ബജറ്റ് 30 കോടി, കളക്ഷന്‍ നാല് കോടി, ബോക്‌സ് ഓഫീസില്‍ ഫഹദിന് ഇത് കഷ്ടകാലം
Malayalam Cinema
ബജറ്റ് 30 കോടി, കളക്ഷന്‍ നാല് കോടി, ബോക്‌സ് ഓഫീസില്‍ ഫഹദിന് ഇത് കഷ്ടകാലം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 17th September 2025, 5:33 pm

ഓണം റിലീസുകളില്‍ പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു ഓടും കുതിര ചാടും കുതിര. ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളക്ക് ശേഷം അല്‍ത്താഫ് സലിം സംവിധാനം ചെയ്ത ചിത്രത്തില്‍ ഫഹദ് ഫാസിലും കല്യാണി പ്രിയദര്‍ശനുമായിരുന്നു പ്രധാന താരങ്ങള്‍. വലിയ പ്രതീക്ഷയിലെത്തിയ ചിത്രത്തെ പ്രേക്ഷകര്‍ കൈയൊഴിയുകയായിരുന്നു.

റോം കോം ഴോണറിലെത്തിയ ചിത്രത്തിന് ആദ്യദിനം തന്നെ മോശം പ്രതികരണങ്ങളായിരുന്നു ലഭിച്ചത്. മികച്ച കോമഡികള്‍ ആദ്യപകുതിയിലുണ്ടായിട്ടും രണ്ടാം പകുതിയില്‍ ചിത്രത്തിന്റെ കഥ കൈവിട്ടുപോയെന്നായിരുന്നു പലരും അഭിപ്രായപ്പെട്ടത്. ആദ്യവാരത്തില്‍ തന്നെ പല സെന്ററുകളില്‍ നിന്നും ചിത്രം നീക്കം ചെയ്യപ്പെട്ടു.

ഇപ്പോഴിതാ ചിത്രത്തിന്റെ കളക്ഷന്‍ റിപ്പോര്‍ട്ട് ട്രാക്കര്‍മാര്‍ പുറത്തുവിട്ടിരിക്കുയാണ്. 30 കോടി ബജറ്റിലെത്തിയ ചിത്രം ബോക്‌സ് ഓഫീസില്‍ നിന്ന് നാല് കോടി മാത്രമാണ് നേടിയത്. ഇതോടെ സമീപകാലത്ത് ഒരു ബിഗ് ബജറ്റ് ചിത്രത്തിന്റെ ഏറ്റവും മോശം കളക്ഷന്‍ ഓടും കുതിര ചാടും കുതിര സ്വന്തമാക്കിയിരിക്കുകയാണ്.

സോളോ ഹീറോയായുള്ള ഫഹദിന്റെ ഫ്‌ളോപ്പ് സ്ട്രീക്കും ഇതോടൊപ്പം തുടരുകയാണ്. കൊവിഡിന് ശേഷം ഫഹദ് നായകനായെത്തിയ ചിത്രങ്ങളില്‍ ആവേശവും ബോഗെയ്ന്‍വില്ലയും മാത്രമാണ് വിജയിച്ചത്. ബാക്കി ഏഴ് സിനിമകള്‍ പരാജയം രുചിക്കുകയും ചെയ്തു. മികച്ച നടനാണെന്ന് തെളിയിക്കുമ്പോഴും ബോക്‌സ് ഓഫീസ് പ്രകടനത്തില്‍ സ്ഥിരത നിലനിര്‍ത്താന്‍ ഫഹദിന് സാധിക്കുന്നില്ലെന്നാണ് ട്രാക്കര്‍മാര്‍ അഭിപ്രായപ്പെടുന്നത്.

എബി, നിധി എന്നിവരെ ചുറ്റിപ്പറ്റിയാണ് ഓടും കുതിര ചാടും കുതിരയുടെ കഥ വികസിക്കുന്നത്. അല്‍ത്താഫ് സലിമിന്റെ മുന്‍ ചിത്രമായ ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയെപ്പോലെ സീരിയസായ വിഷയത്തെ ഹ്യൂമറിന്റെ പശ്ചാത്തലത്തിനാണ് ഇവിടെയും അവതരിപ്പിച്ചത്. ആദ്യചിത്രത്തില്‍ ക്യാന്‍സറാണ് വിഷയമെങ്കില്‍ രണ്ടാമത്തെ ചിത്രത്തില്‍ ഡിപ്രഷനെയാണ് അല്‍ത്താഫ് തമാശയുടെ പശ്ചാത്തലത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്.

ആഷിഖ് ഉസ്മാനാണ് ചിത്രത്തിന്റെ നിര്‍മാണം. വിനയ് ഫോര്‍ട്ട്, ലാല്‍, സുരേഷ് കൃഷ്ണ, ധ്യാന്‍ ശ്രീനിവാസന്‍, രേവതി പിള്ളൈ, വിനീത് വാസുദേവന്‍, നിരഞ്ജന അനൂപ് തുടങ്ങി വന്‍ താരനിര അണിനിരന്നിട്ടും ചിത്രത്തെ രക്ഷിക്കാന്‍ ഇവക്കൊന്നും സാധിച്ചില്ല. ഓണം റിലീസുകളില്‍ ലോകഃ, ഹൃദയപൂര്‍വം എന്നീ സിനിമകള്‍ വിജയിച്ചപ്പോള്‍ ഓടും കുതിര ചാടും കുതിര പരാജയമയി മാറിയിരിക്കുകയാണ്.

Content Highlight: Odum Kuthira Chaadum Kuthira movie collected just four crore with the budget of 30 crore