ഭുവനേശ്വർ: ഒഡീഷയിൽ അധ്യാപകനെതിരെ നൽകിയ ലൈംഗിക പീഡന പരാതി അവഗണയിച്ചതിൽ മനം നൊന്ത് വിദ്യാർത്ഥിനി സ്വയം തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു. ഒഡീഷയിലെ ബാലസോറിലെ ഒരു പ്രമുഖ സർക്കാർ കോളേജിലെ വിദ്യാർത്ഥിനിയാണ് സ്വയം തീകൊളുത്തിയത്. തനിക്കെതിരെ മുതിർന്ന അധ്യാപകനിൽ നിന്നുണ്ടായ ലൈംഗിക പീഡനത്തെക്കുറിച്ച് കോളേജ് അധികൃതർക്ക് വിദ്യാർത്ഥി പരാതി നൽകിയെങ്കിലും അവർ അത് അവഗണിക്കുകയായിരുന്നു.
അധികൃതരുടെ നിഷ്ക്രിയത്വത്തിന് പിന്നാലെ പെൺകുട്ടി ക്യാമ്പസിൽ വെച്ച് സ്വയം തീകൊളുത്തി ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. ശരീരത്തിന്റെ 90 ശതമാനവും പൊള്ളലേറ്റ പെൺകുട്ടി ഇപ്പോൾ ഭുവനേശ്വറിലെ എയിംസിൽ ചികിത്സയിലാണ്. 90 ശതമാനത്തിലധികം പൊള്ളലേറ്റതിനാൽ അവരുടെ നില വളരെ ഗുരുതരമാണെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. ചികിത്സയ്ക്കായി ഡോക്ടർമാരുടെ ഒരു പ്രത്യേക സംഘം രൂപീകരിച്ചിട്ടുണ്ട്.
പെൺകുട്ടിയുടെ ആത്മഹത്യ ശ്രമത്തിന് പിന്നാലെ സംസ്ഥാന സർക്കാർ കോളേജ് പ്രിൻസിപ്പലിനെയും കുറ്റാരോപിതനായ ഫാക്കൽറ്റി അംഗത്തെയും സസ്‌പെൻഡ് ചെയ്തു. കൂടാതെ പ്രിൻസിപ്പലിനെ പൊലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടിയെ രക്ഷിക്കാൻ ശ്രമിച്ച മറ്റൊരു വിദ്യാർത്ഥിക്കും 70 ശതമാനം പൊള്ളലേറ്റിട്ടുണ്ട്.
ഇന്റഗ്രേറ്റഡ് ബി.എഡ് പ്രോഗ്രാമിലെ രണ്ടാം വർഷ വിദ്യാർത്ഥിനിയായ പെൺകുട്ടി, വകുപ്പ് മേധാവിയുടെ പീഡനത്തെ തുടർന്ന് കഴിഞ്ഞ കുറേ ദിവസങ്ങളായി കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്ന് സുഹൃത്തുക്കൾ പറഞ്ഞു. കുറ്റാരോപിതനായ അധ്യാപകനെതിരെ കോളേജ് അധികൃതരോ പൊലീസോ ഒരു നടപടിയും സ്വീകരിക്കാത്തത് പെൺകുട്ടിയെ കൂടുതൽ മാനസികമായി തകർത്തെന്ന് സുഹൃത്തുക്കൾ കൂട്ടിച്ചേർത്തു.
അധ്യാപകനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർത്ഥികൾ ഒരാഴ്ച കോളേജ് കാമ്പസിൽ പ്രതിഷേധവും നടത്തിയിരുന്നു. പെൺകുട്ടി പരാതിയെടുക്കണമെന്ന് ആവശ്യപ്പെട്ട് തന്നെ സമീപിച്ചിരുന്നെന്ന് പ്രിൻസിപ്പാൾ പറഞ്ഞു.
‘വിദ്യാർത്ഥിനി എന്റെ അടുക്കൽ വന്ന് അധ്യപാകനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു. അവൾ പിരിമുറുക്കത്തിലായിരുന്നതിനാൽ ഞാൻ അവളെ കൗൺസിലിങിന് അയച്ചു. ജൂൺ 30ന് വിദ്യാർത്ഥി പരാതി നൽകിയിരുന്നു, ഒരു ആഭ്യന്തര പരാതി സമിതി (ഐ.സി.സി) അന്വേഷണം നടന്നുവരികയാണ്,’ പ്രിൻസിപ്പാൾ പറഞ്ഞു.
അതേസമയം എന്തുകൊണ്ട് പെൺകുട്ടിയുടെ പരാതിയിൽ നടപടിയെടുത്തില്ലെന്ന് ചോദ്യത്തിന് കോളേജ് ആഭ്യന്തര സാമിതി അന്വേഷണം നടത്തുമെന്ന് പറഞ്ഞിരുന്നുവെന്നായിരുന്നു ബാലസോർ എസ്.പിയുടെ മറുപടി.
‘ഈ വിഷയം ഞങ്ങൾ ആഭ്യന്തര പരാതി സമിതിയുമായി ബന്ധപ്പെട്ടു. അവർ അഞ്ച് ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കുമെന്ന് പറഞ്ഞു. അഞ്ച് ദിവസത്തിനുള്ളിൽ റിപ്പോർട്ട് ലഭിക്കാത്തപ്പോൾ, ഞങ്ങൾ അവരോട് വീണ്ടും ആവശ്യപ്പെട്ടു. എത്രയും വേഗം അത് സമർപ്പിക്കുമെന്ന് കമ്മിറ്റി പറഞ്ഞു. കമ്മിറ്റിയുടെ നടപടികളും അവരുടെ അന്വേഷണ നിലയും ഞങ്ങൾ ഇപ്പോൾ പരിശോധിച്ചുകൊണ്ടിരിക്കുകയാണ്,’ എസ്.പി പറഞ്ഞു.
Content Highlight: Odisha student sets herself on fire after sexual harassment complaint ignored