നഗരത്തിന്റെ പവിത്രത നഷ്ടപ്പെടും; പുരി ജഗന്നാഥ ക്ഷേത്രത്തിന്റെ രണ്ട് കിലോ മീറ്റര്‍ ചുറ്റളവില്‍ മദ്യവും മാംസാഹാരവും നിരോധിക്കും
national news
നഗരത്തിന്റെ പവിത്രത നഷ്ടപ്പെടും; പുരി ജഗന്നാഥ ക്ഷേത്രത്തിന്റെ രണ്ട് കിലോ മീറ്റര്‍ ചുറ്റളവില്‍ മദ്യവും മാംസാഹാരവും നിരോധിക്കും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 9th June 2025, 8:56 am

ഭുവനേശ്വര്‍: ജഗന്നാഥ് പുരി ക്ഷേത്രത്തിന്റെ രണ്ട് കിലോ മീറ്റര്‍ പരിധിയില്‍ മാംസാഹാരവും മദ്യവും നിരോധിക്കുമെന്ന് ഒഡീഷ സര്‍ക്കാര്‍. സംസ്ഥാന നിയമന്ത്രിയായ പൃഥ്വിരാജ് ഹരിചന്ദന്‍ ആണ് ഇക്കാര്യം അറിയിച്ചത്. ആരാധനാലയം സ്ഥിതി ചെയ്യുന്ന പുണ്യനഗരത്തിന്റെ പവിത്രത നിലനിര്‍ത്തുനുള്ള ശ്രമത്തിന്റെ ഭാഗമായാണ് സര്‍ക്കാര്‍ ഇത്തരം ഒരു തീരുമാനമെടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജഗന്നാഥ ക്ഷേത്രത്തിന്റെ രണ്ട് കിലോ മീറ്റര് ചുറ്റളവില്‍ മദ്യം, മാസാഹാരം എന്നിവയുടെ വില്‍പ്പനയും ബാറിന്റെ പ്രവര്‍ത്തനവും പൂര്‍ണമായും നിരോധിക്കുയാണ്,’ എക്‌സൈസ് മിനിസ്റ്റര്‍ കൂടിയായ ഹരിചന്ദന്‍ പറഞ്ഞു.

ജഗന്നാഥ ക്ഷേത്രത്തിനെ ഗുണ്ടിച ക്ഷേത്രവുമായി ബന്ധിപ്പിക്കുന്ന ഗ്രാന്‍ഡ് റോഡില്‍ മദ്യശാലകളും മാസങ്ങള്‍ വില്‍ക്കുന്ന ഷോപ്പുകളോ പാടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഈ നിരോധനം എപ്പോള്‍ മുതല്‍ നിലവില്‍ വരുമെന്ന് മന്ത്രി വ്യക്തമാക്കിയിട്ടില്ല.

മാംസാഹാരത്തിനും മദ്യത്തിനും സമ്പൂര്‍ണ വിലക്ക് ഏര്‍പ്പെടുത്തിയതിന് പുറമെ ഗ്രാന്‍ഡ് റോഡിലെ എല്ലാ കെട്ടിടങ്ങളുടേയും മുന്‍ ഭാഗത്തെ രൂപവും ഉയരവും ഒരുപോലെയാക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നുണ്ട്.

കേട്ടിടങ്ങള്‍ക്ക് ഏകീകൃത സ്വഭാവം കൊണ്ടുവരാന്‍ ഡിസൈനുകള്‍ രൂപകല്‍പ്പന ചെയ്യാന്‍ ക്ഷേത്രത്തിന്റെ ഭരണസമിതി ഹൗസിങ് ആന്‍ഡ് അര്‍ബന്‍ ഡെവലപ്പമെന്റ് ഡിപ്പാര്‍ട്ട്‌മെന്റിനോട് ഇതിന് മുമ്പ്‌ ആവശ്യപ്പെട്ടിട്ടുണ്ടായിരുന്നു.

കഴിഞ്ഞ മാസം അയോധ്യ രാമക്ഷേത്രത്തിന് സമീപമുള്ള രാമപാഥിന്റെ 14 മീറ്റര്‍ ചുറ്റളവില്‍ മാസവും മദ്യവും നിരോധിച്ച പ്രമേയം നഗരസഭ പാസാക്കിയിരുന്നു. ഇതിന് പുറമെ പാന്‍, ഗുട്ഖ, ബീഡി എന്നിവയുടെ പരസ്യവും നിരോധിച്ചിട്ടുണ്ടായിരുന്നു. അയോധ്യയേയും ഫൈസാബാദിനേയും ബന്ധിപ്പിക്കുന്ന പ്രധാന പാതയാണ് രാംപഥ്.

Content Highlight: Odisha to ban non-veg food, liquor near Jagannath temple in Puri