മോസ്‌കോ: ഉക്രൈന്‍ റഷ്യക്കെതിരായ ആക്രമണം ശക്തമാക്കിയതിന് പിന്നാലെ എണ്ണവില ഉയര്‍ന്നു. ഇന്നലെ (ഞായറാഴ്ച) ഉക്രൈന്‍ റഷ്യയില്‍ ഡ്രോണ്‍ ആക്രമണം നടത്തിയിരുന്നു. പിന്നാലെ റഷ്യയിലെ ഏറ്റവും വലിയ ആണവ നിലയങ്ങളില്‍ ഒന്നായ റിയാക്ടറിന്റെ ശേഷിയില്‍ കുത്തനെ ഇടിവുണ്ടായി എന്നാണ് റിപ്പോര്‍ട്ടുകള്‍.
അതിനൊപ്പം ഉസ്റ്റ്-ലുഗ ഇന്ധന കയറ്റുമതി ടെര്‍മിനലില്‍ വന്‍ തീപിടുത്തത്തിന് കാരണമാകുകയും ചെയ്തു. പിന്നാലെയാണ് ഇന്ന് വീണ്ടും എണ്ണവില ഉയര്‍ന്നത്. ഇതോടെ റഷ്യയുടെ എണ്ണ വിതരണം തടസപ്പെടുമോ എന്ന ആശങ്ക വര്‍ധിച്ചിട്ടുണ്ട്.
ഉക്രൈനിന്റെ ഡ്രോണ്‍ ആക്രമണത്തെ തുടര്‍ന്ന് റഷ്യയിലെ നോവോഷാഖ്റ്റിന്‍സ്‌ക് റിഫൈനറിയില്‍ ഉണ്ടായ തീപിടുത്തം ഇപ്പോഴും ആളിപ്പടരുകയാണെന്ന് മേഖലയിലെ ആക്ടിങ് ഗവര്‍ണര്‍ ഇന്നലെ അറിയിച്ചിരുന്നു. ഇവിടെ നിന്നാണ് പ്രധാനമായും കയറ്റുമതിക്കുള്ള ഇന്ധനം നല്‍കുന്നത്.
ഡ്രോണ്‍ ആക്രമണത്തിന് പിന്നാലെ കുര്‍സ്‌ക് ആണവ നിലയത്തില്‍ തീപിടുത്തം ഉണ്ടാകുകയും ഒരു ഓക്‌സിലറി ട്രാന്‍സ്‌ഫോര്‍മറിന് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തതായി ഇന്നലെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. പ്ലാന്റിന്റെ ഒരു യൂണിറ്റിന്റെ പ്രവര്‍ത്തന ശേഷി കുറഞ്ഞു.
ഇന്നലെ (ആഗസ്റ്റ് 24) ഉക്രൈന്‍ സ്വാതന്ത്ര്യം നേടിയതിന്റെ 34ാം വാര്‍ഷികമായിരുന്നു. ഈ ദിവസം രാത്രി തന്നെയാണ് തങ്ങളുടെ ആണവ നിലയങ്ങള്‍ക്ക് നേരെ ഡ്രോണ്‍ ആക്രമണങ്ങള്‍ ഉക്രൈന്‍ നടത്തിയതെന്ന് റഷ്യ ആരോപിച്ചു. എന്നാല്‍ ആക്രമണത്തില്‍ ആളപായമൊന്നും ഉണ്ടായിട്ടില്ല.
അതേസമയം ഇന്നലെ രാത്രി വരെ റഷ്യന്‍ പ്രദേശത്തിന് മുകളിലൂടെ പറന്ന 95 ഉക്രൈനിയന്‍ ഡ്രോണുകള്‍ തങ്ങളുടെ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ തടഞ്ഞതായി റഷ്യന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
Content Highlight: Oil Price Rise After Attack Of Ukraine In Russia