'അഴിമതിക്ക് പേരുകേട്ട കേന്ദ്രഭരണം തച്ചുടക്കാൻ താമരക്ക് കൊടി പിടിക്കൂ മക്കളേ'; വിവാദമായി സുരേന്ദ്രന്റെ പദയാത്ര ഗാനം
Kerala News
'അഴിമതിക്ക് പേരുകേട്ട കേന്ദ്രഭരണം തച്ചുടക്കാൻ താമരക്ക് കൊടി പിടിക്കൂ മക്കളേ'; വിവാദമായി സുരേന്ദ്രന്റെ പദയാത്ര ഗാനം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 21st February 2024, 1:59 pm

കോഴിക്കോട്: അഴിമതിക്ക് പേരുകേട്ട കേന്ദ്രഭരണം തച്ചുടക്കാൻ അണികളോട് ആവശ്യപ്പെട്ട് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്റെ പദയാത്രയിലെ ഔദ്യോഗിക ഗാനം.

യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി.കെ. ഫിറോസാണ് ഫേസ്ബുക്കിലൂടെ ഗാനം പങ്കുവെച്ചത്.

ആദ്യമായാണ് സുരേന്ദ്രന്റെ പരിപാടിയിൽ നിന്ന് ഒരു സത്യം കേൾക്കുന്നത് എന്ന പരിഹാസത്തോടെയായിരുന്നു ഫിറോസ് ബി.ജെ.പി പദയാത്രയുടെ ഔദ്യോഗിക ഗാനത്തിന്റെ വീഡിയോ ഷെയർ ചെയ്തത്.

‘അഴിമതിക്ക് പേരുകേട്ട കേന്ദ്രഭരണ തന്ത്രമിന്ന് തച്ചുടക്കാൻ അണിനിരക്ക കൂട്ടരേ, താമരക്ക് കൊടി പിടിക്കൂ മക്കളേ’ എന്നിങ്ങനെയാണ് ഗാനത്തിലെ വരികൾ.

വീഡിയോ ഗാനം തയ്യാറാക്കിയ ഐ.ടി സെല്ലിനെതിരെ പദയാത്ര അവലോകന യോഗത്തിൽ വിമർശനമുണ്ടായി എന്നാണ് റിപ്പോർട്ടുകൾ.

പദയാത്രയുടെ ഭാഗമായി കോഴിക്കോട് മുതലക്കുളത്ത് നടന്ന പരിപാടിയുടെ പോസ്റ്റർ നേരത്തെ വിവാദമായിരുന്നു.

ഉച്ചഭക്ഷണം എസ്.സി, എസ്.ടി നേതാക്കളൊന്നിച്ച് എന്ന് പോസ്റ്ററിന്റെ കാര്യപരിപാടിയിൽ ഉൾപ്പെടുത്തിയതിനെതിരെ ശക്തമായ പ്രതിഷേധം നിലനിൽക്കുകയാണ്. ജാതീയമായ അധിക്ഷേപത്തിന്റെ അങ്ങേയറ്റമാണ് ബി.ജെ.പിയുടെ പോസ്റ്ററെന്നാണ് വിമർശനം.

പദയാത്രയെന്ന പേരിൽ നടത്തുന്ന ബി.ജെ.പി സംഗമം ഒരു തീർത്ഥ യാത്രക്ക് തുല്യമാണെന്നാണ് പോസ്റ്ററുകളിലൂടെ മനസിലാവുന്നതെന്നും വിമർശനമുണ്ട്.

ക്ഷേത്ര ദർശനവും, പുഷ്പ്പാർച്ചനയും, മാറാട് അരയ സമാജത്തിൽ നിന്നുള്ള പ്രഭാത ഭക്ഷണവും അടങ്ങുന്നതായിരുന്നു കെ. സുരേന്ദ്രന്റെ കോഴിക്കോടിലെ പദയാത്ര.
അതേസമയം കേരള പദയാത്ര ബി.ഡി.ജെ.എസ് ബഹിഷ്‌കരിക്കുകയുണ്ടായി.

കോഴിക്കോട് നടന്ന പരിപാടിയിൽ ബി.ഡി.ജെ.എസ് നേതാക്കൾ പങ്കെടുത്തിരുന്നില്ല. എൻ.ഡി.എയുടെ പരിപാടികളിൽ ബി.ഡി.ജെ.എസിനെ തഴയുന്നുവെന്ന് ആരോപിച്ചാണ് ബഹിഷ്‌കരണമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

Content highlight: Official song in Surendran’s Padayatra asking to assemble and demolish central government of corruption