളെ ആക്രമിച്ച് ഇല്ലാതാക്കുകയല്ല, അവയെ ശുദ്ധീകരിക്കുകയാണ് വേണ്ടതെന്ന ജനാധിപത്യബോധം മലയാളികള്‍ക്ക് പലപ്പോഴും നഷ്ടമാവുന്നുവെന്നതും കാണാതിരിക്കേണ്ടതില്ല. ഈ “സിനിസിസം” ഫാസിസ്റ്റുകളെയാണ് സഹായിക്കുക. വിമര്‍ശനങ്ങളെ ഭയക്കുന്ന ഭരണകൂടങ്ങള്‍ ആഗ്രഹിക്കുന്നതുപോലെ മാധ്യമങ്ങളുടെ വിശ്വാസ്യത തകര്‍ക്കുകയല്ല, അവയെ നേര്‍വഴിക്ക് നയിക്കുകയാണ് ജനാധിപത്യസമൂഹത്തിന്റെ ഉത്തരവാദിത്വം. എല്ലാ മാധ്യമങ്ങളും ഒരുപോലെ ജനവിരുദ്ധമാണെന്ന സാമാന്യവല്‍ക്കരണം ജനാധിപത്യവിരുദ്ധരുടെ മുദ്രാവാക്യമാണ്. നിക്ഷിപ്ത താല്‍പ്പര്യങ്ങള്‍ക്കിടയിലും ഭരണകൂടഭീകരതകളെ തുറന്നുകാണിക്കുന്ന ഒരു പ്രതിപക്ഷമായി ഇന്ത്യന്‍ മാധ്യമങ്ങളില്‍ ഒരു ചെറുവിഭാഗമെങ്കിലുമുണ്ടെന്നത് വാസ്തവമാണ്.

വേണുവിലേക്ക് മടങ്ങിവരാം. മുഖ്യമന്ത്രിയെ ആക്രമിക്കുവാനായി മുസ്‌ലീം മതവിശ്വാസികളെയും വര്‍ഗ്ഗീയതയെയും കൂട്ടുപിടിക്കാനുള്ള വേണുവിന്റെ ശ്രമം അപലപനീയം മാത്രമല്ല അപായകരവുമാണ്. പലരും പറയുമ്പോലെ മുഖ്യമന്ത്രിയെ വിമര്‍ശിച്ചുവെന്നതല്ല എന്റെ പരാതി. മുഖ്യമന്ത്രി വിമര്‍ശനാതീതനൊന്നുമല്ലെന്ന് ആര്‍ക്കാണറിയാത്തത്. മുഖ്യമന്ത്രിയെ വിമര്‍ശിക്കാന്‍ മതവികാരത്തെ മറയാക്കിയെന്നതാണ് ഈ സംഭവത്തിലെ ഗുരുതരമായ കുറ്റം. പൊതുവെ, വിമര്‍ശകരായ മാധ്യമപ്രവര്‍ത്തകരോടും മാധ്യമങ്ങളോടും തെല്ലും സഹിഷ്ണുതയില്ലാത്തവരാണ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ വക്താക്കളായി ചാനല്‍ ചര്‍ച്ചകളില്‍ പ്രത്യക്ഷപ്പെടുന്ന രാഷ്ട്രീയോപജീവികളെന്നും എല്ലാവര്‍ക്കുമറിയാം. രാജാവിനേക്കാള്‍ രാജഭക്തിയുള്ള ഈ വായാടികള്‍ക്കും മോദിഭക്തരായ സംബിത് പാത്രയെപ്പോലുള്ള ബി.ജെ.പി വക്താക്കള്‍ക്കും തമ്മിലുള്ള സാദൃശ്യം ആരെയും അമ്പരപ്പിക്കുന്നതുമാണ്. ഇടത്-വലത് രാഷ്ട്രീയക്കാരുടെ അസഹിഷ്ണുതയെക്കുറിച്ചല്ല ഈ കുറിപ്പെന്നതിനാല്‍ അതേക്കുറിച്ച് ഉപന്യസിക്കേണ്ടതില്ല.

