ഓണക്കാലത്ത് എത്തിയ ചിത്രങ്ങളിലൊന്നായിരുന്നു ഫഹദ് നായകനായി എത്തിയ ഓടും കുതിര ചാടും കുതിര. ആവേശത്തിന് ശേഷം ഫഹദ് ഫാസിൽ നായകനാകുന്ന മലയാള സിനിമ, ഞണ്ടുകളുടെ നാട്ടിൽ ഒരിടവേളയുടെ സംവിധായകൻ അൽത്താഫ് സലിം എന്നിങ്ങനെ ചിത്രത്തിന് റിലീസിന് മുമ്പ് ലഭിച്ച ഹൈപ്പ് ചെറുതായിരുന്നില്ല. അൽത്താഫ് തന്നെയാണ് ചിത്രത്തിന് തിരക്കഥ തയ്യാറാക്കിയതും.
ഓഗസ്റ്റ് 29നായിരുന്നു ഓടും കുതിര ചാടും കുതിര റിലീസ് ചെയ്തത്. ഇപ്പോഴിതാ ചിത്രം ഒ.ടി.ടിയിലേക്ക് എത്താൻ പോകുകയാണ്. സെപ്റ്റംബർ 26ന് നെറ്റ്ഫ്‌ളിക്‌സിലൂടെ ചിത്രം പ്രേക്ഷകർക്ക് കാണാൻ സാധിക്കും.
സ്വപ്നത്തിന്റെയും റിയാലിറ്റിയുടെയും ഇടയിൽ കുരുങ്ങിപോകുന്ന എബി മാത്യുവിന്റെയും നിധിയുടെയും കഥയാണ് ഓടും കുതിര ചാടും കുതിര പറയുന്നത്. കല്യാണത്തിന്റെ അന്ന് രാവിലെ മണവാളൻ ഹലുവാ കഷ്ണം പോലത്തെ കുതിരപ്പുറത്തുവരണമെന്ന് സ്വപ്നം കണ്ട മണവാട്ടിയുടെ ആഗ്രഹസഫലീകരണം വരുത്തിവെച്ച പൊല്ലാപ്പുകളാണ് സിനിമയുടെ ഇതിവൃത്തം.
എന്നാൽ തിയേറ്ററിൽ അത്ര വിജയം കാണാൻ ഓടും കുതിര ചാടും കുതിരയ്ക്ക് സാധിച്ചിരുന്നില്ല. റോം കോം ഴോണറിലെത്തിയ ചിത്രത്തിന് ആദ്യദിനം തന്നെ മോശം പ്രതികരണങ്ങളായിരുന്നു ലഭിച്ചത്. ആദ്യവാരത്തിൽ തന്നെ പല സെന്ററുകളിൽ നിന്നും ചിത്രം നീക്കം ചെയ്യപ്പെട്ടിരുന്നു.
30 കോടി ബജറ്റിലെത്തിയ ചിത്രം ബോക്സ് ഓഫീസിൽ നിന്ന് നാല് കോടി മാത്രമാണ് നേടിയത്. ഇതോടെ സമീപകാലത്ത് ഒരു ബിഗ് ബജറ്റ് ചിത്രത്തിന്റെ ഏറ്റവും മോശം കളക്ഷൻ ഓടും കുതിര ചാടും കുതിര സ്വന്തമാക്കിയിരിക്കുകയാണ്.
നിധിയായി കല്യാണി പ്രിയദർശനും എബിയായി ഫഹദ് ഫാസിലുമാണ് ചിത്രത്തിൽ എത്തിയിരിക്കുന്നത്.
ഫഹദ് ഫാസിലിന് പുറമേ കല്യാണി പ്രിയദർശൻ, രേവതി പിള്ള, വിനയ് ഫോർട്ട്, സുരേഷ് കൃഷ്ണ, മണിയൻ പിള്ള രാജു, ലാൽ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. മലയാളത്തിന് നിരവധി ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസാണ് ചിത്രത്തിന്റെ നിർമാണം.