ടി.വി. ജേര്‍ണലിസത്തില്‍ നിരവധി വര്‍ഷങ്ങളുടെ പരിചയവും തെളിഞ്ഞ രാഷ്ട്രീയബോധവുമുള്ള ഒരു മാധ്യമപ്രവര്‍ത്തകന്‍, സാമൂഹികസാക്ഷരതയില്ലാത്ത ഒരു വാടകവായാടിയായി പെരുമാറാന്‍ മുതിര്‍ന്നുവെന്നത് മാധ്യമപ്രവര്‍ത്തകര്‍ക്കാകെ നാണക്കേടുണ്ടാക്കുന്നതുമാണ്. എന്നുമല്ല, സകല മതങ്ങളും ന്യൂനപക്ഷ-ഭൂരിപക്ഷ വര്‍ഗ്ഗീയതകളും ആധിപത്യത്തിനായി പരസ്പരം മത്സരിക്കുന്ന ഹിംസാത്മകത നിറഞ്ഞ ഇതുപോലൊരു കെട്ട കാലത്ത് മതവികാരങ്ങളെ ഊതിക്കത്തിക്കുകയെന്നത് മാപ്പര്‍ഹിക്കാത്ത കുറ്റകൃത്യവുമാണ്. വേണു അത് ചെയ്തുവെന്നത് നേരാണ്. തനിക്കുപറ്റിയ ആ തെറ്റ് സ്വന്തം ചാനലിലൂടെ ഏറ്റുപറയുകയും അതാവര്‍ത്തിക്കില്ലെന്ന് ഉറപ്പുവരുത്തുകയുമായിരുന്നു അദ്ദേഹം ചെയ്യേണ്ടിയിരുന്നത്. അത് ഇനിയും ചെയ്യാവുന്നതേയുള്ളൂ. അതില്‍ നാണിക്കാനൊന്നുമില്ല. എന്നുതന്നെയല്ല, ഉത്തരവാദിത്വബോധവും സാമൂഹികപ്രതിബദ്ധതയുമുള്ള ഒരു മാധ്യമപ്രവര്‍ത്തകന്റെ ധാര്‍മ്മികമായ ഉത്തരവാദിത്വവുമാണത്. വേണു അതിന് തയ്യാറാകണമെന്നാണ് എന്നെപ്പോലുള്ള മാധ്യമപ്രവര്‍ത്തകര്‍ ആഗ്രഹിക്കുന്നത്. കാരണം വേണു ചെയ്തത് തീര്‍ത്തും അധാര്‍മ്മികവും തൊഴില്‍മര്യാദകള്‍ക്ക് നിരക്കാത്തതുമായ കുറ്റമാണ്. ആ ഉദ്‌ബോധനപ്രസംഗം കേള്‍ക്കാനിടയായവരിലൊരാളുടെ ഉറച്ച ബോധ്യമാണത്.

ഇടതുപക്ഷ രാഷ്ട്രീയത്തിന്റെയും മാര്‍ക്‌സിസം പഠനത്തിന്റെയും, ദീര്‍ഘമായ ജനപക്ഷ മാധ്യമപ്രവര്‍ത്തനത്തിന്റെയും മികച്ച പശ്ചാത്തലമുള്ള വേണുവിനെപ്പോലൊരു വാര്‍ത്താവതാരകന്‍ അര്‍ണാബ് ഗോസ്വാമിയെപ്പോലെ അപഹാസ്യനായ ഒരു കോമാളിയാകേണ്ടതില്ല. ഗോസ്വാമിയുടെ ഹിസ്റ്റീരിയ സംഘപരിവാരത്തിന് കവചമൊരുക്കാന്‍ ബോധപൂര്‍വ്വം സൃഷ്ടിക്കപ്പെട്ടതാണ്. വേണുവിന് അത്തരം വര്‍ഗ്ഗീയരാഷ്ട്രീയത്തിന്റെ അജന്‍ഡകളൊന്നുമില്ലെന്ന് അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകര്‍ക്കെന്നപോലെ എനിക്കുമറിയാം. സ്വന്തം പ്രേക്ഷകരോടുള്ള സത്യസന്ധമായ ഒരു കുമ്പസാരത്തിലൂടെ വേണുവിന് തന്റെ മാധ്യമപ്രവര്‍ത്തകനെന്ന നിലയിലുള്ള ധാര്‍മ്മികതയെ വീണ്ടെടുക്കാവുന്നതേയുള്ളൂ. അതിന് വേണു തയ്യാറാകുമെങ്കില്‍, കേരളത്തിലെ മാധ്യപ്രവര്‍ത്തകര്‍ക്കാകെ അതൊരു നല്ല മാതൃകയാവും. സമയം ഇനിയും വൈകിയിട്ടില്ല